MARKA 12:28-44

MARKA 12:28-44 MALCLBSI

മതപണ്ഡിതന്മാരിൽ ഒരാൾ അവരുടെ സംവാദം കേട്ടു. യേശു അവർക്കു നല്‌കിയ മറുപടി സമുചിതമായിരിക്കുന്നുവെന്നു കണ്ട് അയാൾ അവിടുത്തോടു ചോദിച്ചു: “കല്പനകളിൽ ഏതാണ് പരമപ്രധാനമായിട്ടുള്ളത്?” യേശു പ്രതിവചിച്ചു: “ഇതാണു മുഖ്യ കല്പന: ഇസ്രായേലേ, കേൾക്കുക! സർവേശ്വരനായ നമ്മുടെ ദൈവം ഏക കർത്താവാകുന്നു. നിന്റെ ദൈവമായ സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണമനസ്സോടും പൂർണശക്തിയോടുംകൂടി സ്നേഹിക്കുക; അതുപോലെതന്നെ രണ്ടാമത്തെ കല്പന, നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക എന്നതാകുന്നു. ഇവയ്‍ക്കുപരി മറ്റൊരു കല്പനയുമില്ല. മതപണ്ഡിതൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങു പറഞ്ഞതു ശരിതന്നെ; ഏകദൈവമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ലതന്നെ. ആ ദൈവത്തെ പൂർണഹൃദയത്തോടും പൂർണമനസ്സോടും സർവശക്തിയോടുംകൂടി സ്നേഹിക്കുകയും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുകയും ചെയ്യുന്നത് എല്ലാ ഹോമങ്ങളെയും യാഗങ്ങളെയുംകാൾ ശ്രേഷ്ഠമാണ്.” അയാൾ ബുദ്ധിപൂർവം മറുപടി പറഞ്ഞതു കേട്ടിട്ട് യേശു അയാളോട് “താങ്കൾ ദൈവരാജ്യത്തിൽനിന്നു വിദൂരസ്ഥനല്ല” എന്നു പറഞ്ഞു. പിന്നീട് ആരും യേശുവിനോടു ചോദ്യങ്ങൾ ചോദിക്കുവാൻ തുനിഞ്ഞില്ല. യേശു ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഇങ്ങനെ പറഞ്ഞു: “മശിഹാ ദാവീദിന്റെ വംശജനാണെന്നു മതപണ്ഡിതന്മാർ പറയുന്നതെങ്ങനെ? ‘ഞാൻ നിന്റെ ശത്രുക്കളെ കാല്‌ക്കീഴാക്കുന്നതുവരെ നീ എന്റെ വലത്തുഭാഗത്ത് ഇരിക്കുക എന്നു സർവേശ്വരൻ എന്റെ കർത്താവിനോട് അരുൾചെയ്തു’ എന്നു ദാവീദ് പരിശുദ്ധാത്മപ്രചോദിതനായി പറഞ്ഞിട്ടുണ്ടല്ലോ. “ദാവീദുതന്നെ അവിടുത്തെ കർത്താവ് എന്നു വിളിക്കുന്നു എങ്കിൽ അവിടുന്ന് എങ്ങനെ ദാവീദിന്റെ പുത്രനാകും?” ഒരു വലിയ ജനതതി യേശുവിന്റെ പ്രഭാഷണം സന്തോഷപൂർവം കേട്ടു. അവിടുന്നു പ്രബോധിപ്പിക്കുന്നതിനിടയിൽ അവരോട് അരുൾചെയ്തു: “നീണ്ട അങ്കി അണിഞ്ഞു നടക്കുവാനും പൊതുസ്ഥലങ്ങളിൽവച്ച് അഭിവാദനം ചെയ്യപ്പെടുവാനും സുനഗോഗുകളിൽ മുഖ്യാസനവും വിരുന്നുശാലയിൽ പ്രഥമസ്ഥാനവും ലഭിക്കുവാനും ആഗ്രഹിക്കുന്ന മതപണ്ഡിതന്മാരെ സൂക്ഷിച്ചുകൊള്ളുക. അവർ വിധവകളുടെ വീടുകൾ വിഴുങ്ങുകയും നീണ്ട പ്രാർഥന നടത്തുന്നു എന്നു ഭാവിക്കുകയും ചെയ്യുന്നു. അവർക്കു ലഭിക്കുന്ന ശിക്ഷാവിധി ഏറ്റവും കഠിനതരമായിരിക്കും.” ഒരിക്കൽ യേശു ശ്രീഭണ്ഡാരത്തിന് അഭിമുഖമായി ഇരുന്ന് ജനങ്ങൾ കാണിക്കയിടുന്നത് നോക്കുകയായിരുന്നു. ധനികരായ പലരും വലിയ തുകകൾ ഇട്ടുകൊണ്ടിരുന്നു. സാധുവായ ഒരു വിധവ വന്ന് രണ്ടു പൈസയിട്ടു. യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു പറഞ്ഞു: “ശ്രീഭണ്ഡാരത്തിൽ കാണിക്കയിട്ട എല്ലാവരെയുംകാൾ അധികം ഇട്ടത് നിർധനയായ ആ വിധവയാണെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു; എന്തെന്നാൽ എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽനിന്നാണു സമർപ്പിച്ചത്. ഈ സ്‍ത്രീയാകട്ടെ, അവളുടെ ഇല്ലായ്മയിൽനിന്ന്, തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനുംതന്നെ സമർപ്പിച്ചിരിക്കുന്നു.”

MARKA 12 വായിക്കുക