അത് ആസന്നമായിരിക്കുന്നു. ഇരുളിന്റെയും മ്ലാനതയുടെയും ദിവസം! കാർമേഘത്തിന്റെയും കൂരിരുട്ടിന്റെയും ദിവസംതന്നെ. മഹത്ത്വവും പ്രാബല്യവുമുള്ള ഒരു ജനത കൂരിരുട്ടുപോലെ പർവതത്തെ മൂടിയിരിക്കുന്നു. ഇതിനു മുമ്പൊരിക്കലും ഇതുപോലൊന്നുണ്ടായിട്ടില്ല. ഇനി ഒരു തലമുറയിലും ഉണ്ടാവുകയുമില്ല. അവരുടെ മുമ്പിൽ ദഹിപ്പിക്കുന്ന തീ! അവരുടെ പിമ്പിലും തീ ജ്വലിക്കുന്നു, അവർക്കു മുമ്പിലുള്ള ദേശം ഏദൻതോട്ടം പോലെ; പിന്നിലുള്ളതോ ശൂന്യമായ മരുഭൂമി. ഒന്നും അവരുടെ പിടിയിൽനിന്നു രക്ഷപെടുകയില്ല. അവരുടെ ആകൃതി കുതിരകളുടേത്; പടക്കുതിരകളെപ്പോലെ അവർ പായുന്നു. പർവതശിഖരങ്ങളിൽ രഥങ്ങളുടെ ഇരമ്പലെന്നു തോന്നുംവിധം അവർ കുതിച്ചു ചാടുന്നു. കച്ചിക്കു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന കരുകര ശബ്ദംപോലെയുള്ള ശബ്ദം അവർ ഉണ്ടാക്കുന്നു. അവർ പടയ്‍ക്ക് ഒരുങ്ങിനില്‌ക്കുന്ന സുശക്തമായ സൈന്യംപോലെയാകുന്നു. അവരുടെ മുമ്പിൽ ജനതകൾ നടുങ്ങുന്നു; എല്ലാ മുഖങ്ങളും വിളറുന്നു. യുദ്ധവീരന്മാരെപ്പോലെ അവർ മുന്നേറുന്നു. യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു. അവരിൽ ഓരോരുത്തരും നിരതെറ്റാതെ അവരവരുടെ മാർഗങ്ങളിൽ മുമ്പോട്ടു നീങ്ങുന്നു. അന്യോന്യം തള്ളിമാറ്റാതെ അവരവരുടെ പാതയിലൂടെ അവർ നീങ്ങുന്നു. ശത്രുക്കളുടെ ആയുധങ്ങൾ തട്ടിനീക്കി അവർ മുന്നേറുന്നു. ആർക്കും അവരെ തടയാനാകത്തില്ല. അവർ നഗരത്തിന്മേൽ ചാടിവീഴുന്നു. മതിലിന്മേൽ ചാടിക്കയറുന്നു. കള്ളന്മാരെപ്പോലെ ജാലകങ്ങളിലൂടെ അവർ വീടുകളിൽ കടക്കുന്നു. അവർക്കു മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യചന്ദ്രന്മാർ ഇരുളുന്നു; നക്ഷത്രങ്ങൾ പ്രഭയറ്റു പോകുന്നു. സർവേശ്വരൻ തന്റെ സൈന്യത്തിനു മുമ്പിൽ അവിടുത്തെ ശബ്ദം മുഴക്കുന്നു. അവിടുത്തെ സൈന്യം വളരെ വിപുലമാണ്. അവിടുത്തെ ആജ്ഞ നടപ്പാക്കുന്നവൻ കരുത്തുറ്റവൻ. സർവേശ്വരന്റെ ദിനം മഹത്തും ഭയാനകവുമായത്; അതിനെ നേരിടാൻ ആർക്കു കഴിയും? സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഉപവാസത്തോടും കണ്ണീരോടും വിലാപത്തോടും പൂർണഹൃദയത്തോടും കൂടി ഇപ്പോഴെങ്കിലും നിങ്ങൾ എങ്കലേക്കു തിരിയുവിൻ. വസ്ത്രങ്ങളല്ല നിങ്ങളുടെ ഹൃദയങ്ങൾ തന്നേ കീറി ദൈവമായ സർവേശ്വരനിലേക്കു തിരിയുവിൻ. അവിടുന്നു കൃപാലുവും കരുണാമയനും ക്ഷമിക്കുന്നവനും സുസ്ഥിരസ്നേഹം ഉള്ളവനും ആണല്ലോ. ശിക്ഷ ഇളവുചെയ്യാൻ അവിടുന്നെപ്പോഴും സന്നദ്ധനാണ്. നിങ്ങളുടെ ദൈവമായ സർവേശ്വരൻ തീരുമാനം മാറ്റി ധാന്യയാഗവും പാനീയയാഗവും അർപ്പിക്കാൻ നിങ്ങൾക്കു കഴിയത്തക്കവിധം സമൃദ്ധമായ വിളവു നല്‌കി നിങ്ങളെ അനുഗ്രഹിക്കുകയില്ലെന്ന് ആരുകണ്ടു?
JOELA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOELA 2:2-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