അവർ പുറപ്പെട്ടപ്പോൾ കുറേന സ്വദേശിയായ ശിമോൻ എന്നയാളിനെ കണ്ടു. യേശുവിന്റെ കുരിശു ചുമക്കുവാൻ അവർ ശിമോനെ നിർബന്ധിച്ചു. തലയോടിന്റെ സ്ഥലം എന്നർഥമുള്ള ഗോൽഗോഥായിൽ അവർ എത്തി. അവിടെ ചെന്നപ്പോൾ കയ്പു കലർത്തിയ വീഞ്ഞ് യേശുവിനു കുടിക്കുവാൻ കൊടുത്തു. എന്നാൽ രുചിനോക്കിയിട്ട് അതു കുടിക്കുവാൻ യേശു വിസമ്മതിച്ചു. അവിടുത്തെ ക്രൂശിച്ചശേഷം അവർ അവിടുത്തെ വസ്ത്രങ്ങൾ കുറിയിട്ടു പങ്കുവച്ചു. പിന്നീട് അവർ അദ്ദേഹത്തിനു കാവലിരുന്നു. ‘ഇവൻ യെഹൂദന്മാരുടെ രാജാവായ യേശു’ എന്ന കുറ്റാരോപണം അദ്ദേഹത്തിന്റെ തലയ്‍ക്കു മുകളിൽ എഴുതിവച്ചു. യേശുവിന്റെ കൂടെ രണ്ടു കൊള്ളക്കാരെ, ഒരുവനെ വലത്തും അപരനെ ഇടത്തുമായി ക്രൂശിച്ചു. അതുവഴി കടന്നുപോയവർ തലയാട്ടിക്കൊണ്ട് ‘’നീയല്ലേ ദേവാലയം പൊളിച്ചു മൂന്നു ദിവസംകൊണ്ടു പണിയുന്നവൻ? നീ ദൈവപുത്രനെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക; കുരിശിൽനിന്ന് ഇറങ്ങി വരിക” എന്നു പറഞ്ഞ് അദ്ദേഹത്തെ പരിഹസിച്ചു. മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും യെഹൂദപ്രമാണികളും അതുപോലെതന്നെ യേശുവിനു നേരെ പരിഹാസവാക്കുകൾ വർഷിച്ചു. അവർ പറഞ്ഞു: “അയാൾ മറ്റുള്ളവരെ രക്ഷിച്ചു; പക്ഷേ സ്വയം രക്ഷിക്കുവാൻ കഴിയുന്നില്ല. ഇസ്രായേലിന്റെ രാജാവ് ഇപ്പോൾ കുരിശിൽനിന്ന് ഇറങ്ങി വരട്ടെ. എന്നാൽ നമുക്ക് അയാളിൽ വിശ്വസിക്കാം. അയാൾ ദൈവത്തിൽ ആശ്രയിച്ചിരുന്നുപോലും! വേണമെങ്കിൽ ദൈവം അയാളെ ഇപ്പോൾ രക്ഷിക്കട്ടെ; ‘ഞാൻ ദൈവപുത്രനാകുന്നു’ എന്നാണല്ലോ അയാൾ പറഞ്ഞത്!” യേശുവിനോടുകൂടി ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അവിടുത്തെ പരിഹസിച്ചു. മധ്യാഹ്നമായപ്പോൾ ദേശമാസകലം അന്ധകാരത്തിലാണ്ടു. മൂന്നുമണിവരെയും ആ ഇരുൾ നീണ്ടുനിന്നു. ഏകദേശം മൂന്നുമണി ആയപ്പോൾ യേശു “ഏലീ, ഏലീ, ലമ്മ, ശബക്താനി?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു. ‘എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടുന്ന് എന്നെ കൈവിട്ടത് എന്ത്?’ എന്നാണതിന് അർഥം. അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടപ്പോൾ, “അയാൾ ഏലിയായെ വിളിക്കുന്നു” എന്നു പറഞ്ഞു. ഒരാൾ ഓടിപ്പോയി ഒരു സ്പഞ്ച് എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി ഒരു വടിയിൽവച്ച് യേശുവിനു കുടിക്കുവാൻ നീട്ടിക്കൊടുത്തു. “ആകട്ടെ, ഏലിയാ അയാളെ രക്ഷിക്കുവാൻ വരുമോ എന്നു നമുക്കു കാണാമല്ലോ” എന്നു മറ്റുള്ളവർ പറഞ്ഞു. യേശു വീണ്ടും ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പ്രാണൻ വെടിഞ്ഞു. തൽക്ഷണം ദേവാലയത്തിലെ തിരശ്ശീല മുകൾതൊട്ട് അടിവരെ രണ്ടായി ചീന്തിപ്പോയി. ഭൂതലം