GENESIS 2
2
1അങ്ങനെ ആകാശത്തിന്റെയും ഭൂമിയുടെയും അവയിലുള്ള സകലത്തിന്റെയും സൃഷ്‍ടി പൂർത്തിയായി. 2അതിനുശേഷം ഏഴാംദിവസം ദൈവം സകല പ്രവൃത്തികളിൽനിന്നും വിരമിച്ചു, സ്വസ്ഥനായിരുന്നു. 3സൃഷ്‍ടികർമത്തോടു ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളിൽനിന്നും വിരമിച്ചു വിശ്രമിച്ചതുകൊണ്ട് ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു. 4സർവേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചത് ഈ ക്രമത്തിലായിരുന്നു.
ഏദൻതോട്ടം
സർവേശ്വരനായ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിക്കുമ്പോൾ ഭൂമിയിൽ സസ്യജാലങ്ങൾ ഉണ്ടായിരുന്നില്ല. ഒരു ചെടിയും മുളച്ചിരുന്നില്ല. 5കാരണം അവിടുന്ന് ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യുന്നതിനു മനുഷ്യനും ഉണ്ടായിരുന്നില്ല. 6ഭൂമിയിൽനിന്ന് മഞ്ഞുപൊങ്ങി, ഭൂതലത്തെ നനച്ചുവന്നു. 7സർവേശ്വരനായ ദൈവം ഭൂമിയിലെ മണ്ണുകൊണ്ട് ഒരു മനുഷ്യരൂപം ഉണ്ടാക്കി, അതിന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു. 8അവിടുന്നു കിഴക്ക് ഏദനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്‍ടിച്ച മനുഷ്യനെ അതിൽ പാർപ്പിച്ചു. 9ഭംഗിയുള്ളതും സ്വാദിഷ്ഠവുമായ ഫലങ്ങൾ കായ്‍ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും ദൈവം അവിടെ മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ച് അറിവുനല്‌കുന്ന വൃക്ഷവും ഉണ്ടായിരുന്നു. 10തോട്ടം നനയ്‍ക്കുന്നതിന് ഏദനിൽനിന്ന് ഒരു നദി ഒഴുകി, അവിടെനിന്ന് അതു നാലു ശാഖയായി പിരിഞ്ഞു. 11അവയിൽ ആദ്യത്തെ ശാഖയുടെ പേര് പീശോൻ. സ്വർണത്തിന്റെ നാടായ ഹവീലാ ചുറ്റി അത് ഒഴുകുന്നു. 12മാറ്റ് കൂടിയതാണ് അവിടത്തെ സ്വർണം. ഗുല്ഗുലുവും ഗോമേദകവും അവിടെയുണ്ട്. 13#2:13 കൂശ്ദേശം = എത്യോപ്യ, സുഡാൻ മുതലായ രാജ്യങ്ങൾ കൂശ്ദേശം ചുറ്റി ഒഴുകുന്ന ഗീഹോനാണ് രണ്ടാമത്തെ ശാഖ. 14മൂന്നാമത്തേത് ടൈഗ്രീസ്, അത് അസ്സീരിയയുടെ കിഴക്കുവശത്തുകൂടി ഒഴുകുന്നു. നാലാമത്തെ ശാഖയാണ് യൂഫ്രട്ടീസ്. 15ഏദൻതോട്ടത്തിൽ വേല ചെയ്യാനും അതിനെ സംരക്ഷിക്കാനും സർവേശ്വരനായ ദൈവം മനുഷ്യനെ അവിടെ ആക്കി. 16അവിടുന്ന് മനുഷ്യനോടു പറഞ്ഞു: “ഈ തോട്ടത്തിലുള്ള ഏതു വൃക്ഷത്തിന്റെയും ഫലം യഥേഷ്ടം നിനക്ക് ഭക്ഷിക്കാം. 17എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവ് നല്‌കുന്ന വൃക്ഷത്തിന്റെ ഫലം നീ തിന്നരുത്. അതു തിന്നുന്ന നാളിൽ നീ നിശ്ചയമായും മരിക്കും.”
18സർവേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; അവനു തക്ക തുണയായി ഞാൻ ഒരാളെ സൃഷ്‍ടിച്ചു നല്‌കും.” 19അവിടുന്നു മണ്ണിൽനിന്നു സകല മൃഗങ്ങളെയും പക്ഷികളെയും സൃഷ്‍ടിച്ചു. മനുഷ്യൻ അവയ്‍ക്ക് എന്തു പേരു നല്‌കുമെന്നറിയാൻ അവയെ അവന്റെ മുമ്പിൽ കൊണ്ടുവന്നു. മനുഷ്യൻ വിളിച്ചത് അവയ്‍ക്കു പേരായി. 20എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ വന്യമൃഗങ്ങൾക്കും മനുഷ്യൻ പേരിട്ടു. എന്നാൽ അവയിലൊന്നും അവനു തക്ക തുണ ആയിരുന്നില്ല. 21അതുകൊണ്ടു സർവേശ്വരനായ ദൈവം മനുഷ്യനെ ഗാഢനിദ്രയിലാക്കി, അവന്റെ വാരിയെല്ലുകളിൽ ഒരെണ്ണം എടുത്തു; ആ വിടവ് മാംസംകൊണ്ടു മൂടി. 22അവിടുന്ന് മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്‍ത്രീയെ സൃഷ്‍ടിച്ച് അവന്റെ അടുക്കൽ കൊണ്ടുവന്നു. 23അപ്പോൾ മനുഷ്യൻ പറഞ്ഞു: “ഇപ്പോൾ ഇതാ, എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും മാംസത്തിൽനിന്നുള്ള മാംസവും!” നരനിൽനിന്ന് എടുത്തിരിക്കുന്നതിനാൽ ഇവൾ നാരി എന്നു വിളിക്കപ്പെടും. 24അതുകൊണ്ട് പുരുഷൻ മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേർന്നിരിക്കും. അവർ ഇരുവരും ഒരു ശരീരമായിത്തീരും. 25പുരുഷനും സ്‍ത്രീയും നഗ്നരായിരുന്നു എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.
Valgt i Øjeblikket:
GENESIS 2: malclBSI
Markering
Del
Kopiér
Vil du have dine markeringer gemt på tværs af alle dine enheder? Tilmeld dig eller log ind
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.