2 KORINTH 8:1-9

2 KORINTH 8:1-9 MALCLBSI

സഹോദരരേ, മാസിഡോണിയയിലെ സഭകളിൽ ദൈവം അവിടുത്തെ കൃപമൂലം സാധിച്ച കാര്യങ്ങൾ നിങ്ങൾ അറിയണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. അവരുടെ ക്ലേശങ്ങളും ദാരിദ്ര്യവും കഠിനതരമായിരുന്നെങ്കിലും ഉദാരമായി ദാനം ചെയ്യുന്നതിൽ അവർ അത്യന്തം സന്തോഷിച്ചു. തങ്ങൾക്കു കഴിവുള്ളിടത്തോളം എന്നല്ല, കഴിവിനപ്പുറംതന്നെ അവർ ദാനം ചെയ്തു എന്ന് ഉറപ്പിച്ചുപറയാം. യെഹൂദ്യയിലെ ദൈവജനത്തെ സഹായിക്കുന്ന സേവനത്തിൽ പങ്കുകൊള്ളുക എന്ന പദവിക്കുവേണ്ടി അവർ ഞങ്ങളോടു വാദിക്കുകയും അപേക്ഷിക്കുകയും ചെയ്തു. ഇത് ഞങ്ങൾ പ്രതീക്ഷിച്ചതിൽ അപ്പുറമായിരുന്നു. ഒന്നാമത് അവർ തങ്ങളെത്തന്നെ കർത്താവിനു സമർപ്പിച്ചു; പിന്നീട് അവർ ദൈവഹിതപ്രകാരം തങ്ങളെ ഞങ്ങൾക്കും സമർപ്പിച്ചു. തീത്തോസും നിങ്ങളുടെ ഇടയിൽ നേരത്തെ സമാരംഭിച്ച ഈ ഉദാരമായ സേവനം തുടർന്നു പൂർത്തീകരിക്കുന്നതിൽ നിങ്ങളെ സഹായിക്കുവാൻ അയാളോടുതന്നെ ഞങ്ങൾ അഭ്യർഥിച്ചു. വിശ്വാസം, പ്രഭാഷണം, പരിജ്ഞാനം, സഹായിക്കുവാനുളള വ്യഗ്രത, ഞങ്ങളോടുള്ള സ്നേഹം എന്നിവയിലെല്ലാം നിങ്ങൾ സമ്പന്നരാകുന്നു. അതുകൊണ്ട് ഈ കൃപാശുശ്രൂഷയിലും നിങ്ങൾ മികച്ചുനില്‌ക്കുക. ഇതൊരു കല്പനയല്ല; സഹായിക്കുന്ന കാര്യത്തിൽ മറ്റുള്ളവർ എത്രമാത്രം ഉത്സുകരാണെന്ന് എടുത്തു കാണിച്ച്, നിങ്ങളുടെ സ്നേഹവും എത്രകണ്ട് യഥാർഥമാണെന്നു മനസ്സിലാക്കുവാൻ ഞാൻ ശ്രമിക്കുകയാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങൾക്ക് അറിവുള്ളതാണല്ലോ; തന്റെ ദാരിദ്ര്യം മുഖേന നിങ്ങൾ സമ്പന്നരാകുന്നതിനുവേണ്ടി, സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി അവിടുന്നു സ്വയം ദരിദ്രനായിത്തീർന്നു.

2 KORINTH 8 വായിക്കുക