ṬAH HLA 4

4
യെരൂശലേം - പതനത്തിനു ശേഷം
1പൊന്ന് എങ്ങനെ നിഷ്പ്രഭമായി! തങ്കം എങ്ങനെ മങ്ങിപ്പോയി!
വിശുദ്ധമന്ദിരത്തിലെ രത്നങ്ങൾ തെരുവീഥികളിൽ ചിതറിക്കിടക്കുന്നു
2തങ്കത്തെപ്പോലെ അമൂല്യരായ സീയോന്റെ മക്കൾ
കുശവന്റെ കൈപ്പണിയായ മൺപാത്രം പോലെ ഗണിക്കപ്പെട്ടത് എങ്ങനെ?
3കുറുനരികൾ പോലും അവയുടെ കുട്ടികളെ മുലയൂട്ടി വളർത്തുന്നു.
എന്റെ ജനമാകട്ടെ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരമായി തങ്ങളുടെ മക്കളോടു വർത്തിക്കുന്നു.
4മുലകുടിക്കുന്ന കുഞ്ഞിന്റെ നാവു ദാഹംകൊണ്ട് അണ്ണാക്കിനോടു പറ്റിയിരിക്കുന്നു.
കുട്ടികൾ അപ്പത്തിനുവേണ്ടി യാചിക്കുന്നു.
പക്ഷേ, ആരും ഒരു നുറുക്കുപോലും കൊടുക്കുന്നില്ല.
5സ്വാദിഷ്ഠമായ വിഭവങ്ങൾ ഭക്ഷിച്ചിരുന്നവർ തെരുവീഥികളിൽ പട്ടിണികൊണ്ടു മരിക്കുന്നു;
വിശിഷ്ടവസ്ത്രങ്ങൾ അണിഞ്ഞു നടന്നവർ കുപ്പക്കൂനകളിൽ കിടക്കുന്നു.
6ദൈവം ഒരു നിമിഷംകൊണ്ടു നശിപ്പിച്ച സൊദോമ്യർക്കുണ്ടായതിനെക്കാൾ
വലുതായിരുന്നു എന്റെ ജനത്തിനുണ്ടായ ശിക്ഷ.
7അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ നിർമ്മലരും പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു.
അവരുടെ ദേഹം പവിഴത്തെക്കാൾ ചുവന്നു തുടുത്തിരുന്നു;
അവരുടെ ആകാരഭംഗി നീലക്കല്ലിനു സദൃശം ആയിരുന്നു.
8ഇപ്പോൾ അവരുടെ മുഖം കരിക്കട്ടയെക്കാൾ കറുത്തിരിക്കുന്നു.
തെരുവീഥികളിൽ അവരെ കണ്ടിട്ട് ആരും തിരിച്ചറിയുന്നില്ല;
അവരുടെ തൊലി ഉണങ്ങി അസ്ഥികളോട് ഒട്ടിപ്പിടിച്ചു മരംപോലെ ആയിരിക്കുന്നു.
9യുദ്ധത്തിൽ മരിക്കുന്നവർ പട്ടിണികൊണ്ടു മരിക്കുന്നവരെക്കാൾ ഭാഗ്യവാന്മാർ!
വിളഭൂമിയിൽനിന്ന് ഒന്നും ലഭിക്കാത്തതിനാൽ അവർ വിശന്നു തളർന്നു നശിക്കുന്നു.
10കരുണാമയികളായ സ്‍ത്രീകൾപോലും സ്വന്തം മക്കളെ പാകം ചെയ്യുന്നു.
എന്റെ ജനത്തിന്റെ വിനാശത്തിൽ ആ കുഞ്ഞുങ്ങൾ അവർക്ക് ആഹാരമായിത്തീർന്നു.
11സർവേശ്വരൻ അവിടുത്തെ ക്രോധം അഴിച്ചുവിട്ട്;
അവിടുന്ന് ഉഗ്രരോഷം കോരിച്ചൊരിഞ്ഞു. അവിടുന്നു സീയോനിൽ അഗ്നി ജ്വലിപ്പിച്ച്; അത് അതിന്റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചു.
