Лого на YouVersion
Икона за пребарување

JOHANA 5

5
ബേത്‍സഥാ കുളക്കരയിൽ
1അതിനുശേഷം, യെഹൂദന്മാരുടെ ഒരുത്സവമുണ്ടായിരുന്നതിനാൽ യേശു യെരൂശലേമിലേക്കു പോയി. 2അവിടെ ‘ആട്ടിൻ വാതിൽ’ എന്ന നഗരഗോപുരത്തിനു സമീപം #5:2 ചില കൈയെഴുത്തു പ്രതികളിൽ ‘ബേഥെസ്ദാ’ എന്നാണ്.’ബേത്‍സഥാ’ എന്ന് എബ്രായ ഭാഷയിൽ വിളിക്കപ്പെടുന്ന ഒരു കുളമുണ്ട്. അതിന് അഞ്ചു മുഖമണ്ഡപങ്ങളുമുണ്ട്. 3അവിടെ അന്ധന്മാർ, മുടന്തന്മാർ, ശരീരം തളർന്നവർ തുടങ്ങി ഒട്ടുവളരെ രോഗഗ്രസ്തർ കിടന്നിരുന്നു. 4#5:4 ചില കൈയെഴുത്തു പ്രതികളിൽ ഈ വാക്യം കാണുന്നില്ല.കുളത്തിലെ വെള്ളം ഇളകുന്നതു നോക്കി കിടക്കുകയായിരുന്നു അവർ. ഇടയ്‍ക്കിടെ ഒരു ദൈവദൂതൻ കുളത്തിലിറങ്ങി വെള്ളം ഇളക്കും. അതിനുശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗം പിടിപെട്ടവനായിരുന്നാലും സുഖംപ്രാപിച്ചു വന്നിരുന്നു. 5മുപ്പത്തെട്ടു വർഷമായി രോഗബാധിതനായിരുന്ന ഒരാൾ അവിടെയുണ്ടായിരുന്നു. 6യേശു ആ രോഗിയെ കണ്ടു; ദീർഘകാലമായി അയാൾ ഈ അവസ്ഥയിൽ അവിടെ കഴിയുകയാണെന്നു മനസ്സിലാക്കി. യേശു അയാളോട് “നിനക്കു സുഖം പ്രാപിക്കണമെന്ന് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
7രോഗി പറഞ്ഞു: “പ്രഭോ, വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിലിറക്കുവാൻ ആരുമില്ല; ഞാൻ ചെല്ലുമ്പോഴേക്ക് എനിക്കു മുമ്പായി ആരെങ്കിലും ഇറങ്ങിക്കഴിയും.”
8യേശു അയാളോട്, “എഴുന്നേറ്റ്, നിന്റെ കിടക്ക എടുത്തു നടക്കുക” എന്നു പറഞ്ഞു. 9ഉടനെ ആ മനുഷ്യൻ സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു തുടങ്ങി.
10അതൊരു ശബത്തു ദിവസമായിരുന്നു. സുഖംപ്രാപിച്ച മനുഷ്യനോട് യെഹൂദന്മാർ ചോദിച്ചു: “ഇന്ന് ശബത്തല്ലേ? ശബത്തു ദിവസം കിടക്ക എടുത്തുകൊണ്ടു നടക്കുന്നത് നമ്മുടെ മതനിയമത്തിനു വിരുദ്ധമല്ലേ?”
11അപ്പോൾ അയാൾ പറഞ്ഞു: “എന്നെ സുഖപ്പെടുത്തിയ മനുഷ്യൻ കിടക്ക എടുത്തുകൊണ്ടു നടക്കുക എന്ന് എന്നോടു പറഞ്ഞു.”
12അവർ വീണ്ടും അയാളോടു ചോദിച്ചു: “കിടക്കയെടുത്തു നടക്കുവാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആരാണ്?”
13എന്നാൽ യേശു സൗഖ്യം നല്‌കിയ ആ മനുഷ്യന് തന്നെ സുഖപ്പെടുത്തിയത് ആരാണെന്ന് അറിഞ്ഞുകൂടായിരുന്നു. എന്തെന്നാൽ അവിടെ ഉണ്ടായിരുന്ന ആൾക്കൂട്ടത്തിൽ യേശു മറഞ്ഞുകഴിഞ്ഞിരുന്നു.
14പിന്നീട് യേശു അയാളെ ദേവാലയത്തിൽവച്ചു കണ്ട് അയാളോട് “നോക്കൂ, നീ സുഖം പ്രാപിച്ചുവല്ലോ; ഇനിമേൽ പാപം ചെയ്യരുത്; ഇതിലേറെ ദോഷമായതു നിനക്കു സംഭവിക്കരുതല്ലോ” എന്നു പറഞ്ഞു.
15ആ മനുഷ്യൻ ചെന്ന് യെഹൂദന്മാരോട്, തന്നെ സുഖപ്പെടുത്തിയത് യേശു ആണെന്നു പറഞ്ഞു. 16യേശു ശബത്തിൽ ഇങ്ങനെയുള്ള പ്രവൃത്തികൾ ചെയ്തതുകൊണ്ട് യെഹൂദന്മാർ അവിടുത്തെ പീഡിപ്പിക്കുവാൻ തുടങ്ങി. യേശു അവരോടു പറഞ്ഞു: 17“എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്. അതുകൊണ്ടു ഞാനും പ്രവർത്തിക്കുന്നു.”
