YouVersion Logo
Search Icon

LUKA 9

9
അപ്പോസ്തോലന്മാരെ നിയോഗിക്കുന്നു
(മത്താ. 10:5-15; മർക്കോ. 6:7-13)
1യേശു പന്ത്രണ്ടു ശിഷ്യന്മാരെ വിളിച്ചു കൂട്ടി സകല ഭൂതങ്ങളെയും പുറത്താക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അധികാരവും ശക്തിയും നല്‌കി. 2പിന്നീടു ദൈവരാജ്യം വിളംബരം ചെയ്യുവാനും അസ്വസ്ഥരെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. 3അവിടുന്ന് അവരോടു പറഞ്ഞു: “യാത്രയ്‍ക്കുവേണ്ടി നിങ്ങൾ ഒന്നും കരുതേണ്ടാ; വടിയോ, സഞ്ചിയോ, ആഹാരമോ, പണമോ വേണ്ടാ; രണ്ടു വസ്ത്രവും എടുക്കേണ്ടതില്ല. 4നിങ്ങൾ ഏതെങ്കിലും ഭവനത്തിൽ ചെന്നാൽ ആ സ്ഥലത്തുനിന്നു പോകുന്നതുവരെ അവിടെത്തന്നെ പാർക്കുക. 5ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടുപോകുമ്പോൾ അവർക്ക് എതിരെയുള്ള സാക്ഷ്യത്തിനുവേണ്ടി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക.”
6അങ്ങനെ ശിഷ്യന്മാർ പുറപ്പെട്ട് സുവിശേഷം ഘോഷിക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് ഗ്രാമംതോറും സഞ്ചരിച്ചു.
ഹേരോദായുടെ അമ്പരപ്പ്
(മത്താ. 14:1-12; മർക്കോ. 6:14-29)
7ഈ കാര്യങ്ങളെല്ലാം സാമന്തരാജാവായ ഹേരോദാ കേട്ടു. 8യോഹന്നാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും ഏലിയാ പ്രവാചകൻ പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും പണ്ടത്തെ പ്രവാചകന്മാരിലൊരാൾ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നതുകേട്ട് ഹേരോദാ അമ്പരന്ന് ഇപ്രകാരം പറഞ്ഞു: 9“യോഹന്നാനെ ഞാൻ ശിരഛേദം ചെയ്തുവല്ലോ; ഇങ്ങനെയെല്ലാം പറഞ്ഞു കേൾക്കുന്ന ഈ മനുഷ്യൻ ആരായിരിക്കും?” ഹേരോദാ യേശുവിനെ കാണാൻ ശ്രമിച്ചു.
അയ്യായിരം പേർക്ക് ആഹാരം നല്‌കുന്നു
(മത്താ. 14:13-21; മർക്കോ. 6:30-44; യോഹ. 6:1-13)
10തങ്ങൾ ചെയ്ത കാര്യങ്ങളെല്ലാം അപ്പോസ്തോലന്മാർ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു. അവിടുന്ന് അവരെ കൂട്ടിക്കൊണ്ട് രഹസ്യമായി ബെത്‍സെയ്ദ എന്ന പട്ടണത്തിലേക്കു പോയി. 11ജനങ്ങൾ ഇതറിഞ്ഞ് യേശുവിനെ പിന്തുടർന്നു. അവിടുന്ന് അവരെ സ്വീകരിച്ച്, ദൈവരാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും രോഗശാന്തി ആവശ്യമുള്ളവർക്കു സൗഖ്യം നല്‌കുകയും ചെയ്തു.
12അസ്തമയത്തോടടുത്തപ്പോൾ പന്ത്രണ്ടു ശിഷ്യന്മാർ യേശുവിനെ സമീപിച്ചു പറഞ്ഞു: “ഇതു വിജനസ്ഥലമാണല്ലോ; ഈ ജനം അടുത്തുള്ള ഗ്രാമങ്ങളിലും കുടിപാർപ്പുള്ള സ്ഥലങ്ങളിലും പോയി രാപാർക്കുകയും വല്ല ഭക്ഷണസാധനങ്ങളും വാങ്ങുകയും ചെയ്യുവാൻ ഇവരെ പറഞ്ഞയച്ചാലും.”
