ISAIA 55:1-7

ISAIA 55:1-7 MALCLBSI

ദാഹിക്കുന്നവരേ വരുവിൻ, ഇതാ നിങ്ങൾക്കു വെള്ളം. നിർധനരേ, ധാന്യം വാങ്ങി ഭക്ഷിക്കുവിൻ. വില കൂടാതെ വീഞ്ഞും പാലും വാങ്ങുവിൻ. അപ്പമല്ലാത്തതിനുവേണ്ടി നിങ്ങൾ എന്തിനു പണം ചെലവിടുന്നു? സംതൃപ്തി നല്‌കാത്തതിനുവേണ്ടി എന്തിനധ്വാനിക്കുന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേൾക്കുവിൻ. നല്ലതായുള്ളതു ഭക്ഷിച്ച് ഉല്ലസിച്ചുകൊള്ളുവിൻ. ഞാൻ പറയുന്നതു ശ്രദ്ധയോടെ കേൾക്കാൻ എന്റെ അടുത്തു വരുവിൻ. നിങ്ങളുടെ ആത്മാവു ജീവിക്കേണ്ടതിന് ഇതു കേൾക്കുവിൻ. ഞാൻ നിങ്ങളുമായി ഒരു ശാശ്വതഉടമ്പടി ഉണ്ടാക്കും. ദാവീദിനോടുള്ള അചഞ്ചലവും സുനിശ്ചിതവുമായ സ്നേഹത്തിന്റെ ഉടമ്പടിതന്നെ. ഇതാ, ഞാനവനെ ജനതകൾക്കു സാക്ഷിയും നേതാവും അധിപനും ആക്കിയിരിക്കുന്നു. നിനക്കറിഞ്ഞുകൂടാത്ത ജനപദങ്ങളെ നീ വിളിക്കും, നിന്നെ അറിയാത്ത ജനത നിന്റെ അടുക്കലേക്ക് ഓടിവരും. ഇസ്രായേലിന്റെ പരിശുദ്ധനും നിങ്ങളുടെ ദൈവവുമായ സർവേശ്വരൻ നിങ്ങളെ മഹത്ത്വപ്പെടുത്തിയിരിക്കുന്നുവല്ലോ. കണ്ടെത്താവുന്ന സമയത്തു സർവേശ്വരനെ അന്വേഷിക്കുവിൻ. സമീപത്തുള്ളപ്പോൾ അവിടുത്തെ വിളിക്കുവിൻ. ദുഷ്ടൻ തന്റെ വഴിയും നീതികെട്ടവൻ തന്റെ ആലോചനകളും ഉപേക്ഷിക്കട്ടെ. കരുണ ലഭിക്കാൻ അവിടുത്തെ അടുക്കലേക്ക് അവൻ മടങ്ങിവരട്ടെ. അവിടുന്ന് ഉദാരമായി ക്ഷമിക്കുമല്ലോ.

ISAIA 55 വായിക്കുക