12യെരൂശലേമിന്റെ കവാടങ്ങൾക്കുള്ളിൽ ശത്രു കടക്കും എന്നു ഭൂമിയിലെ രാജാക്കന്മാരോ ഭൂവാസികളോ കരുതിയിരുന്നില്ല.
13യെരൂശലേമിൽ നീതിമാന്മാരുടെ രക്തം ചൊരിയാൻ ഇടയാക്കിയ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അകൃത്യങ്ങളും പാപങ്ങളും ഹേതുവായി ഇതു സംഭവിച്ചു.
14തെരുവീഥികളിൽ അന്ധരെപ്പോലെ അവർ അലഞ്ഞു നടന്നു;
അവർ രക്തം പുരണ്ടു മലിനരായിരുന്നതിനാൽ ആരും അവരുടെ വസ്ത്രത്തിൽ സ്പർശിച്ചില്ല.
15‘അകന്നു പോകുവിൻ! അകന്നു പോകുവിൻ! അശുദ്ധരേ അകന്നു പോകുവിൻ തൊടരുത്’ എന്നു ജനം അവരോടു വിളിച്ചു പറഞ്ഞു.
അവർ ഉഴറി ഓടുമ്പോൾ ഇനി ഇവിടെ വന്ന് ഇവർ പാർക്കുകയില്ല എന്നു വിജാതീയർ പറഞ്ഞു.
16സർവേശ്വരൻ തന്നെയാണ് അവരെ ചിതറിച്ചത്;
അവിടുന്ന് ഇനി അവരെ കടാക്ഷിക്കുകയില്ല. അവിടുന്നു പുരോഹിതന്മാരെയും ജനപ്രമാണികളെയും പരിഗണിച്ചില്ല.
17സഹായത്തിനുവേണ്ടി വ്യർഥമായി നോക്കിയിരുന്നു ഞങ്ങളുടെ കണ്ണുകൾ കുഴഞ്ഞു.
ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ജനതയ്‍ക്കുവേണ്ടി ഞങ്ങൾ കാത്തിരുന്നു.
18വീഥികളിൽ കൂടി നടക്കാൻ കഴിയാത്തവിധം അവർ ഞങ്ങളെ വേട്ടയാടി.
ഞങ്ങളുടെ അവസാനം അടുത്തു;
ഞങ്ങളുടെ നാളുകൾ എണ്ണപ്പെട്ടു;
ഞങ്ങളുടെ അന്ത്യം വന്നുചേർന്നിരിക്കുന്നു.
19ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗത്തിൽ ഞങ്ങളെ സമീപിച്ചു.
അവർ മലമുകളിൽ ഞങ്ങളെ വേട്ടയാടി മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.
20ഞങ്ങളുടെ ജീവശ്വാസമായ സർവേശ്വരന്റെ അഭിഷിക്തൻ അവരുടെ കെണിയിൽ അകപ്പെട്ടിരിക്കുന്നു;
അദ്ദേഹത്തിന്റെ തണലിൽ ഞങ്ങൾ വിജാതീയരുടെ മധ്യേ ജീവിക്കുമെന്നാണു വിചാരിച്ചിരുന്നത്.
21ഊസ് ദേശത്തു പാർക്കുന്ന എദോമ്യരേ, സന്തോഷിച്ച് ആഹ്ലാദിച്ചുകൊള്ളുക; എന്നാൽ നിങ്ങളുടെ ന്യായവിധി അടുത്തിരിക്കുന്നു.
നിങ്ങൾ കുടിച്ചു മത്തരായി നിങ്ങളെത്തന്നെ നഗ്നരാക്കും.
22സീയോനേ, നിന്റെ അകൃത്യത്തിനുള്ള ശിക്ഷ തീർന്നു;
അവിടുന്ന് ഇനി പ്രവാസം തുടരാൻ നിന്നെ അനുവദിക്കുകയില്ല.
എന്നാൽ എദോമേ, നിന്റെ അകൃത്യത്തിന് അവിടുന്നു നിന്നെ ശിക്ഷിക്കും;
നിന്റെ പാപം വെളിച്ചത്തു കൊണ്ടുവരും.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

ṬAH HLA 4: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക