1 ശമൂവേൽ 17:40-58

1 ശമൂവേൽ 17:40-58 MALOVBSI

പിന്നെ അവൻ തന്റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്റെ മുമ്പേ നടന്നു. ഫെലിസ്ത്യൻ നോക്കി ദാവീദിനെ കണ്ടപ്പോൾ അവനെ നിന്ദിച്ചു; അവൻ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു. ഫെലിസ്ത്യൻ ദാവീദിനോട്: നീ വടികളുമായി എന്റെ നേരേ വരുവാൻ ഞാൻ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ പിന്നെയും ദാവീദിനോട്: ഇങ്ങോട്ടു വാ; ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കുന്നുണ്ട് എന്നു പറഞ്ഞു. ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരേ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്ന് നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാൻ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സർവഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവൻ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും. പിന്നെ ഫെലിസ്ത്യൻ ദാവീദിനോട് എതിർപ്പാൻ നേരിട്ടടുത്തപ്പോൾ ദാവീദ് ബദ്ധപ്പെട്ട് ഫെലിസ്ത്യനോട് എതിർപ്പാൻ അണിക്കു നേരേ ഓടി. ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്തു കവിണയിൽവച്ച് വീശി ഫെലിസ്ത്യന്റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവൻ കവിണ്ണുവീണു. ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നുമുടിച്ചു; എന്നാൽ ദാവീദിന്റെ കൈയിൽ വാൾ ഇല്ലായിരുന്നു. ആകയാൽ ദാവീദ് ഓടിച്ചെന്ന് ഫെലിസ്ത്യന്റെ പുറത്തു കയറിനിന്ന് അവന്റെ വാൾ ഉറയിൽനിന്നും ഊരിയെടുത്ത് അവനെ കൊന്നു, അവന്റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലൻ മരിച്ചുപോയി എന്നു ഫെലിസ്ത്യർ കണ്ടിട്ട് ഓടിപ്പോയി. യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആർത്തുംകൊണ്ട് ഗത്തും എക്രോൻവാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടർന്നു; ഫെലിസ്ത്യഹതന്മാർ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു. ഇങ്ങനെ യിസ്രായേൽമക്കൾ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു. എന്നാൽ ദാവീദ് ഫെലിസ്ത്യന്റെ തല എടുത്ത് അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്റെ ആയുധവർഗമോ തന്റെ കൂടാരത്തിൽ സൂക്ഷിച്ചുവച്ചു. ദാവീദ് ഫെലിസ്ത്യന്റെ നേരേ ചെല്ലുന്നതു ശൗൽ കണ്ടപ്പോൾ സേനാധിപതിയായ അബ്നേരിനോട്: അബ്നേരേ, ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു ചോദിച്ചതിന് അബ്നേർ: രാജാവേ, തിരുമേനിയാണ ഞാൻ അറിയുന്നില്ല എന്നു പറഞ്ഞു. ഈ ബാല്യക്കാരൻ ആരുടെ മകൻ എന്നു നീ അന്വേഷിക്കേണം എന്നു രാജാവ് കല്പിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർ അവനെ കൂട്ടി ശൗലിന്റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്റെ തലയും അവന്റെ കൈയിൽ ഉണ്ടായിരുന്നു. ശൗൽ അവനോട്: ബാല്യക്കാരാ, നീ ആരുടെ മകൻ എന്നു ചോദിച്ചു; ഞാൻ ബേത്‍ലഹേമ്യനായ നിന്റെ ദാസൻ യിശ്ശായിയുടെ മകൻ എന്നു ദാവീദ് പറഞ്ഞു.