1 SAMUELA 1:21-28

1 SAMUELA 1:21-28 MALCLBSI

എല്‌ക്കാനായും കുടുംബവും സർവേശ്വരനു വർഷംതോറുമുള്ള യാഗം അർപ്പിക്കുവാനും നേർച്ച കഴിക്കുവാനുമായി വീണ്ടും പോയി. എന്നാൽ ഹന്നാ പോയില്ല; അവൾ ഭർത്താവിനോടു പറഞ്ഞു: “കുഞ്ഞിന്റെ മുലകുടി മാറട്ടെ; അതിനുശേഷം അവൻ സർവേശ്വരസന്നിധിയിൽ ശുശ്രൂഷ ചെയ്യാനും എന്നേക്കും അവിടെ പാർക്കാനുമായി ഞാൻ അവനെ കൊണ്ടുവരാം.” എല്‌ക്കാനാ അവളോടു പറഞ്ഞു: “നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുന്നതുവരെ ഇവിടെ താമസിക്കുക; നിന്റെ പ്രതിജ്ഞ നിറവേറ്റാൻ സർവേശ്വരൻ ഇടവരുത്തട്ടെ.” അവന്റെ മുലകുടി മാറുന്നതുവരെ അവൾ വീട്ടിൽ പാർത്തു. അവന്റെ മുലകുടി മാറിയപ്പോൾ, മൂന്നു വയസ്സു പ്രായമുള്ള ഒരു കാളക്കുട്ടിയും ഒരു ഏഫാ മാവും ഒരു തോൽസഞ്ചി നിറച്ചു വീഞ്ഞുമായി, അവൾ ശമൂവേലിനെ ശീലോവിൽ സർവേശ്വരന്റെ ആലയത്തിലേക്ക് കൊണ്ടുപോയി. ശമൂവേൽ അപ്പോൾ ബാലനായിരുന്നു. കാളക്കുട്ടിയെ കൊന്നതിനുശേഷം ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു. ഹന്നാ പറഞ്ഞു: “യജമാനനേ, അങ്ങയുടെ സമീപത്തുനിന്നു സർവേശ്വരനോടു പ്രാർഥിച്ച സ്‍ത്രീയാണു ഞാൻ; ഈ കുഞ്ഞിനുവേണ്ടിയായിരുന്നു ഞാൻ പ്രാർഥിച്ചത്. സർവേശ്വരൻ എന്റെ അപേക്ഷ കേട്ടു; അതുകൊണ്ട് ഇവനെ ഞാൻ സർവേശ്വരന് സമർപ്പിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം സർവേശ്വരന് നിവേദിതനായിരിക്കും.” പിന്നീട് അവർ അവിടെ സർവേശ്വരനെ ആരാധിച്ചു.

1 SAMUELA 1 വായിക്കുക