JEREMIA 42
42
പ്രാർഥിക്കാൻ ആവശ്യപ്പെടുന്നു
1സകല സൈന്യാധിപന്മാരും കാരേഹിന്റെ പുത്രനായ യോഹാനാനും ഹോശയ്യായുടെ പുത്രൻ യെസന്യായും ചെറിയവരും വലിയവരും എന്ന ഭേദം കൂടാതെ സർവജനവും അപ്പോൾ ഒന്നിച്ചുകൂടി. 2-3അവർ യിരെമ്യാ പ്രവാചകനോടു പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേട്ടാലും; ഒരു വലിയ ജനത ആയിരുന്ന ഞങ്ങളിൽ ഒരു ചെറിയ ഭാഗം മാത്രമേ ശേഷിച്ചിട്ടുള്ളൂ എന്ന് അങ്ങു കാണുന്നുവല്ലോ; ഈ ശേഷിപ്പിനുവേണ്ടി അങ്ങയുടെ ദൈവമായ സർവേശ്വരനോടു പ്രാർഥിച്ചാലും. ഞങ്ങൾ പോകേണ്ട മാർഗവും ഞങ്ങൾ ചെയ്യേണ്ട പ്രവൃത്തികളും ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു കാണിച്ചുതരുമാറാകട്ടെ.” 4യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങളുടെ അപേക്ഷ ഞാൻ കേട്ടു; നിങ്ങൾ അപേക്ഷിച്ചതുപോലെ നമ്മുടെ ദൈവമായ സർവേശ്വരനോടു ഞാൻ പ്രാർഥിക്കാം; അവിടുന്ന് അരുളിച്ചെയ്യുന്നതു ഞാൻ പറയാം; നിങ്ങളിൽനിന്നു യാതൊന്നും ഞാൻ മറച്ചു വയ്‍ക്കുകയില്ല.” 5അവർ യിരെമ്യായോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ സർവേശ്വരൻ ഏതു കാര്യവുമായി അങ്ങയെ ഞങ്ങളുടെ അടുക്കൽ അയച്ചാലും ഞങ്ങൾ അതനുസരിച്ചു പ്രവർത്തിച്ചുകൊള്ളാം; അങ്ങനെ ഞങ്ങൾ ചെയ്യുന്നില്ലെങ്കിൽ സർവേശ്വരൻ തന്നെ ഞങ്ങൾക്കെതിരെ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ. 6നമ്മുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നതു നന്മയോ തിന്മയോ ആകട്ടെ ഞങ്ങൾ അതനുസരിച്ചുകൊള്ളാം; ആ ദൈവത്തിന്റെ അടുക്കലേക്കാണല്ലോ ഞങ്ങൾ അങ്ങയെ അയയ്‍ക്കുന്നത്; നമ്മുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുമ്പോൾ ഞങ്ങൾക്കു ശുഭംവരും.”
7പത്തുദിവസം കഴിഞ്ഞു യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 8അപ്പോൾ കാരേഹിന്റെ പുത്രനായ യോഹാനാനെയും സൈന്യാധിപന്മാരെയും ചെറിയവർമുതൽ വലിയവർവരെ സർവജനത്തെയും യിരെമ്യാ വിളിച്ചുവരുത്തി അവരോടു പറഞ്ഞു: 9“നിങ്ങളുടെ അപേക്ഷ സമർപ്പിക്കാൻ നിങ്ങൾ എന്നെ ആരുടെ അടുക്കൽ അയച്ചുവോ ആ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: 10“നിങ്ങൾ ഈ ദേശത്തുതന്നെ പാർത്താൽ, ഞാൻ നിങ്ങളെ പടുത്തുയർത്തും; പൊളിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ നട്ടുപിടിപ്പിക്കും; പിഴുതുകളയുകയില്ല. നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ ദുഃഖിക്കുന്നു. 11നിങ്ങൾ ബാബിലോൺ രാജാവിനെ ഭയപ്പെടേണ്ടാ; അവന്റെ കരങ്ങളിൽനിന്ന് നിങ്ങളെ രക്ഷിക്കാനും മോചിപ്പിക്കാനും ഞാൻ നിങ്ങളോടുകൂടെയുണ്ട്. 12അവനെ ഭയപ്പെടേണ്ടാ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളോടു കരുണ കാണിക്കും. 