13എന്നാൽ യേശു പറഞ്ഞു: “നിങ്ങൾ അവർക്കു വല്ലതും ഭക്ഷിക്കുവാൻ കൊടുക്കണം!”
അതിനു മറുപടിയായി അവർ, “ഞങ്ങളുടെ പക്കൽ അഞ്ചപ്പവും രണ്ടു മീനുമല്ലാതെ മറ്റൊന്നുമില്ല; ഞങ്ങൾ പോയി ഈ വലിയ ജനസഞ്ചയത്തിനു വേണ്ട ആഹാരം വാങ്ങണമെന്നാണോ അങ്ങു പറയുന്നത്?” എന്നു ചോദിച്ചു. 14പുരുഷന്മാർതന്നെ അയ്യായിരത്തോളം അവിടെ കൂടിയിരുന്നു.
ഏകദേശം അമ്പതുപേർ വീതമുള്ള പന്തികളായി അവരെ ഇരുത്തുവാൻ യേശു ശിഷ്യന്മാരോട് ആജ്ഞാപിച്ചു.
15-16എല്ലാവരെയും അവർ ഇരുത്തി. യേശു ആ അഞ്ച് അപ്പവും രണ്ടുമീനും കൈയിലെടുത്തു സ്വർഗത്തിലേക്കു നോക്കി, വാഴ്ത്തി നുറുക്കി, ജനത്തിനു വിളമ്പിക്കൊടുക്കുവാൻ ശിഷ്യന്മാരെ ഏല്പിച്ചു. 17എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അധികം വന്ന അപ്പക്കഷണങ്ങൾ ശിഷ്യന്മാർ പന്ത്രണ്ടു കുട്ടകളിൽ സംഭരിച്ചു.
പത്രോസിന്റെ വിശ്വാസപ്രഖ്യാപനം
(മത്താ. 16:13-19; മർക്കോ. 8:27-29)
18ഒരിക്കൽ യേശു തനിച്ചു പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു ജനങ്ങൾ പറയുന്നത്?” 19അവർ പറഞ്ഞു: “യോഹന്നാൻ സ്നാപകനെന്നു ചിലരും, ഏലിയാ എന്നു മറ്റു ചിലരും, മരിച്ചുപോയ പ്രവാചകന്മാരിൽ ഒരാൾ വീണ്ടും വന്നിരിക്കുന്നു എന്നു വേറെ ചിലരും പറയുന്നു.”
20യേശു വീണ്ടും ചോദിച്ചു: “ആകട്ടെ, ഞാൻ ആരാണെന്നാണു നിങ്ങൾ പറയുന്നത്?”
“അങ്ങു ദൈവത്തിന്റെ അഭിഷിക്തനായ ക്രിസ്തുതന്നേ” എന്നു പത്രോസ് പറഞ്ഞു.
കഷ്ടാനുഭവത്തെപ്പറ്റി മുന്നറിയിപ്പ്
(മത്താ. 16:20-28; മർക്കോ. 8:30—9:1)
21ഇത് ആരോടും പറയരുതെന്ന് യേശു അവരോടു നിഷ്കർഷാപൂർവം കല്പിച്ചു. 22“മനുഷ്യപുത്രൻ വളരെയധികം പീഡനങ്ങൾ സഹിക്കേണ്ടതുണ്ട്. ജനപ്രമാണിമാരും മുഖ്യപുരോഹിതന്മാരും മതപണ്ഡിതന്മാരും അവനെ തിരസ്കരിച്ചു കൊല്ലുവാൻ ഏല്പിച്ചുകൊടുക്കും. എന്നാൽ മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും” എന്നും യേശു പറഞ്ഞു.
