TIRHKOHTE 16:16-26

TIRHKOHTE 16:16-26 MALCLBSI

ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു ഭൂതാവേശമുള്ള അടിമപ്പെൺകുട്ടിയെ കണ്ടുമുട്ടി. അവൾ ഭാവിഫലം പറഞ്ഞ് തന്റെ യജമാനന്മാർക്കു ധാരാളം ആദായം ഉണ്ടാക്കിവന്നിരുന്നു. അവൾ പൗലൊസിന്റെയും ഞങ്ങളുടെയും പിന്നാലെ വന്ന് “ഇവർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്; രക്ഷയുടെ മാർഗമാണ് ഇവർ നിങ്ങളെ അറിയിക്കുന്നത്” എന്നു വിളിച്ചുപറഞ്ഞു. ഇത് അവൾ പലദിവസം ആവർത്തിച്ചു. പൗലൊസിന് ഇതൊരു ശല്യമായിത്തീർന്നു. അദ്ദേഹം അവളുടെ നേരേ തിരിഞ്ഞ് അവളിൽ കുടികൊണ്ടിരുന്ന ഭൂതത്തോട്, “അവളെ വിട്ടു പുറത്തുപോകുക എന്ന് യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടാജ്ഞാപിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷത്തിൽത്തന്നെ ഭൂതം അവളെ വിട്ടുപോയി. ഇതോടെ തങ്ങളുടെ ആദായമാർഗം അടഞ്ഞു എന്നു കണ്ട് ആ പെൺകുട്ടിയുടെ ഉടമസ്ഥന്മാർ പൗലൊസിനെയും ശീലാസിനെയും പിടിച്ച് വലിച്ചിഴച്ചുകൊണ്ടുവന്ന് പട്ടണത്തിലെ പൊതുസ്ഥലത്ത് അധികാരികളുടെ മുമ്പിൽ ഹാജരാക്കി. അവരെ ന്യായാധിപന്മാരുടെ മുമ്പിൽ കൊണ്ടുവന്ന് “യെഹൂദന്മാരായ ഇവർ നമ്മുടെ പട്ടണത്തിൽ വലിയ കലാപമുണ്ടാക്കുന്നു; റോമാക്കാരായ നമുക്ക് അംഗീകരിക്കുവാനും അനുസരിക്കുവാനും നിവൃത്തിയില്ലാത്ത ആചാരങ്ങൾ ഇവർ പ്രസംഗിക്കുന്നു” എന്നു പറഞ്ഞു. അവരോടുകൂടി ബഹുജനങ്ങളും ചേർന്നു. പൗലൊസിന്റെയും ശീലാസിന്റെയും വസ്ത്രം അഴിച്ച് അടിശിക്ഷ നല്‌കുവാൻ ന്യായാധിപന്മാർ ആജ്ഞാപിച്ചു. വളരെയധികം പ്രഹരിച്ചശേഷം അവരെ കാരാഗൃഹത്തിലടച്ചു; അവരെ ജാഗ്രതയോടുകൂടി സൂക്ഷിച്ചുകൊള്ളണമെന്ന് ജയിലധികാരിക്കു നിർദേശവും നല്‌കി. അതനുസരിച്ച് അവരുടെ കാല് ആമത്തിലിട്ട് അവരെ ജയിലിന്റെ ഉൾമുറിയിലടച്ചു. പൗലൊസും ശീലാസും അർധരാത്രിയിൽ ദൈവത്തെ സ്തുതിച്ചു പാട്ടുപാടി പ്രാർഥിച്ചുകൊണ്ടിരുന്നു. മറ്റു തടവുകാർ അതു ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് കാരാഗൃഹത്തിന്റെ അടിസ്ഥാനം ഇളകുമാറ് ഒരു വലിയ ഭൂകമ്പമുണ്ടായി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു; എല്ലാവരുടെയും ചങ്ങല താഴെ വീണു.

TIRHKOHTE 16 വായിക്കുക