18ശബത്തു ലംഘിച്ചു എന്നതു മാത്രമല്ല, ദൈവത്തെ തന്റെ പിതാവ് എന്നു വിളിച്ച് തന്നെത്തന്നെ ദൈവത്തോടു സമനാക്കി എന്നതുകൊണ്ടും യെഹൂദന്മാർ യേശുവിനെ വധിക്കുവാനുള്ള ഉപായം എന്തെന്നു പൂർവാധികം അന്വേഷിച്ചു.
പുത്രന്റെ അധികാരം
19യേശു അവരോടു പറഞ്ഞു: “സത്യം ഞാൻ നിങ്ങളോടു പറയട്ടെ: പുത്രനു സ്വന്തനിലയിൽ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. പിതാവു ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രൻ ചെയ്യുന്നുള്ളൂ. 20പിതാവു ചെയ്യുന്നതുതന്നെ പുത്രനും ചെയ്യുന്നു. പിതാവു പുത്രനെ സ്നേഹിക്കുന്നു. താൻ ചെയ്യുന്നതെല്ലാം പുത്രനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. നിങ്ങൾ ആശ്ചര്യപ്പെടത്തക്കവിധം ഇവയെക്കാൾ വലിയ പ്രവൃത്തികൾ അവിടുന്നു കാണിച്ചുകൊടുക്കും. 21പിതാവു മരിച്ചവരെ ഉയിർപ്പിച്ച് അവർക്കു ജീവൻ നല്‌കുന്നതുപോലെ പുത്രനും തനിക്കിഷ്ടമുള്ളവർക്ക് ജീവൻ നല്‌കുന്നു. 22-23പിതാവ് ആരെയും ന്യായം വിധിക്കുന്നില്ല. പിതാവിനെ ബഹുമാനിക്കുന്നതുപോലെ എല്ലാവരും പുത്രനെയും ബഹുമാനിക്കേണ്ടതിന് അവിടുന്നു ന്യായവിധി മുഴുവൻ പുത്രനെ ഏല്പിച്ചിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ പുത്രനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24“ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: എന്റെ വചനം കേട്ട് എന്നെ അയച്ചവനിൽ വിശ്വസിക്കുന്നവന് അനശ്വര ജീവനുണ്ട്; അവൻ ന്യായവിധിക്കു വിധേയനാകാതെ മരണത്തിൽനിന്നു ജീവനിലേക്കു കടന്നുകഴിഞ്ഞിരിക്കുന്നു. 25മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവൻ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോൾത്തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. 26താൻ തന്നെ ജീവന്റെ ഉറവിടം ആയിരിക്കുന്നതുപോലെ പുത്രനും ജീവന്റെ ഉറവിടം ആയിരിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. 27അവൻ മനുഷ്യപുത്രനായതുകൊണ്ട് ന്യായം വിധിക്കുവാനുള്ള അധികാരം അവനു നല്‌കപ്പെട്ടിരിക്കുന്നു. ഇതിൽ ആരും ആശ്ചര്യപ്പെടേണ്ടാ. 28-29ശവക്കുഴിയിലുള്ള മരിച്ചവരെല്ലാം പുത്രന്റെ ശബ്ദം കേട്ടു പുറത്തുവരികയും നന്മചെയ്തവർ ഉയിർത്തെഴുന്നേറ്റു ജീവിക്കുകയും തിന്മ ചെയ്തിട്ടുള്ളവർ ഉയിർത്തെഴുന്നേറ്റു ന്യായവിധിക്കു വിധേയരാവുകയും ചെയ്യുന്ന സമയം വരുന്നു.
യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം
30“എനിക്കു സ്വയമേവ ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ദൈവം പറയുന്നതുകേട്ട് ഞാൻ ന്യായം വിധിക്കുന്നു. എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ഞാൻ ചെയ്യുവാൻ ശ്രമിക്കുന്നത്. അതുകൊണ്ട് എന്റെ വിധി നീതിയുക്തവുമാണ്.