23അനന്തരം എല്ലാവരോടുമായി യേശു അരുൾചെയ്തു: “എന്നെ അനുഗമിക്കുവാൻ ഇച്ഛിക്കുന്നവൻ സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ. 24എന്തെന്നാൽ തന്റെ ജീവനെ രക്ഷിക്കുവാൻ ഇച്ഛിക്കുന്ന ഏതൊരുവനും അതു നഷ്ടപ്പെടും. എനിക്കുവേണ്ടി ആരെങ്കിലും സ്വജീവനെ നഷ്ടപ്പെടുത്തുന്നു എങ്കിൽ അവൻ അതിനെ രക്ഷിക്കും. 25ഒരു മനുഷ്യൻ സർവലോകവും നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താൽ അവന് എന്തു പ്രയോജനം! 26ആരെങ്കിലും എന്നെക്കുറിച്ചോ എന്റെ വാക്കുകളെക്കുറിച്ചോ ലജ്ജിച്ചാൽ, തന്റെയും തന്റെ പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും തേജസ്സിൽ വരുമ്പോൾ മനുഷ്യപുത്രനും അവനെക്കുറിച്ചു ലജ്ജിക്കും. 27നിങ്ങളോടു ഞാൻ ഉറപ്പിച്ചു പറയുന്നു: ഇവിടെ നില്‌ക്കുന്നവരിൽ ചിലർ ദൈവരാജ്യം ദർശിക്കുന്നതിനുമുമ്പ് മരണം അടയുകയില്ല.”
യേശുവിന്റെ രൂപാന്തരം
(മത്താ. 17:1-8; മർക്കോ. 9:2-8)
28ഇക്കാര്യങ്ങൾ പറഞ്ഞ് ഏകദേശം എട്ടു ദിവസം കഴിഞ്ഞ് യേശു പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർഥിക്കുന്നതിനായി ഒരു മലയിലേക്കു പോയി. 29പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ മുഖഭാവം മാറി. അവിടുത്തെ വസ്ത്രം കണ്ണഞ്ചിക്കുന്ന വെൺമയുള്ളതായിത്തീർന്നു. 30അതാ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിക്കുന്നു! മോശയും ഏലിയായും! 31യെരൂശലേമിൽവച്ചു നടക്കുവാൻ പോകുന്നതിന്റെ നിര്യാണത്തിലൂടെ ദൈവോദ്ദേശ്യം പൂർത്തീകരിക്കുന്നതിനെക്കുറിച്ചാണ് ആ തേജോമയന്മാർ യേശുവിനോടു സംസാരിച്ചത്. 32പത്രോസും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരും ഗാഢനിദ്രയിലാണ്ടിരുന്നു. ഉണർന്നപ്പോൾ ഉജ്ജ്വല തേജസ്സോടുകൂടിയ യേശുവിനെയും തന്നോടുകൂടെ നില്‌ക്കുന്ന രണ്ടുപേരെയും അവർ കണ്ടു. 33അവർ യേശുവിനെ വിട്ടുപിരിയാൻ ഭാവിച്ചപ്പോൾ പത്രോസ് യേശുവിനോടു പറഞ്ഞു: “ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; ഞങ്ങൾ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കട്ടെ; ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും, ഒന്ന് ഏലീയായ്‍ക്കും.” താൻ പറയുന്നത് എന്തെന്ന് പത്രോസ് അറിഞ്ഞില്ല.
34ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ ഒരു മേഘം വന്ന് അവരുടെമേൽ നിഴൽ വീശി. അവർ മേഘത്തിനുള്ളിലായപ്പോൾ ശിഷ്യന്മാർ ഭയപ്പെട്ടു. 35“ഇവനാണ് ഞാൻ തിരഞ്ഞെടുത്ത എന്റെ പുത്രൻ; ഇവന്റെ വാക്കുകൾ ശ്രദ്ധിക്കുക.” എന്നൊരു അശരീരി ആ സമയത്ത് മേഘത്തിൽ നിന്നുണ്ടായി.
36അശരീരി നിലച്ചപ്പോൾ യേശുവിനെ മാത്രമേ അവർ കണ്ടുള്ളൂ. ഈ ദർശനത്തെക്കുറിച്ച് അക്കാലത്ത് ശിഷ്യന്മാർ ആരോടും പറയാതെ മൗനം അവലംബിച്ചു.
