ആ ഏഴു ദിവസം പൂർത്തിയാകാറായപ്പോൾ, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാർ ദേവാലയത്തിൽവച്ച് അദ്ദേഹത്തെ കണ്ടു. “ഇസ്രായേൽപുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്‍ക്കും ധർമശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാൾ ഗ്രീക്കുകാരെ ദേവാലയത്തിൽ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവർ ജനങ്ങളെ ഇളക്കിവിട്ടു. അവർ അദ്ദേഹത്തെ പിടിച്ചു. എഫെസൊസുകാരനായ ത്രോഫിമോസിനെ അവർ പൗലൊസിനോടുകൂടി നേരത്തെ നഗരത്തിൽവച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തിൽ പ്രവേശിപ്പിച്ചുകാണുമെന്ന് അവർ ഊഹിച്ചു. നഗരം ആകമാനം ഇളകി, ജനങ്ങൾ ഓടിക്കൂടി. അവർ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്റെ സഹസ്രാധിപന് അറിവു കിട്ടി. ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കൽ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോൾ അവർ പൗലൊസിനെ മർദിക്കുന്നതു നിറുത്തി. സഹസ്രാധിപൻ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാൻ ഉത്തരവിട്ടു. ഇയാൾ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളിൽ ഒരു കൂട്ടർ ഒരു വിധത്തിലും മറ്റൊരു കൂട്ടർ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്റെ യഥാർഥ കാരണം മനസ്സിലാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാൻ അദ്ദേഹം ആജ്ഞാപിച്ചു. പാളയത്തിന്റെ നടയ്‍ക്കരികിലെത്തിയപ്പോൾ പ്രക്ഷുബ്‍ധമായ ജനസഞ്ചയത്തിന്റെ ബലാല്‌ക്കാരംമൂലം, പടയാളികൾക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു. “അവനെ കൊന്നുകളയുക” എന്ന് ആൾക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു. പാളയത്തിൽ പ്രവേശിക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങൾ അങ്ങയോടു പറയുവാൻ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു. അപ്പോൾ സൈന്യാധിപൻ, “നിങ്ങൾക്കു ഗ്രീക്കറിയാം അല്ലേ? കുറേനാൾമുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവർത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങൾ? എന്നു ചോദിച്ചു. പൗലൊസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തർസൊസിൽ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാൻ അങ്ങ് അനുവദിച്ചാലും.” സഹസ്രാധിപൻ അനുവദിച്ചപ്പോൾ, പൗലൊസ് നടയിൽ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോൾ, അദ്ദേഹം എബ്രായഭാഷയിൽ ഇപ്രകാരം പ്രസ്താവിച്ചു
TIRHKOHTE 21 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 21:27-40
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