YouVersion logotips
Meklēt ikonu

ലൂക്കൊസ് 16

16
1പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു. 2അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു. 3എന്നാറെ കാര്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാര്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു. 4എന്നെ കാര്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേർത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു. 5പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. 6നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു. 7അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു. 8ഈ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ പ്രവർത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ. 9അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും. 10അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ. 11നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും? 12അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും? 13#മത്തായി 6:24രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.
14ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു. 15അവൻ അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ. 16#മത്തായി 11:12,13ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു. 17#മത്തായി 5:18ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം. 18#മത്തായി 5:32; 1. കൊരിന്ത്യർ 7:10,11ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭർത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.
19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. 20ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു 21ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും. 22ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. 23ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു: 24അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. 25അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. 26അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളർപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവർക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. 27അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു; 28എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു. 29അബ്രാഹാം അവനോടു: അവർക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു. 30അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു. 31അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

Izceltais

Dalīties

Kopēt

None

Vai vēlies, lai tevis izceltie teksti tiktu saglabāti visās tavās ierīcēs? Reģistrējieties vai pierakstieties