ഭൂതാവിഷ്ടനായ ബാലൻ
(മത്താ. 17:14-18; മർക്കോ. 9:14-27)
37പിറ്റേദിവസം യേശു മലയിൽ നിന്നിറങ്ങി വന്നപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെ കണ്ടു. 38അവരിൽനിന്ന് ഒരാൾ വിളിച്ചു പറഞ്ഞു: “ഗുരോ, എന്റെ ഈ മകനെ ഒന്നു നോക്കണമേ! എന്റെ ഏക സന്താനമാണ് ഇവൻ. 39ഭൂതബാധ ഉണ്ടായാൽ ഉടനെ ഇവൻ ഉച്ചത്തിൽ നിലവിളിക്കും; അത് അവനെ ഞെരുക്കി ശരീരം കോട്ടും; വായിൽ നുരയും പതയും ഉണ്ടാകും. ഇവനെ പരുക്കേല്പിക്കാതെ അതു വിട്ടുമാറുകയുമില്ല. 40ഈ ബാധ ഒഴിവാക്കുവാൻ അങ്ങയുടെ ശിഷ്യന്മാരോടും ഞാൻ അപേക്ഷിച്ചു; പക്ഷേ അവർക്കു കഴിഞ്ഞില്ല.”
41അപ്പോൾ യേശു പ്രതിവചിച്ചു: “അവിശ്വാസികളും വഴിതെറ്റിയവരുമായ തലമുറക്കാരേ! ഞാൻ എത്രകാലം നിങ്ങളോടുകൂടി ഇരുന്നു നിങ്ങളെ വഹിക്കും"! “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്ന് ആ മനുഷ്യനോട് പറഞ്ഞു.
42ബാലൻ വരുമ്പോൾത്തന്നെ ഭൂതം അവനെ തള്ളിയിട്ടു ഞെരിച്ചു. യേശു ആ ദുഷ്ടാത്മാവിനെ ശാസിച്ചു; ബാലനെ സുഖപ്പെടുത്തി, അവന്റെ പിതാവിനെ ഏല്പിക്കുകയും ചെയ്തു. 43ദൈവത്തിന്റെ അദ്ഭുതശക്തിയിൽ എല്ലാവരും വിസ്മയിച്ചു.
മരണത്തെപ്പറ്റി വീണ്ടും സൂചിപ്പിക്കുന്നു
(മത്താ. 17:22-23; മർക്കോ. 9:30-32)
44താൻ ചെയ്ത എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനങ്ങൾ അദ്ഭുതപ്പെട്ടുകൊണ്ടിരിക്കുമ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുവാൻ പോകുകയാണ്; ഇത് നിങ്ങളുടെ ഓർമയിലിരിക്കട്ടെ.” 45എന്നാൽ അവർ അതു ഗ്രഹിച്ചില്ല. അവർക്കു ഗ്രഹിക്കുവാൻ കഴിയാത്തവിധം അതു നിഗൂഢമായിരുന്നു. അതിനെക്കുറിച്ച് അവിടുത്തോടു ചോദിക്കുവാൻ അവർ ശങ്കിച്ചു.
ആരാണു വലിയവൻ?
(മത്താ. 18:1-5; മർക്കോ. 9:33-37)
46തങ്ങളുടെ ഇടയിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെച്ചൊല്ലി ശിഷ്യന്മാർ തമ്മിൽ തർക്കമുണ്ടായി. 47യേശു അവരുടെ മനോഗതം മനസ്സിലാക്കിക്കൊണ്ട് ഒരു ശിശുവിനെ എടുത്ത്, അടുത്തുനിറുത്തി ഇപ്രകാരം അരുൾചെയ്തു: 48“എന്റെ നാമത്തിൽ ഈ ശിശുവിനെ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളിൽ ഏറ്റവും ചെറിയവനാണ് ഏറ്റവും വലിയവൻ.”
നിങ്ങൾക്ക് എതിരല്ലാത്തവൻ അനുകൂലൻ
(മർക്കോ. 9:38-40)
49യോഹന്നാൻ യേശുവിനോടു പറഞ്ഞു: “ഗുരോ, അങ്ങയുടെ നാമത്തിൽ ഒരാൾ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടി അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി.”