വിറച്ചു, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു. മരണമടഞ്ഞ വിശുദ്ധന്മാരിൽ പലരും ഉത്ഥാനം ചെയ്തു. അവർ ശവകുടീരങ്ങൾ വിട്ടുപോകുകയും ചെയ്തു. യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം അവർ വിശുദ്ധനഗരത്തിൽചെന്ന് അനേകമാളുകൾക്കു പ്രത്യക്ഷപ്പെട്ടു. പടത്തലവനും അയാളോടുകൂടി യേശുവിനെ കാവൽചെയ്തുകൊണ്ടിരുന്ന പട്ടാളക്കാരും, ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ടതോടെ ഭയാക്രാന്തരായി. വാസ്തവത്തിൽ ഇദ്ദേഹം ദൈവപുത്രനായിരുന്നു എന്ന് അവർ പറഞ്ഞു. യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അവിടുത്തെ അനുഗമിച്ചിരുന്ന പല സ്‍ത്രീകളും അല്പം അകലെനിന്ന് ഇവയെല്ലാം നോക്കിക്കൊണ്ടിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലേന മറിയവും യാക്കോബിന്റെയും യോസേഫിന്റെയും അമ്മ മറിയവും സെബദിപുത്രന്മാരുടെ മാതാവും ഉൾപ്പെട്ടിരുന്നു. നേരം വൈകിയപ്പോൾ അരിമഥ്യയിലെ ഒരു ധനികനായ യോസേഫ് എന്നയാൾ അവിടെയെത്തി. അയാളും യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ചവരിൽ ഒരാളായിരുന്നു. അയാൾ പീലാത്തോസിനെ സമീപിച്ച് യേശുവിന്റെ ശരീരം വിട്ടുകൊടുക്കണമെന്നപേക്ഷിച്ചു. പീലാത്തോസ് അനുവാദം നല്‌കി. യോസേഫ് ശരീരം ഏറ്റുവാങ്ങി ഒരു ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് പുതുതായി പാറയിൽ വെട്ടിച്ച തന്റെ കല്ലറയിൽ സംസ്കരിച്ചു. ഒരു വലിയ കല്ലുരുട്ടി കല്ലറയുടെ വാതിൽക്കൽ വച്ചശേഷം അയാൾ പോയി. ഈ സമയത്ത് കല്ലറയ്‍ക്കഭിമുഖമായി മഗ്ദലേനമറിയവും മറ്റേ മറിയവും ഇരിക്കുന്നുണ്ടായിരുന്നു. പിറ്റേ ദിവസം, അതായത് ഒരുക്കനാൾ കഴിഞ്ഞിട്ട്, മുഖ്യപുരോഹിതന്മാരും പരീശന്മാരും ചെന്ന് പീലാത്തോസിനോട് പറഞ്ഞു: “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ ഞാൻ മൂന്നു ദിവസം കഴിഞ്ഞു ഉയിർത്തെഴുന്നേല്‌ക്കും’ എന്നു പറഞ്ഞിരുന്നതായി ഓർക്കുന്നു. അയാളുടെ ശിഷ്യന്മാർ വന്ന് അയാളെ മോഷ്‍ടിച്ചുകൊണ്ടുപോയിട്ട് അയാൾ മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു എന്നു ജനത്തെ പറഞ്ഞു ധരിപ്പിക്കും. അങ്ങനെ ഒടുവിലത്തെ ഈ വഞ്ചന ആദ്യത്തേതിനെക്കാൾ വഷളായിത്തീരും. അതു സംഭവിക്കാതിരിക്കുവാൻ മൂന്നാം ദിവസംവരെ കല്ലറ ഭദ്രമായി സൂക്ഷിക്കുവാൻ കല്പിച്ചാലും.” “കാവല്ഭടന്മാരെ കൊണ്ടുപോയി നിങ്ങൾക്ക് ആവുംവിധം കല്ലറ ഭദ്രമാക്കിക്കൊള്ളുക” എന്നു പീലാത്തോസ് അവരോടു പറഞ്ഞു. അങ്ങനെ അവർ പോയി അടപ്പുകല്ലിനു മുദ്രവച്ച് കല്ലറ ഭദ്രമാക്കി; ഭടന്മാരെ കാവൽനിറുത്തുകയും ചെയ്തു.
MATHAIA 27 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 27:32-66
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