അന്നുതന്നെ യേശു ആ വീട്ടിൽനിന്നു പുറപ്പെട്ട് തടാകതീരത്തു പോയി ഇരുന്നു. വമ്പിച്ച ജനസഞ്ചയം അവിടുത്തെ ചുറ്റും വന്നുകൂടി. അതുകൊണ്ട് അവിടുന്ന് ഒരു വഞ്ചിയിൽ കയറിയിരുന്നു. ജനസഞ്ചയം കരയിലും നിന്നു. ദൃഷ്ടാന്തരൂപേണ അവിടുന്ന് അനേകം കാര്യങ്ങൾ അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ വിതയ്‍ക്കുവാൻ പുറപ്പെട്ടു. അയാൾ വിതയ്‍ക്കുമ്പോൾ ഏതാനും വിത്തുകൾ വഴിയിൽ വീണു. പക്ഷികൾ വന്ന് അവ കൊത്തിത്തിന്നുകളഞ്ഞു. മറ്റു ചിലത് അടിയിൽ പാറയുള്ള മണ്ണിലാണു വീണത്. മണ്ണിനു താഴ്ചയില്ലാഞ്ഞതിനാൽ വിത്തു പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും സൂര്യൻ ഉദിച്ചപ്പോൾ വാടിപ്പോയി; അവയ്‍ക്കു വേരില്ലാഞ്ഞതിനാൽ ഉണങ്ങിക്കരിഞ്ഞു പോകുകയും ചെയ്തു. മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. കിളിർത്തുവന്ന വിത്തിനെ അവ ഞെരുക്കിക്കളഞ്ഞു. ശേഷിച്ച വിത്തുകൾ നല്ല മണ്ണിൽ വീഴുകയും ചിലതു നൂറും ചിലത് അറുപതും മറ്റുചിലത് മുപ്പതും മേനി വിളവു നല്‌കുകയും ചെയ്തു. ചെവിയുള്ളവൻ കേൾക്കട്ടെ.” പിന്നീടു ശിഷ്യന്മാർ യേശുവിനെ സമീപിച്ച്, എന്തുകൊണ്ടാണ് അവിടുന്ന് ദൃഷ്ടാന്തരൂപേണ അവരോടു സംസാരിക്കുന്നത്? എന്നു ചോദിച്ചു. അവിടുത്തെ മറുപടി ഇപ്രകാരമായിരുന്നു: “സ്വർരാജ്യത്തെ സംബന്ധിച്ചുള്ള രഹസ്യങ്ങൾ അറിയുന്നതിനുള്ള വരം നിങ്ങൾക്കു നല്‌കപ്പെട്ടിരിക്കുന്നു; അവർക്കാകട്ടെ അതു ലഭിച്ചിട്ടില്ല. ഉള്ളവനു നല്‌കപ്പെടും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനിൽനിന്ന് അവനുള്ളതുപോലും എടുത്തു കളയും. അവർ കണ്ടിട്ടും കാണുന്നില്ല; കേട്ടിട്ടും കേൾക്കുകയോ ഗ്രഹിക്കുകയോ, ചെയ്യുന്നില്ല; അതുകൊണ്ടാണു ഞാൻ അവരോടു ദൃഷ്ടാന്തങ്ങളിലൂടെ സംസാരിക്കുന്നത്. നിങ്ങൾ തീർച്ചയായും കേൾക്കും. എന്നാൽ ഗ്രഹിക്കുകയില്ല; നിങ്ങൾ തീർച്ചയായും നോക്കും, എന്നാൽ കാണുകയില്ല; എന്തെന്നാൽ ഈ ജനത്തിന്റെ ഹൃദയം മരവിച്ചിരിക്കുന്നു, അവരുടെ കാത് അവർ അടച്ചിരിക്കുന്നു; അവർ തങ്ങളുടെ കാതുകൾ അടയ്‍ക്കുകയും കണ്ണുകൾ പൂട്ടുകയും ചെയ്തിരിക്കുന്നു. അല്ലെങ്കിൽ അവർ തങ്ങളുടെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ഞാൻ അവരെ സുഖപ്പെടുത്തുന്നതിനു വേണ്ടി അവർ എന്റെ അടുക്കലേക്കു തിരിയുകയും ചെയ്യുമായിരുന്നു. ഇങ്ങനെ യെശയ്യാപ്രവാചകൻ പ്രവചിച്ചിരിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം സത്യമായിരിക്കുന്നു. “എന്നാൽ നിങ്ങളുടെ കണ്ണുകൾ അനുഗ്രഹിക്കപ്പെട്ടവയാകുന്നു, അവ കാണുന്നു; നിങ്ങളുടെ കാതുകളും അങ്ങനെതന്നെ; അവ കേൾക്കുന്നു. വാസ്തവത്തിൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ കാണുന്നതു കാണുവാനും നിങ്ങൾ കേൾക്കുന്നത് കേൾക്കുവാനും അനേകം പ്രവാചകന്മാരും നീതിമാന്മാരും അഭിവാഞ്ഛിച്ചു. എന്നാൽ അവർ കാണുകയോ കേൾക്കുകയോ ചെയ്തില്ല. “വിതയ്‍ക്കുന്നവന്റെ ദൃഷ്ടാന്തം സൂചിപ്പിക്കുന്നത് എന്താണെന്നു കേട്ടുകൊള്ളുക. സ്വർഗരാജ്യത്തെക്കുറിച്ചുള്ള വചനം ഒരുവൻ കേട്ടിട്ടു ഗ്രഹിക്കാതിരിക്കുമ്പോൾ അവന്റെ ഹൃദയത്തിൽ വിതയ്‍ക്കപ്പെട്ടത് പിശാചു വന്നു തട്ടിക്കൊണ്ടുപോകുന്നു. ഇതാണു വഴിയിൽവീണ വിത്തു സൂചിപ്പിക്കുന്നത്. പാറസ്ഥലത്തു വീണ വിത്താകട്ടെ, വചനം കേൾക്കുകയും ഉടൻ സസന്തോഷം സ്വീകരിക്കുകയും ചെയ്യുന്നവരാണ്. എങ്കിലും അവരിൽ അതു വേരുറയ്‍ക്കുന്നില്ല. അവർ ക്ഷണനേരത്തേക്കു മാത്രമേ സഹിച്ചുനില്‌ക്കുകയുള്ളൂ. വചനം നിമിത്തം ക്ലേശങ്ങളോ പീഡനമോ ഉണ്ടാകുമ്പോൾ അവർ പെട്ടെന്നു വീണുപോകുന്നു. മറ്റു ചിലർ വചനം കേൾക്കുന്നെങ്കിലും ലൗകികകാര്യങ്ങളിലുള്ള ഉൽക്കണ്ഠയും ധനത്തിന്റെ കപടമായ വശ്യതയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കുന്നു. ഇവരെയാണു മുൾച്ചെടികൾക്കിടയിൽ വീണ വിത്തു സൂചിപ്പിക്കുന്നത്. നല്ല നിലത്തു വീണ വിത്താകട്ടെ, വചനം കേട്ടു ഗ്രഹിക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നവരാണ്. ചിലർ നൂറും അറുപതും വേറെ ചിലർ മുപ്പതും മേനി വിളവു നല്‌കുന്നു.” വേറൊരു ദൃഷ്ടാന്തവും യേശു അവരോടു പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ വയലിൽ നല്ല വിത്തു വിതച്ചതിനോടു സ്വർഗരാജ്യത്തെ ഉപമിക്കാം. എല്ലാവരും ഉറങ്ങിയപ്പോൾ അയാളുടെ ശത്രു വന്ന് കോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്‍ക്കളഞ്ഞു. ഞാറു വളർന്നു കതിരു വന്നപ്പോൾ കളയും കാണാറായി. അപ്പോൾ, ഭൃത്യന്മാർ ചെന്നു ഗൃഹനാഥനോട്, ‘നല്ല വിത്തല്ലേ അങ്ങു വയലിൽ വിതച്ചത്? ഇപ്പോൾ ഈ കള എങ്ങനെ ഉണ്ടായി?’ എന്നു ചോദിച്ചു. “ഒരു ശത്രുവാണ് ഇത് ചെയ്തത്’ എന്ന് അയാൾ മറുപടി പറഞ്ഞു. ‘എന്നാൽ ഞങ്ങൾ പോയി ആ കളകൾ പറിച്ചുകൂട്ടട്ടെ’ എന്നു ഭൃത്യന്മാർ ചോദിച്ചു. അയാൾ ഇപ്രകാരം മറുപടി പറഞ്ഞു: ‘വേണ്ടാ, കള പറിച്ചു കളയുമ്പോൾ അതോടൊപ്പം കോതമ്പും പിഴുതുപോയേക്കും; കൊയ്ത്തുവരെ രണ്ടും വളരട്ടെ; കൊയ്ത്തുകാലത്തു കൊയ്യുന്നവരോട് ആദ്യം കള പറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന് അതു കെട്ടുകളായി കെട്ടി വയ്‍ക്കുവാനും കോതമ്പ് എന്റെ കളപ്പുരയിൽ സംഭരിക്കുവാനും ഞാൻ പറയും.”
MATHAIA 13 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 13:1-30
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