ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്ത്? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന് അവനോടു ഞാൻ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു. അവൻ അവനോട്: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറപ്പാൻ സംഗതി എന്ത്? അങ്ങനെ വരികയില്ല എന്നു പറഞ്ഞു. ദാവീദ് പിന്നെയും അവനോട്: എന്നോട് നിനക്കു പ്രിയമാകുന്നുവെന്ന് നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന് അവൻ ഇതു ഗ്രഹിക്കരുത് എന്ന് അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും മധ്യേ ഒരടി അകലം മാത്രമേയുള്ളൂ എന്നു സത്യംചെയ്തു പറഞ്ഞു. അപ്പോൾ യോനാഥാൻ ദാവീദിനോട്: നിന്റെ ആഗ്രഹം എന്ത്? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു. ദാവീദ് യോനാഥാനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്ക് അനുവാദം തരേണം. നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്‍ലഹേമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോടു താൽപര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിനെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം. കൊള്ളാമെന്ന് അവൻ പറഞ്ഞാൽ അടിയനു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണയിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളേണം. എന്നാൽ അങ്ങുന്ന് അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നുതന്നെ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം? അതിന് യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു. ദാവീദ് യോനാഥാനോട്: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അത് ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു. യോനാഥാൻ ദാവീദിനോട്: വരിക, നമുക്ക് വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
1 ശമൂവേൽ 20 വായിക്കുക
കേൾക്കുക 1 ശമൂവേൽ 20
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1 ശമൂവേൽ 20:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