ṬAH HLA 3:16-33

ṬAH HLA 3:16-33 MALCLBSI

കല്ലു കടിച്ചു പല്ലു തകരാനും ചാരം തിന്നാനും അവിടുന്നെനിക്ക് ഇടവരുത്തി. സമാധാനമെനിക്ക് നഷ്ടമായിരിക്കുന്നു; സന്തോഷമെന്തെന്ന് ഞാൻ മറന്നു. എന്റെ ശക്തിയും സർവേശ്വരനിലുള്ള എന്റെ പ്രത്യാശയും പൊയ്പോയിരിക്കുന്നു. എന്റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓർക്കണമേ. ഞാൻ എപ്പോഴും അവയെ ഓർത്തു വിഷാദിച്ചിരിക്കുന്നു. ഒരു കാര്യം ഓർക്കുമ്പോൾ എനിക്കു പ്രത്യാശയുണ്ട്. സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല. പ്രഭാതംതോറും അതു പുതുതായിരിക്കും; അവിടുത്തെ വിശ്വസ്തത ഉന്നതവുമായിരിക്കും. സർവേശ്വരനാണെന്റെ സർവസ്വവും; അവിടുന്നാണെന്റെ പ്രത്യാശ. സർവേശ്വരനെ കാത്തിരിക്കുകയും അന്വേഷിക്കുകയും ചെയ്യുന്നവർക്ക് അവിടുന്നു നല്ലവനാകുന്നു. സർവേശ്വരൻ രക്ഷിക്കാൻവേണ്ടി ക്ഷമയോടെ കാത്തിരിക്കുന്നത് ഉത്തമം. യൗവനത്തിൽ നുകം ചുമക്കുന്നതു മനുഷ്യനു നല്ലതാണ്. അവിടുന്നവന്റെമേൽ അതു വച്ചിരിക്കകൊണ്ട് അവൻ ഏകനായി മൗനമായിരിക്കട്ടെ. അവൻ തന്റെ മുഖം പൂഴിയോളം താഴ്ത്തട്ടെ; എന്നാലും അവനു പ്രത്യാശയ്‍ക്കു വകയുണ്ട്. അടിക്കുന്നതിന് അവൻ ചെകിടു കാണിച്ചു കൊടുക്കട്ടെ; അവൻ നിന്ദനം കൊണ്ടു നിറയട്ടെ. സർവേശ്വരൻ അവനെ എന്നേക്കും ഉപേക്ഷിക്കുകയില്ല. അവിടുന്നു ദുഃഖിക്കാൻ ഇടവരുത്തിയാലും അവിടുത്തെ അനന്തമായ കൃപയ്‍ക്കൊത്ത വിധം അവിടുന്നു കരുണ കാണിക്കും. മനസ്സോടെയല്ലല്ലോ അവിടുന്നു മനുഷ്യരെ ദുഃഖിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നത്.

ṬAH HLA 3 വായിക്കുക