അവർ യെരൂശലേമിനു സമീപം ഒലിവുമലയ്‍ക്ക് അരികിലുള്ള ബേത്ഫാഗയ്‍ക്കും ബേഥാന്യക്കും അടുത്തെത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു പറഞ്ഞു: നിങ്ങളുടെ മുമ്പിൽ കാണുന്ന ഗ്രാമത്തിലേക്കു ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഇതുവരെ കയറിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും; അതിനെ അഴിച്ചുകൊണ്ടുവരിക; നിങ്ങൾ എന്തിനാണ് അതിനെ അഴിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ കർത്താവിന് ഇതിനെ ആവശ്യമുണ്ട്, അവിടുന്ന് ഇതിനെ ഉടനെതന്നെ ഇവിടെ തിരിച്ചെത്തിക്കും എന്നു പറയുക.” ഇങ്ങനെ പറഞ്ഞ് അവിടുന്ന് അവരെ അയച്ചു. അവർ അതനുസരിച്ചു പോയി തെരുവിൽ ഒരു വീട്ടുവാതില്‌ക്കൽ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിച്ചു. അവിടെ നിന്നിരുന്നവരിൽ ചിലർ അവരോട്, “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു. യേശു പറഞ്ഞിരുന്നതുപോലെ അവർ മറുപടി പറഞ്ഞു. അവിടെ നിന്നവർ അവരെ അനുവദിക്കുകയും ചെയ്തു. ആ ശിഷ്യന്മാർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ മേലങ്കികൾ അതിന്റെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറിയിരുന്നു. പലരും തങ്ങളുടെ മേലങ്കികൾ വഴിയിൽ വിരിച്ചു. മറ്റുള്ളവർ പറമ്പുകളിൽനിന്ന് ഇലയുള്ള മരച്ചില്ലകൾ വെട്ടി വഴിയിൽ വിതറി. അവിടുത്തെ മുമ്പും പിമ്പും നടന്നവർ “ഹോശാനാ! കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ! നമ്മുടെ പിതാവായ ദാവീദിന്റെ വരുവാനുള്ള രാജ്യം വാഴ്ത്തപ്പെട്ടതാകുന്നു! അത്യുന്നതങ്ങളിൽ ഹോശാനാ!” എന്ന് ഉച്ചത്തിൽ ആർപ്പുവിളിച്ചു. അങ്ങനെ യേശു യെരൂശലേമിൽ പ്രവേശിച്ച്, നേരെ ദേവാലയത്തിലേക്കു പോയി; അവിടെയെത്തി ചുറ്റുപാടുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ നേരം വൈകിയിരുന്നതിനാൽ അവിടുന്ന് പന്ത്രണ്ടു ശിഷ്യന്മാരോടുകൂടി ബേഥാന്യയിലേക്കു പോയി. പിറ്റേദിവസം അവർ ബേഥാന്യയിൽനിന്നു തിരിച്ചുവരികയായിരുന്നു. അപ്പോൾ യേശുവിനു വിശന്നു. അങ്ങകലെ ഇലകൾ നിറഞ്ഞ ഒരു അത്തിവൃക്ഷം നില്‌ക്കുന്നതുകണ്ട് അതിൽ അത്തിപ്പഴം കാണുമെന്നു കരുതി അവിടുന്ന് അടുത്തു ചെന്നു; പക്ഷേ ഇലകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അത് അത്തിപ്പഴത്തിന്റെ കാലമല്ലായിരുന്നു. അവിടുന്നു പറഞ്ഞു: “ഇനിമേൽ ആരും ഒരിക്കലും നിന്നിൽനിന്ന് അത്തിപ്പഴം ഭക്ഷിക്കാതിരിക്കട്ടെ.” ഇതു ശിഷ്യന്മാർ പ്രത്യേകം ശ്രദ്ധിച്ചു. അവർ യെരൂശലേമിലെത്തി. യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തിരുന്നവരെ പുറത്താക്കുവാൻ തുടങ്ങി; നാണയം മാറ്റിക്കൊടുക്കുന്നവരുടെ മേശകളും പ്രാക്കളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. ദേവാലയത്തിലൂടെ യാതൊരു സാധനവും എടുത്തുകൊണ്ടുപോകുവാൻ അവിടുന്ന് അനുവദിച്ചില്ല. ജനങ്ങളെ അവിടുന്ന് ഇപ്രകാരം പ്രബോധിപ്പിച്ചു: “എന്റെ ആലയം എല്ലാ ജനങ്ങളുടെയും പ്രാർഥനാലയം എന്ന് വിളിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്തതായി എഴുതപ്പെട്ടിട്ടില്ലേ? എന്നാൽ നിങ്ങൾ അതിനെ കൊള്ളക്കാരുടെ താവളമാക്കിയിരിക്കുന്നു.” പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും ഇതുകേട്ട് യേശുവിനെ നിഗ്രഹിക്കുവാനുള്ള വഴി എന്തെന്ന് ആലോചിച്ചു. കാരണം യേശുവിന്റെ ധർമോപദേശം കേട്ട് എല്ലാ ജനങ്ങളും വിസ്മയഭരിതരായതുകൊണ്ട് പുരോഹിതമുഖ്യന്മാരും മതപണ്ഡിതന്മാരും അവിടുത്തെ ഭയപ്പെട്ടു. സന്ധ്യാസമയമായപ്പോൾ യേശുവും ശിഷ്യന്മാരും പട്ടണത്തിനു പുറത്തു പോയി.
MARKA 11 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MARKA 11:1-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