JEREMIA 32:37-44

JEREMIA 32:37-44 MALCLBSI

“ഞാൻ എന്റെ കോപത്തിലും ക്രോധത്തിലും ഉഗ്രരോഷത്തിലും ചിതറിച്ചിരിക്കുന്ന ദേശങ്ങളിൽ നിന്നെല്ലാം അവരെ ഈ സ്ഥലത്തു കൂട്ടിവരുത്തും; അവർ സുരക്ഷിതരായി ഇവിടെ പാർക്കാൻ ഇടയാകും. അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും. അവർക്കും അവർക്കുശേഷം അവരുടെ മക്കൾക്കും നന്മ ഉണ്ടാകാൻവേണ്ടി നിത്യമായി എന്നോടു ഭയഭക്തി കാട്ടുവാൻ ഏകമനസ്സും ഏകമാർഗവും ഞാൻ അവർക്കു നല്‌കും. ഞാൻ അവരോട് ഒരു ശാശ്വത ഉടമ്പടി ചെയ്യും; അവർക്കു നന്മ ചെയ്യുന്നതിൽനിന്നു ഞാൻ പിന്തിരിയുകയില്ല. അവർ എന്നിൽനിന്നു മാറിപ്പോകാതിരിക്കാൻ എന്നോടുള്ള ഭക്തി അവരുടെ ഉള്ളിൽ നിക്ഷേപിക്കും. അവർക്കു നന്മ ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കും; പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി വിശ്വസ്തമായി ഞാൻ അവരെ ഈ ദേശത്തു നട്ടു വളർത്തും.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈ ജനത്തിന്റെമേൽ ഇത്ര വലിയ അനർഥം വരുത്തിവച്ചതുപോലെ ഞാൻ വാഗ്ദാനം ചെയ്യുന്ന സകല നന്മകളും അവരുടെമേൽ വർഷിക്കും. മനുഷ്യരും മൃഗങ്ങളും ഇല്ലാത്ത ശൂന്യദേശമെന്നും അതു ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നും നിങ്ങൾ പറയുന്ന ഈ സ്ഥലത്തു നിങ്ങൾ വയലുകൾ വാങ്ങും. അവർ ബെന്യാമീൻദേശത്തും യെരൂശലേമിനു ചുറ്റുമുള്ള സ്ഥലങ്ങളിലും യെഹൂദാനഗരങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്‌വരയിലെയും നെഗബിലെയും പട്ടണങ്ങളിലും നിലങ്ങൾ വിലയ്‍ക്കു വാങ്ങി, ആധാരമെഴുതി, സാക്ഷികളുടെ സാന്നിധ്യത്തിൽ ഒപ്പിട്ടു മുദ്രവയ്‍ക്കും; അവർക്ക് ഐശ്വര്യം വീണ്ടും നല്‌കുമെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

JEREMIA 32 വായിക്കുക