1 SAMUELA 8:1-18

1 SAMUELA 8:1-18 MALCLBSI

ശമൂവേൽ വൃദ്ധനായപ്പോൾ തന്റെ പുത്രന്മാരെ ഇസ്രായേലിൽ ന്യായപാലകരായി നിയമിച്ചു. മൂത്തപുത്രൻ യോവേലും രണ്ടാമത്തെ പുത്രൻ അബീയാവും ബേർ-ശേബായിൽ ന്യായപാലനം ചെയ്തു. അവർ തങ്ങളുടെ പിതാവിന്റെ വഴിയിൽ നടക്കാതെ ധനം മോഹിച്ചു കൈക്കൂലി വാങ്ങി നീതി നിഷേധിച്ചു. ഇസ്രായേൽനേതാക്കന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമൂവേലിന്റെ അടുക്കൽ വന്നു. അവർ പറഞ്ഞു: “അങ്ങു വൃദ്ധനായല്ലോ; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ വഴിയിൽ നടക്കുന്നില്ല. അതുകൊണ്ടു ഞങ്ങൾക്കു ന്യായപാലനം നടത്താൻ മറ്റു ജനതകൾക്കുള്ളതുപോലെ ഒരു രാജാവിനെ നിയമിച്ചുതന്നാലും.” “ഞങ്ങൾക്കു ഒരു രാജാവിനെ തരിക” എന്നവർ ആവശ്യപ്പെട്ടതു ശമൂവേലിന് ഇഷ്ടമായില്ല. അദ്ദേഹം സർവേശ്വരനോടു പ്രാർഥിച്ചു; അവിടുന്നു ശമൂവേലിന് ഉത്തരമരുളി: “ജനം പറയുന്നതു കേൾക്കുക; അവർ നിന്നെയല്ല, ഞാൻ അവരെ ഭരിക്കാത്തവിധം അവർ എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്. ഞാൻ അവരെ ഈജിപ്തിൽനിന്നു കൊണ്ടുവന്ന നാൾ മുതൽ തങ്ങളുടെ പ്രവൃത്തികളാൽ അവർ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുതന്നെയാണ് അവർ നിന്നോടും ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ അവർ പറയുന്നതു കേൾക്കുക; എന്നാൽ അവരെ ഭരിക്കാൻ പോകുന്ന രാജാക്കന്മാരുടെ ഭരണരീതി വിവരിച്ചുകൊടുത്ത് അവർക്ക് വ്യക്തമായി മുന്നറിയിപ്പ് നല്‌കണം.” രാജാവിനെ നിയമിച്ചുകൊടുക്കണമെന്നു തന്നോട് ആവശ്യപ്പെട്ടവരോടു സർവേശ്വരന്റെ വചനങ്ങൾ ശമൂവേൽ അറിയിച്ചു. “നിങ്ങളെ ഭരിക്കാൻ പോകുന്ന രാജാവിന്റെ പ്രവർത്തനശൈലി ഇതായിരിക്കും; അവൻ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും അശ്വഭടന്മാരുമായി നിയമിക്കും; അവന്റെ രഥങ്ങൾക്കു മുമ്പേ അവർ ഓടേണ്ടിവരും. അവരിൽ ചിലരെ ആയിരങ്ങൾക്കും അമ്പതുകൾക്കും അധിപന്മാരായി നിയമിക്കും; തന്റെ നിലം കൃഷി ചെയ്യുന്നതിനും വിള കൊയ്യുന്നതിനും തന്റെ യുദ്ധോപകരണങ്ങളും രഥോപകരണങ്ങളും ഉണ്ടാക്കുന്നതിനും അവരെ നിയോഗിക്കും. നിങ്ങളുടെ പുത്രിമാരെ തൈലം പൂശുന്നവരും പാചകക്കാരും അപ്പക്കാരികളുമായി നിയമിക്കും. നിങ്ങളുടെ ഏറ്റവും നല്ല വയലുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്തു തന്റെ സേവകർക്കു കൊടുക്കും. അവൻ നിങ്ങളുടെ ധാന്യങ്ങളുടെയും മുന്തിരിയുടെയും ദശാംശമെടുത്ത് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നല്‌കും. നിങ്ങളുടെ ദാസീദാസന്മാരെയും ഏറ്റവും നല്ല കന്നുകാലികളെയും കഴുതകളെയും തന്റെ ജോലിക്ക് ഉപയോഗിക്കും. ആട്ടിൻപറ്റത്തിന്റെ ദശാംശം അവനെടുക്കും; നിങ്ങൾ അവന്റെ അടിമകളായിത്തീരും. നിങ്ങൾ തിരഞ്ഞെടുത്ത രാജാവുനിമിത്തം അന്നു നിങ്ങൾ വിലപിക്കും; എന്നാൽ അന്നു സർവേശ്വരൻ നിങ്ങൾക്ക് ഉത്തരം അരുളുകയില്ല.”

1 SAMUELA 8 വായിക്കുക