യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് എല്ലാ അശുദ്ധാത്മാക്കളെയും പുറത്താക്കുന്നതിനും എല്ലാ രോഗങ്ങളും അസ്വാസ്ഥ്യങ്ങളും സുഖപ്പെടുത്തുന്നതിനും അവർക്ക് അധികാരം നല്‌കി. പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകൾ ഇവയാണ്: ഒന്നാമൻ പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമോൻ, ശിമോന്റെ സഹോദരൻ അന്ത്രയാസ്, സെബദിയുടെ പുത്രൻ യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ, ഫീലിപ്പോസ്, ബർതൊലൊമായി, തോമസ്, ചുങ്കക്കാരൻ മത്തായി, അല്ഫായിയുടെ പുത്രൻ യാക്കോബ്, തദ്ദായി, തീവ്രവാദിയായ ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കരിയോത്ത്. ഈ പന്ത്രണ്ടുപേരെയും താഴെപ്പറയുന്ന അനുശാസനങ്ങളോടുകൂടി യേശു അയച്ചു: “നിങ്ങൾ വിജാതീയരുടെ ഏതെങ്കിലും പ്രദേശത്തോ ശമര്യരുടെ പട്ടണങ്ങളിലോ പോകരുത്. പ്രത്യുത ഇസ്രായേൽഗൃഹത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുക്കലേക്കു പോകുക. നിങ്ങൾ പോകുമ്പോൾ സ്വർഗരാജ്യം സമാഗതമായിരിക്കുന്നു എന്ന് അവരോടു പ്രസംഗിക്കുക. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായി കൊടുക്കുക. നിങ്ങൾ സ്വർണനാണയമോ, വെള്ളിനാണയമോ, ചെമ്പുനാണയമോ കൊണ്ടുപോകരുത്. യാത്രയ്‍ക്കുള്ള ഭാണ്ഡമോ, രണ്ട് ഉടുപ്പോ, ചെരുപ്പോ, വടിയോ നിങ്ങൾക്ക് ആവശ്യമില്ല; വേലക്കാരൻ തന്റെ ആഹാരത്തിന് അർഹനാണല്ലോ. “നിങ്ങൾ ഏതെങ്കിലും ഒരു പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ നിങ്ങളെ സ്വീകരിക്കുവാൻ സന്മനസ്സുള്ളവരെ കണ്ടുപിടിച്ച് നിങ്ങൾ പോകുന്നതുവരെ അവരുടെകൂടെ പാർക്കുക. നിങ്ങൾ ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ആ ഭവനത്തിലുള്ളവർക്ക് സമാധാനം ആശംസിക്കുക. ആ ഭവനത്തിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിച്ച സമാധാനം അതിനുണ്ടാകട്ടെ. അതിന് അർഹതയില്ലെങ്കിൽ ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ. ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ സന്ദേശം ശ്രദ്ധിക്കാതെയോ ഇരുന്നാൽ ആ ഭവനമോ നഗരമോ വിട്ടുപോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി തട്ടിക്കളയുക. ന്യായവിധിദിവസം ആ പട്ടണത്തിന്റെ സ്ഥിതിയെക്കാൾ സോദോം ഗോമോരാ പ്രദേശത്തിന്റെ അവസ്ഥ സഹിക്കാവുന്നതായിരിക്കും എന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. “ആടുകളെ ചെന്നായ്‍ക്കളുടെ ഇടയിലേക്ക് എന്നവിധം ഇതാ, ഞാൻ നിങ്ങളെ അയയ്‍ക്കുന്നു. അതുകൊണ്ട് സർപ്പത്തെപ്പോലെ വിവേകമുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം. ജാഗ്രതയുള്ളവരായിരിക്കുക; മനുഷ്യർ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും; സുനഗോഗുകളിൽവച്ച് ചാട്ടവാറുകൊണ്ടു നിങ്ങളെ അടിക്കും; ഞാൻ നിമിത്തം ഗവർണർമാരുടെയും രാജാക്കന്മാരുടെയും അടുക്കലേക്കു നിങ്ങളെ വലിച്ചിഴച്ചുകൊണ്ടു പോകുകയും ചെയ്യും. അങ്ങനെ നിങ്ങൾ അവരുടെയും വിജാതീയരുടെയും മുമ്പിൽ സാക്ഷ്യം വഹിക്കും. അവർ നിങ്ങളെ ഏല്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ഓർത്തു വ്യാകുലപ്പെടേണ്ടാ. പറയാനുള്ളതു തത്സമയം നിങ്ങൾക്കു ലഭിക്കും. എന്തെന്നാൽ സംസാരിക്കുന്നതു നിങ്ങളായിരിക്കുകയില്ല; നിങ്ങളിൽകൂടി നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും സംസാരിക്കുക.
MATHAIA 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: MATHAIA 10:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