31“ഞാൻ തന്നെ എന്നെപ്പറ്റി സാക്ഷ്യം പറഞ്ഞാൽ അതു ശരിയായിരിക്കുകയില്ല. 32എന്നാൽ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്ന ഒരാളുണ്ട്. അവിടുന്ന് എന്നെപ്പറ്റി പറയുന്ന ആ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം. 33നിങ്ങൾ യോഹന്നാന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചല്ലോ. അദ്ദേഹം സത്യത്തിനു സാക്ഷ്യംവഹിച്ചിരിക്കുന്നു. 34മനുഷ്യന്റെ സാക്ഷ്യം എനിക്ക് ആവശ്യം ഉണ്ടായിട്ടില്ല; നിങ്ങൾ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതു പറയുന്നത്. 35യോഹന്നാൻ കത്തിജ്വലിക്കുന്ന വിളക്കായിരുന്നു. അതിന്റെ പ്രകാശത്തിൽ അല്പകാലം ആഹ്ലാദിക്കുവാൻ നിങ്ങൾ ഇഷ്ടപ്പെടുകയും ചെയ്തു. 36എന്നാൽ യോഹന്നാൻ നല്‌കിയ സാക്ഷ്യത്തെക്കാൾ മഹത്തായ സാക്ഷ്യം എനിക്കുണ്ട്. ഞാൻ ചെയ്തു പൂർത്തീകരിക്കുന്നതിനു പിതാവ് ഏല്പിച്ചിരിക്കുന്നതും ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതുമായ ഈ പ്രവൃത്തികൾതന്നെയാണ് പിതാവ് എന്നെ അയച്ചു എന്നതിനു സാക്ഷ്യം വഹിക്കുന്നത്. 37എന്നെ അയച്ച പിതാവു തന്നെയും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിട്ടുണ്ട്. നിങ്ങൾ അവിടുത്തെ ശബ്ദം ഒരിക്കലും ശ്രവിച്ചിട്ടില്ല; അവിടുത്തെ രൂപം ഒരിക്കലും ദർശിച്ചിട്ടുമില്ല. അവിടുത്തെ വചനം നിങ്ങളിൽ വസിക്കുന്നുമില്ല. 38എന്തെന്നാൽ അവിടുന്ന് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ. 39വേദലിഖിതങ്ങളിൽ അനശ്വരജീവനുണ്ടെന്നു കരുതി നിങ്ങൾ ശുഷ്കാന്തിയോടെ അവ പരിശോധിക്കുന്നു. ആ ലിഖിതങ്ങൾ എന്നെക്കുറിച്ചു സാക്ഷ്യം വഹിക്കുന്നവയാണ്. 40എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.
41“മനുഷ്യരുടെ പ്രശംസയ്‍ക്ക് ഞാൻ വില കല്പിക്കുന്നില്ല. 42എന്നാൽ എനിക്കു നിങ്ങളെ അറിയാം; നിങ്ങളിൽ ദൈവസ്നേഹം ഇല്ല. 43എന്റെ പിതാവ് അധികാരപ്പെടുത്തിയിട്ടാണ് ഞാൻ വന്നിരിക്കുന്നത്. എന്നിട്ടും നിങ്ങൾ എന്നെ സ്വീകരിക്കുന്നില്ല; മറ്റൊരാൾ തന്റെ സ്വന്തം അധികാരത്തിൽ വന്നാൽ അയാളെ നിങ്ങൾ സ്വീകരിക്കും. 44ഏക ദൈവത്തിൽനിന്നുള്ള ബഹുമതി അന്വേഷിക്കാതെ അന്യോന്യം ബഹുമതി കാംക്ഷിക്കുന്ന നിങ്ങൾക്കു വിശ്വസിക്കുവാൻ എങ്ങനെ കഴിയും? 45എന്റെ പിതാവിന്റെ സന്നിധിയിൽ ഞാൻ നിങ്ങളുടെമേൽ കുറ്റം ആരോപിക്കുമെന്നു കരുതേണ്ടാ. നിങ്ങൾ പ്രത്യാശ ഉറപ്പിച്ചിരിക്കുന്ന മോശയായിരിക്കും നിങ്ങളുടെമേൽ കുറ്റം ആരോപിക്കുക. 46മോശയെ നിങ്ങൾ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു. എന്തെന്നാൽ അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ. 47അദ്ദേഹം എഴുതിയിട്ടുള്ളത് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ എങ്ങനെ വിശ്വസിക്കും?”

Селектирано:

JOHANA 5: malclBSI

Нагласи

Сподели

Копирај

None

Дали сакаш да ги зачуваш Нагласувањата на сите твои уреди? Пријави се или најави се