1 SAMUELA 17:40-58

1 SAMUELA 17:40-58 MALCLBSI

പിന്നീട് അവൻ തന്റെ വടി കൈയിലെടുത്തു; തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ല് തിരഞ്ഞെടുത്തു തന്റെ സഞ്ചിയിൽ ഇട്ടു; കൈയിൽ കവിണയും ഉണ്ടായിരുന്നു. അങ്ങനെ അവൻ ഫെലിസ്ത്യനെ സമീപിച്ചു. ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരൻ ഫെലിസ്ത്യന്റെ മുമ്പിൽ നടന്നു. ദാവീദിനെ കണ്ടപ്പോൾ ഫെലിസ്ത്യനു പുച്ഛം തോന്നി; കാരണം അവൻ പവിഴനിറവും കോമളരൂപവുമുള്ള ഒരു യുവാവു മാത്രമായിരുന്നു. ഫെലിസ്ത്യൻ ദാവീദിനോടു ചോദിച്ചു: “നീ വടിയും എടുത്ത് എന്റെ നേരെ വരാൻ ഞാൻ ഒരു നായാണോ?” തന്റെ ദേവന്മാരുടെ നാമം ചൊല്ലി അയാൾ ദാവീദിനെ ശപിച്ചു. ഫെലിസ്ത്യൻ ദാവീദിനോടു പറഞ്ഞു: “ഇങ്ങോട്ടടുത്തു വരിക; ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇരയാക്കും.” ദാവീദു ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ശൂലവുമായി എന്റെ നേരെ വരുന്നു; ഞാനാകട്ടെ ഇസ്രായേൽസേനകളുടെ ദൈവത്തിന്റെ നാമത്തിൽ, നീ നിന്ദിച്ച സർവശക്തനായ സർവേശ്വരന്റെ നാമത്തിൽ തന്നെ വരുന്നു. ഇന്നു സർവേശ്വരൻ നിന്നെ എന്റെ കൈയിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; ഫെലിസ്ത്യസൈന്യങ്ങളുടെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയാക്കും; ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ലോകം എങ്ങും അറിയും. സർവേശ്വരൻ വാളും കുന്തവും കൊണ്ടല്ല തന്റെ ജനത്തെ രക്ഷിക്കുന്നത് എന്ന് ഈ ജനസമൂഹം അറിയും. യുദ്ധം സർവേശ്വരൻറേതാണ്; അവിടുന്നു നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിക്കും.” ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ മുന്നോട്ടു വന്നു; ദാവീദും യുദ്ധമുന്നണിയിലേക്ക് ഓടി അടുത്തു. ദാവീദ് സഞ്ചിയിൽനിന്ന് കല്ലെടുത്തു കവിണയിൽ വച്ചു ചുഴറ്റി ഫെലിസ്ത്യന്റെ നേരേ എറിഞ്ഞു; കല്ല് അയാളുടെ നെറ്റിയിൽതന്നെ തുളച്ചുകയറി; അയാൾ മുഖം കുത്തിവീണു. അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ എറിഞ്ഞുവീഴ്ത്തി കൊന്നു. ദാവീദിന്റെ കൈയിൽ വാളില്ലായിരുന്നു. അവൻ ഓടിച്ചെന്ന് ഫെലിസ്ത്യന്റെ പുറത്തുകയറി അയാളുടെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത് തലവെട്ടിമാറ്റി അയാളെ കൊന്നു. തങ്ങളുടെ മല്ലൻ കൊല്ലപ്പെട്ടതു കണ്ടു ഫെലിസ്ത്യർ ഓടിപ്പോയി. ഇസ്രായേലിലെയും യെഹൂദ്യയിലെയും ജനങ്ങൾ ആർത്തുവിളിച്ചുകൊണ്ട് ഗത്ത്, എക്രോൻ കവാടങ്ങൾ വരെ ഫെലിസ്ത്യരെ പിന്തുടർന്നു; ശയരയീംമുതൽ ഗത്തും എക്രോനുംവരെ വഴിയിൽ ഫെലിസ്ത്യർ മുറിവേറ്റു വീണു. ഇസ്രായേൽജനം ഫെലിസ്ത്യരെ ഓടിച്ചതിനുശേഷം മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയടിച്ചു. ദാവീദ് ഫെലിസ്ത്യന്റെ തല യെരൂശലേമിൽ കൊണ്ടുവന്നു; അയാളുടെ ആയുധങ്ങൾ തന്റെ കൂടാരത്തിൽ ദാവീദ് സൂക്ഷിച്ചു. ദാവീദ് ഫെലിസ്ത്യനെ നേരിടാൻ മുമ്പോട്ടു പോകുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോടു: “ആ യുവാവ് ആരുടെ പുത്രനാണ്” എന്നു ചോദിച്ചു. തനിക്കറിഞ്ഞുകൂടെന്ന് അബ്നേർ മറുപടി നല്‌കി. ആ യുവാവ് ആരാണെന്ന് അന്വേഷിക്കാൻ രാജാവ് കല്പിച്ചു. ഫെലിസ്ത്യനെ വധിച്ചശേഷം അയാളുടെ തലയുമായി മടങ്ങിവന്ന ദാവീദിനെ, അബ്നേർ ശൗലിന്റെ അടുക്കൽ കൂട്ടിക്കൊണ്ടുചെന്നു. ശൗൽ ചോദിച്ചു: “നീ ആരുടെ പുത്രനാണ്?” “ഞാൻ അങ്ങയുടെ ദാസനും ബേത്‍ലഹേംകാരനുമായ യിശ്ശായിയുടെ പുത്രനാകുന്നു” ദാവീദ് പറഞ്ഞു.

1 SAMUELA 17 വായിക്കുക