13അങ്ങനെ അവനു നിങ്ങളോടു ദയ തോന്നി നിങ്ങളെ ദേശത്തു വസിക്കാൻ അനുവദിക്കും. ‘ഞങ്ങൾ ഈ ദേശത്ത് പാർക്കുകയില്ല, ഞങ്ങൾ അങ്ങയുടെ ദൈവമായ സർവേശ്വരന്റെ കല്പന അനുസരിക്കയുമില്ല. ഈജിപ്തിലേക്കു ഞങ്ങൾ പോകും; 14അവിടെ ഞങ്ങൾക്കു യുദ്ധം കാണുകയോ, യുദ്ധത്തിന്റെ കാഹളധ്വനി കേൾക്കയോ, അപ്പത്തിനുവേണ്ടി വിശക്കുകയോ ചെയ്യേണ്ടിവരികയില്ല, 15ഞങ്ങൾ അവിടെ പാർക്കും’ എന്നു പറയുകയും ചെയ്താൽ 16യെഹൂദായിൽ ശേഷിച്ചിരിക്കുന്നവരേ നിങ്ങൾ സർവേശ്വരന്റെ വാക്കു കേൾക്കുവിൻ. ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ അവിടുന്ന് അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്തിൽ പോയി അവിടെ പാർക്കാനാണു നിശ്ചയിച്ചിരിക്കുന്നതെങ്കിൽ, 17നിങ്ങൾ ഭയപ്പെടുന്ന വാൾ ഈജിപ്തിൽ വച്ചു നിങ്ങളുടെമേൽ പതിക്കും. നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ നിങ്ങളെ പിന്തുടരും; അവിടെവച്ചു നിങ്ങൾ മരിക്കും. ഈജിപ്തിലേക്കു പോയി അവിടെ പാർക്കാൻ നിശ്ചയിച്ചിരിക്കുന്നവർ വാളും ക്ഷാമവും മഹാമാരിയും കൊണ്ടു മരിക്കും; ഞാൻ അവരുടെമേൽ വരുത്തുന്ന അനർഥത്തിൽനിന്ന് ആരും രക്ഷപെടുകയില്ല, അവശേഷിക്കുകയുമില്ല.
18ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെരൂശലേം നിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്തിൽ പ്രവേശിച്ചു കഴിയുമ്പോൾ നിങ്ങളുടെമേലും എന്റെ ക്രോധം ചൊരിയും; നിങ്ങൾ ശാപത്തിനും പരിഭ്രാന്തിക്കും പരിഹാസത്തിനും നിന്ദയ്‍ക്കും വിധേയരാകും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല. 19യെഹൂദ്യയിൽ അവശേഷിച്ചിരിക്കുന്നവരേ, നിങ്ങൾ ഈജിപ്തിലേക്കു പോകരുത് എന്നു സർവേശ്വരൻ അരുളിച്ചെയ്തിരിക്കുന്നു; ഞാൻ അതിനെപ്പറ്റി ഇന്നു വ്യക്തമായ മുന്നറിയിപ്പു നല്‌കിയിരിക്കുന്നു എന്നും അറിഞ്ഞുകൊൾവിൻ. 20‘ഞങ്ങളുടെ സർവേശ്വരനോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, അവിടുന്നു കല്പിക്കുന്നതെന്തും ഞങ്ങൾ അനുസരിച്ചുകൊള്ളാം’ എന്നു പറഞ്ഞു നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ അടുക്കലേക്ക് അയച്ചപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കയായിരുന്നു. 21ഇന്നു ഞാൻ എല്ലാകാര്യങ്ങളും നിങ്ങളെ അറിയിച്ചു. നിങ്ങളോടു പറയാൻ നിങ്ങളുടെ ദൈവമായ സർവേശ്വരൻ എന്നോട് ആവശ്യപ്പെട്ടതൊന്നും നിങ്ങൾ അനുസരിച്ചിട്ടില്ല. അതുകൊണ്ടു നിങ്ങൾ പോയി പാർക്കാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങൾ വാളും ക്ഷാമവും മഹാമാരിയുംകൊണ്ടു മരിക്കും എന്നു നിശ്ചയമായും അറിഞ്ഞുകൊള്ളുവിൻ.”
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
JEREMIA 42: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.