LUKA 13
13
പശ്ചാത്തപിക്കുന്നില്ലെങ്കിൽ
1ചില ഗലീലക്കാർ യാഗം കഴിച്ചുകൊണ്ടിരുന്നപ്പോൾ പീലാത്തോസ് അവരെ കൊല്ലിച്ചതായും അങ്ങനെ അവരുടെ രക്തം ആ യാഗത്തിൽ കലർന്നതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലർ യേശുവിനെ അറിയിച്ചു. 2അവിടുന്ന് അവരോടു ചോദിച്ചു: “ആ ഗലീലക്കാർക്ക് ഈ ദുരവസ്ഥ നേരിട്ടത് അവർ മറ്റുള്ള ഗലീലക്കാരെക്കാൾ പാപികളായതുകൊണ്ടാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? 3തീർച്ചയായും അല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. അനുതപിക്കുന്നില്ലെങ്കിൽ നിങ്ങളും അതുപോലെ നശിക്കും. 4ശീലോഹാമിലെ ഗോപുരം ഇടിഞ്ഞുവീണു പതിനെട്ടുപേർ മരിച്ചല്ലോ? അവർ യെരൂശലേമിൽ നിവസിച്ചിരുന്ന മറ്റെല്ലാവരെയുംകാൾ കുറ്റമുള്ളവരായിരുന്നു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? 5തീർച്ചയായും അല്ല എന്നു തന്നെ ഞാൻ പറയുന്നു. അനുതപിക്കുന്നില്ലെങ്കിൽ നിങ്ങളെല്ലാവരും അതുപോലെ നശിച്ചുപോകും.”
ഫലമില്ലാത്ത അത്തിവൃക്ഷം
6യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ഒരാൾ തന്റെ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവൃക്ഷം നട്ടുവളർത്തിയിരുന്നു. അതിൽ ഫലമുണ്ടോ എന്നന്വേഷിച്ചു തോട്ടമുടമസ്ഥൻ ചെന്നപ്പോൾ ഒന്നും കണ്ടില്ല. 7അപ്പോൾ അയാൾ തോട്ടക്കാരനോട്: ‘ഇതാ ഇക്കഴിഞ്ഞ മൂന്നുവർഷമായി ഈ അത്തിയിൽ ഫലമുണ്ടോ എന്നു ഞാൻ നോക്കുന്നു. പക്ഷേ, ഇതുവരെ ഒന്നും കണ്ടില്ല. അതു വെട്ടിക്കളയുക; അത് എന്തിനു ഭൂമി പാഴാക്കുന്നു?’ 8അപ്പോൾ തോട്ടക്കാരൻ പറഞ്ഞു: “യജമാനനേ ഒരു കൊല്ലംകൂടി നില്‌ക്കട്ടെ; ഞാൻ അതിനു ചുറ്റും കിളച്ചു, തടമെടുത്തു വളമിടാം. 9ഒരുവേള അടുത്ത കൊല്ലം അതു ഫലം നല്‌കിയെന്നുവരാം. ഇല്ലെങ്കിൽ വെട്ടിക്കളയാം.”
ശബത്തിൽ ഒരു സ്‍ത്രീയെ സുഖപ്പെടുത്തുന്നു
10ഒരു ശബത്തു ദിവസം യേശു സുനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. 11പതിനെട്ടു വർഷമായി ഒരു ദുഷ്ടാത്മാവു ബാധിച്ച് കൂനിപ്പോയ ഒരു സ്‍ത്രീ അവിടെയുണ്ടായിരുന്നു. അവർക്കു നിവർന്നു നില്‌ക്കുവാൻ കഴിയുമായിരുന്നില്ല. 12ആ സ്‍ത്രീയെ യേശു കണ്ടപ്പോൾ അടുക്കൽ വിളിച്ച് അവരോടു പറഞ്ഞു: “നിന്റെ രോഗത്തിൽനിന്ന് നീ വിമുക്തയായിരിക്കുന്നു.” അനന്തരം അവിടുന്ന് ആ സ്‍ത്രീയുടെമേൽ കൈകൾ വച്ചു. 13തൽക്ഷണം അവർ നിവർന്നു നിന്നു ദൈവത്തെ സ്തുതിച്ചു.
14ആ സ്‍ത്രീയെ സുഖപ്പെടുത്തിയത് ശബത്തിൽ ആയിരുന്നതുകൊണ്ട് സുനഗോഗിന്റെ അധികാരിക്ക് അമർഷമുണ്ടായി. അയാൾ ജനങ്ങളോടു പറഞ്ഞു: “വേല ചെയ്യുവാൻ ആറു ദിവസമുണ്ടല്ലോ; ആ ദിവസങ്ങളിൽ വന്നു സുഖം പ്രാപിച്ചുകൊള്ളുക, ശബത്തിൽ അതു പാടില്ല.”
15യേശു പറഞ്ഞു: “കപടഭക്തന്മാരേ, ശബത്തിൽ നിങ്ങളിൽ ആരെങ്കിലും തന്റെ കാളയെയോ, കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച് വെള്ളം കൊടുക്കാൻ കൊണ്ടുപോകാതിരിക്കുമോ? 16അബ്രഹാമിന്റെ പുത്രിയായ ഈ സ്‍ത്രീ സാത്താന്റെ ബന്ധനത്തിലായിട്ട് പതിനെട്ടു വർഷമായി. ആ ബന്ധനത്തിൽനിന്നു ശബത്തു ദിവസം ഇവളെ മോചിപ്പിക്കുവാൻ പാടില്ലെന്നോ? 17“യേശു ഇതു പറഞ്ഞപ്പോൾ തന്റെ പ്രതിയോഗികളെല്ലാവരും ലജ്ജിച്ചുപോയി. എന്നാൽ യേശു ചെയ്ത മഹത്തായ പ്രവൃത്തികൾ കണ്ടു ജനങ്ങൾ ആഹ്ലാദിച്ചു.
