GENESIS 1
1
പ്രപഞ്ചസൃഷ്ടി
1ആദിയിൽ ദൈവം ആകാശവും ഭൂമിയും #1:1 സൃഷ്ടിച്ചു = ‘ദൈവം ആകാശവും ഭൂമിയും സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ’ എന്നും വിവർത്തനം ചെയ്യാം. സൃഷ്ടിച്ചു. 2ഭൂമി രൂപരഹിതവും ശൂന്യവും ആയിരുന്നു. ആഴത്തിന്മീതെ എങ്ങും അന്ധകാരം നിറഞ്ഞിരുന്നു. ദിവ്യചൈതന്യം ജലത്തിന്മീതെ വ്യാപരിച്ചുകൊണ്ടിരുന്നു. 3“വെളിച്ചമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; വെളിച്ചമുണ്ടായി. 4വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർതിരിച്ചു; 5വെളിച്ചത്തെ പകൽ എന്നും ഇരുട്ടിനെ രാത്രി എന്നും വിളിച്ചു. സന്ധ്യയായി, ഉഷസ്സായി; ഒന്നാം ദിവസം.
6ജലത്തെ വേർതിരിക്കുവാൻ “ജലമധ്യത്തിൽ ഒരു വിതാനമുണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു. 7അങ്ങനെ വിതാനമുണ്ടാക്കി, അതിന്റെ മുകളിലും കീഴിലും ഉള്ള ജലത്തെ ദൈവം വേർതിരിച്ചു. 8വിതാനത്തിനു ദൈവം ആകാശം എന്നു പേരിട്ടു. സന്ധ്യയായി, ഉഷസ്സായി; രണ്ടാം ദിവസം.
9ആകാശത്തിനു താഴെയുള്ള ജലം ഒരുമിച്ചുകൂടി “ഉണങ്ങിയ നിലം പ്രത്യക്ഷപ്പെടട്ടെ” എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 10ഉണങ്ങിയ നിലത്തിനു ഭൂമി എന്നും, ഒരുമിച്ചുകൂടിയ ജലത്തിനു സമുദ്രം എന്നും പേരിട്ടു. അതു നല്ലതെന്നു ദൈവം കണ്ടു. 11“പച്ചപ്പുല്ലും ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും അങ്ങനെ എല്ലാവിധ സസ്യങ്ങളും ഭൂമിയിൽ മുളയ്ക്കട്ടെ” എന്നു ദൈവം കല്പിച്ചു. 12ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഭൂമിയിലുണ്ടായി. അവ നല്ലതെന്നു ദൈവം കണ്ടു. 13സന്ധ്യയായി, ഉഷസ്സായി; മൂന്നാം ദിവസം.
14“പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശഗോളങ്ങൾ ഉണ്ടാകട്ടെ; അവ ദിവസങ്ങളും ഋതുക്കളും വർഷങ്ങളും അറിയാനുള്ള അടയാളങ്ങളായിരിക്കട്ടെ. 15ഭൂമിക്കു പ്രകാശം നല്കുവാൻ അവ ആകാശദീപങ്ങളും ആയിരിക്കട്ടെ” എന്നു ദൈവം കല്പിച്ചു, അങ്ങനെ സംഭവിച്ചു. 16ദൈവം രണ്ടു വലിയ പ്രകാശഗോളങ്ങൾ സൃഷ്ടിച്ചു- പകൽ വാഴുവാൻ സൂര്യനും രാത്രി വാഴുവാൻ ചന്ദ്രനും നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു. 17ഇങ്ങനെ ഭൂമിക്ക് പ്രകാശം നല്കാനും പകലിന്റെയും രാത്രിയുടെയുംമേൽ ആധിപത്യം നടത്താനും വെളിച്ചവും ഇരുളും തമ്മിൽ 18വേർതിരിക്കാനുമായി അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു; അവ നല്ലതെന്നു ദൈവം കണ്ടു. 19സന്ധ്യയായി, ഉഷസ്സായി; നാലാം ദിവസം.
20“വെള്ളത്തിൽ ജലജീവികൾ നിറയട്ടെ, ഭൂമിക്കു മുകളിൽ ആകാശത്തിൽ പക്ഷികൾ പറക്കട്ടെ” എന്നു ദൈവം കല്പിച്ചു. 21വലിയ സമുദ്രജീവികളെയും പറ്റംചേർന്നു ചരിക്കുന്ന എല്ലാ ജലജന്തുക്കളെയും എല്ലായിനം പക്ഷികളെയും ദൈവം സൃഷ്ടിച്ചു. അവയെല്ലാം നല്ലതെന്ന് അവിടുന്നു കണ്ടു. ദൈവം അവയെ അനുഗ്രഹിച്ചു. 22“ജലജീവികൾ പെറ്റുപെരുകി സമുദ്രം നിറയട്ടെ; പക്ഷികൾ ഭൂമിയിൽ പെരുകട്ടെ” എന്നു കല്പിച്ചു. 23സന്ധ്യയായി, ഉഷസ്സായി; അഞ്ചാം ദിവസം.
24“കന്നുകാലികൾ, ഇഴജന്തുക്കൾ, കാട്ടുമൃഗങ്ങൾ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയിൽ ഉണ്ടാകട്ടെ” എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു. 25അങ്ങനെ ദൈവം ഭൂമിയിൽ എല്ലായിനം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവയെല്ലാം നല്ലതെന്നു ദൈവം കണ്ടു. 26ദൈവം അരുളിച്ചെയ്തു: “നമുക്ക് നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിലെ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും സർവജീവജാലങ്ങളുടെയുംമേൽ അവർക്ക് അധികാരം ഉണ്ടായിരിക്കട്ടെ.” 27ദൈവം തന്റെ ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; സ്വന്തം ഛായയിൽത്തന്നെ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു. 28ദൈവം അവരെ അനുഗ്രഹിച്ചു, “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരാകട്ടെ; നിങ്ങളുടെ സന്തതികൾ ഭൂമിയിൽ നിറഞ്ഞ് അതിനെ ഭരിക്കട്ടെ. സമുദ്രത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയിൽ ചരിക്കുന്ന സകല ജീവികളുടെയുംമേൽ നിങ്ങൾക്ക് അധികാരമുണ്ടാകട്ടെ.” 29ദൈവം വീണ്ടും അരുളിച്ചെയ്തു: “നിങ്ങളുടെ ആഹാരത്തിനായി എല്ലായിനം ധാന്യച്ചെടികളും ഫലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്ക് നല്കിയിരിക്കുന്നു. 30സകല മൃഗങ്ങൾക്കും ആകാശത്തിലുള്ള എല്ലാ പക്ഷികൾക്കും ഇഴജന്തുക്കൾക്കും ജീവനുള്ള സകലതിനും ഭക്ഷണമായി സസ്യങ്ങളും നല്കിയിരിക്കുന്നു. 31തന്റെ സർവസൃഷ്ടികളെയും ദൈവം നോക്കി; എല്ലാം വളരെ നല്ലതെന്ന് അവിടുന്നു കണ്ടു. സന്ധ്യയായി, ഉഷസ്സായി; ആറാം ദിവസം.
Valið núna:
GENESIS 1: malclBSI
Áherslumerki
Deildu
Afrita
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.