JOHANA 3:1-9

JOHANA 3:1-9 MALCLBSI

യെഹൂദപ്രമാണിമാരുടെ കൂട്ടത്തിൽ നിക്കോദിമോസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു. അയാൾ രാത്രിയിൽ യേശുവിന്റെ അടുക്കൽ ചെന്ന് ഇങ്ങനെ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവസന്നിധിയിൽ നിന്നു വന്ന ഗുരുവാണെന്നു ഞങ്ങൾക്കറിയാം. ദൈവം കൂടെയില്ലാതെ അങ്ങു ചെയ്യുന്നതുപോലെയുള്ള ഈ അദ്ഭുതപ്രവൃത്തികൾ ആർക്കും ചെയ്യുവാൻ സാധ്യമല്ല.” യേശു നിക്കോദിമോസിനോട്, “ഒരുവൻ പുതുതായി ജനിക്കുന്നില്ലെങ്കിൽ അവന് ദൈവരാജ്യം ദർശിക്കുവാൻ കഴിയുകയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു” എന്ന് അരുൾചെയ്തു. നിക്കോദിമോസ് ചോദിച്ചു: “പ്രായംചെന്ന ഒരു മനുഷ്യൻ വീണ്ടും ജനിക്കുന്നതെങ്ങനെ? വീണ്ടും മാതാവിന്റെ ഗർഭാശയത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമാണോ?” യേശു ഉത്തരമരുളി: “ഞാൻ ഉറപ്പിച്ചു പറയുന്നു: ഒരുവൻ ജലത്തിലും ആത്മാവിലുംകൂടി ജനിക്കുന്നില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കുവാൻ സാധ്യമല്ല. ഭൗതികശരീരത്തിൽനിന്നു ജനിക്കുന്നത് ഭൗതികശരീരവും ആത്മാവിൽനിന്നു ജനിക്കുന്നത് ആത്മാവുമാകുന്നു. നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറയുമ്പോൾ ആശ്ചര്യപ്പെടരുത്. കാറ്റ് ഇഷ്ടമുള്ളിടത്തു വീശുന്നു; അതിന്റെ ശബ്ദം നിങ്ങൾ കേൾക്കുന്നു; എങ്കിലും, എവിടെനിന്നു വരുന്നു എന്നോ, എങ്ങോട്ടു പോകുന്നു എന്നോ, നിങ്ങൾ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിക്കുന്നവനും അങ്ങനെതന്നെ. നിക്കോദിമോസ് യേശുവിനോടു ചോദിച്ചു: “ഇതെങ്ങനെയാണു സംഭവിക്കുക?”

JOHANA 3 വായിക്കുക