50യേശു പ്രതിവചിച്ചു: “അയാളെ വിലക്കരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലനത്രേ.”
യേശു യെരൂശലേമിലേക്ക്
51സ്വർഗാരോഹണത്തിനുള്ള സമയം അടുത്തപ്പോൾ യേശു യെരൂശലേമിലേക്കു പോകുവാൻ ദൃഢനിശ്ചയം ചെയ്തു; 52തനിക്കുവേണ്ട ഒരുക്കങ്ങൾ ചെയ്യുന്നതിനു ചിലരെ മുമ്പേ അയച്ചു. അവിടുത്തേക്ക് കടന്നുപോകേണ്ടിയിരുന്ന ഒരു ശമര്യഗ്രാമത്തിൽ അവർ പ്രവേശിച്ചു. 53എന്നാൽ യേശു യെരൂശലേമിലേക്കു പോവുകയായിരുന്നതുകൊണ്ട് ശമര്യക്കാർ അവിടുത്തെ സ്വീകരിച്ചില്ല. 54ഇതു കണ്ടിട്ട് ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ചോദിച്ചു: “ഗുരോ, #9:54 ചില കൈയെഴുത്തു പ്രതികളിൽ ‘ഏലിയാ ചെയ്തതുപോലെ’ എന്നില്ല. ഏലിയാ ചെയ്തതുപോലെ ആകാശത്തുനിന്ന് അഗ്നിയിറങ്ങി ഇവരെ നശിപ്പിക്കുവാൻ ഞങ്ങൾ ആജ്ഞാപിക്കട്ടെയോ?”
55യേശു അവരുടെ നേരെ തിരിഞ്ഞ് അവരെ ശാസിച്ചു: “#9:55-56 ചില കൈയെഴുത്തു പ്രതികളിൽ ‘നിങ്ങൾ ഏതൊരാത്മാവിനാലാണ് . . . എന്നു പറഞ്ഞു’ എന്നു കാണുന്നില്ല.നിങ്ങൾ ഏതൊരാത്മാവിനാലാണ് ഇതു പറയുന്നതെന്നു നിങ്ങൾ അറിയുന്നില്ല; 56മനുഷ്യരെ നശിപ്പിക്കുവാനല്ല രക്ഷിക്കുവാനത്രേ മനുഷ്യപുത്രൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. പിന്നീട് അവർ മറ്റൊരു ഗ്രാമത്തിലേക്കു പോയി.
യേശുവിനെ അനുഗമിക്കുന്നവർ
(മത്താ. 8:19-22)
57അവർ പോകുമ്പോൾ ഒരാൾ യേശുവിന്റെ അടുത്തുവന്ന് “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു. 58യേശു പ്രതിവചിച്ചു: “കുറുനരികൾക്കു മാളങ്ങളുണ്ട്; ആകാശത്തിലെ പറവകൾക്കു കൂടുകളുണ്ട്; മനുഷ്യപുത്രനാകട്ടെ തലചായിക്കുവാൻപോലും ഇടമില്ല.”
59മറ്റൊരാളോട്: “എന്നെ അനുഗമിക്കുക” എന്നു യേശു പറഞ്ഞു. “ഗുരോ, എന്റെ പിതാവിന്റെ ശവസംസ്കാരം നടത്തുവാൻ എന്നെ അനുവദിച്ചാലും” എന്ന് അയാൾ പ്രതിവചിച്ചു. 60അപ്പോൾ യേശു, “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീ പോയി ദൈവരാജ്യം വിളംബരം ചെയ്യുക” എന്നു പറഞ്ഞു.
61വേറൊരാൾ, “ഗുരോ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ ആദ്യം എന്റെ ബന്ധുക്കളോടു യാത്രപറയട്ടെ” എന്നു പറഞ്ഞു. അതിന് യേശുവിന്റെ മറുപടി, 62“കലപ്പയിൽ കൈവച്ചശേഷം പിന്തിരിഞ്ഞു നോക്കുന്നവൻ ദൈവരാജ്യത്തിനു യോജിച്ചവനല്ല” എന്നായിരുന്നു.

Currently Selected:

LUKA 9: malclBSI

Tõsta esile

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in