കടുകുമണിയും പുളിപ്പുമാവും
(മത്താ. 13:31-32; മർക്കോ. 4:30-32)
18അനന്തരം യേശു അരുൾചെയ്തു: “ദൈവരാജ്യം ഏതിനോടു സദൃശം? എന്തിനോടാണ് ഞാൻ അതിനെ താരതമ്യപ്പെടുത്തുക? അത് ഒരു കടുകുമണിയോടു സദൃശം. 19ഒരു മനുഷ്യൻ അതെടുത്തു തന്റെ തോട്ടത്തിലിട്ടു. അതു വളർന്ന് ഒരു വൃക്ഷമായിത്തീർന്നു. പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവച്ചു.”
20യേശു വീണ്ടും അവരോടു പറഞ്ഞു: “ദൈവരാജ്യത്തെ ഏതിനോടാണ് തുലനം ചെയ്യേണ്ടത്? 21അത് പുളിപ്പുമാവിനോടു സദൃശം. ഒരു സ്‍ത്രീ അതെടുത്ത് മൂന്നുപറ മാവു പുളിച്ചു പൊങ്ങുന്നതുവരെ അതിൽ ചേർത്തുവച്ചു.”
ഇടുങ്ങിയ വാതിൽ
(മത്താ. 7:13-14-21-23)
22യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റി സഞ്ചരിച്ചു ജനങ്ങളെ പ്രബോധിപ്പിച്ചുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു. 23ഒരാൾ അവിടുത്തോട് ചോദിച്ചു: “ഗുരോ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?”
24യേശു അവരോടു പറഞ്ഞു: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ തീവ്രയത്നം ചെയ്യുക. പലരും അതിനുവേണ്ടി പരിശ്രമിക്കുമെങ്കിലും സാധിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 25ഗൃഹനാഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ ‘യജമാനനേ വാതിൽ തുറന്നുതരണേ’ എന്നു പറഞ്ഞുകൊണ്ടു നിങ്ങൾ മുട്ടിത്തുടങ്ങും. അപ്പോൾ ‘നിങ്ങൾ എവിടെനിന്നു വരുന്നു? എനിക്ക് അറിഞ്ഞുകൂടല്ലോ!’ എന്നു ഗൃഹനാഥൻ നിങ്ങളോട് ഉത്തരം പറയും. 26‘അങ്ങയുടെകൂടെ ഞങ്ങൾ ഭക്ഷണം കഴിച്ചിട്ടുണ്ടല്ലോ; തെരുവീഥികളിൽവച്ച് അങ്ങു ഞങ്ങളെ പഠിപ്പിച്ചില്ലേ?’ എന്നിങ്ങനെ നിങ്ങൾ പറഞ്ഞു തുടങ്ങും. 27എന്നാൽ അപ്പോൾ ഗൃഹനാഥൻ, ‘നിങ്ങൾ എവിടെനിന്നാണു വരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകൂ എന്നു ഞാൻ നിങ്ങളോടു പറയുന്നു’ എന്നു പറയും. 28അബ്രഹാമും ഇസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തിലിരിക്കുന്നതും നിങ്ങൾ പുറത്തു തള്ളപ്പെടുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ആയിരിക്കും നിങ്ങളുടെ അനുഭവം. 29കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ആളുകൾ വന്നു ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും. 30മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരും പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.”
യേശു യെരൂശലേമിനെക്കുറിച്ചു വിലപിക്കുന്നു
(മത്താ. 23:37-39)
31ആ സമയത്തുതന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽ വന്ന് “അങ്ങ് ഇവിടംവിട്ടു പോകണം; അന്തിപ്പാസ് ഹേരോദാ അങ്ങയെ കൊല്ലാനിരിക്കുകയാണ്” എന്നു പറഞ്ഞു.
32യേശു അവരോടു പറഞ്ഞു: “നിങ്ങൾ പോയി ആ കുറുക്കനോടു പറയൂ, ഇന്നും നാളെയും ഞാൻ ഭൂതത്തെ പുറത്താക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്യും. മൂന്നാം ദിവസം എന്റെ പ്രവൃത്തി പൂർത്തിയാക്കും. 33എന്നിരുന്നാലും ഇന്നും നാളെയും അതിനടുത്ത ദിവസവും ഈ യാത്ര തുടരുകതന്നെ വേണം. യെരൂശലേമിൽവച്ചല്ലാതെ ഒരു പ്രവാചകനും കൊല്ലപ്പെടരുതല്ലോ.
34“യെരൂശലേമേ, യെരൂശലേമേ! പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കൽ അയച്ചവരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കുന്നതുപോലെ നിന്റെ മക്കളെ ചേർക്കുവാൻ ഞാൻ എത്ര തവണ ഇച്ഛിച്ചു! നിനക്കോ അതിനു മനസ്സില്ലാതെപോയി! 35ഇതാ നിന്റെ ഭവനം പരിത്യജിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
Currently Selected:
LUKA 13: malclBSI
Tõsta esile
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.