GENESIS 3
3
മനുഷ്യന്റെ അനുസരണക്കേട്
1സർവേശ്വരനായ ദൈവം സൃഷ്‍ടിച്ച വന്യജീവികളിൽ ഏറ്റവും കൗശലമുള്ളതായിരുന്നു സർപ്പം. അതു സ്‍ത്രീയോടു ചോദിച്ചു: “തോട്ടത്തിലുള്ള ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിട്ടുണ്ടോ?” 2സ്‍ത്രീ പറഞ്ഞു: “തോട്ടത്തിലുള്ള എല്ലാ വൃക്ഷങ്ങളുടെയും ഫലം ഞങ്ങൾക്കു ഭക്ഷിക്കാം. 3എന്നാൽ “നിങ്ങൾ തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുത്. തൊടുകപോലുമരുത്. തിന്നാൽ നിങ്ങൾ മരിക്കും” എന്നു ദൈവം കല്പിച്ചിട്ടുണ്ട്.” 4സർപ്പം സ്‍ത്രീയോടു പറഞ്ഞു: 5“നിങ്ങൾ മരിക്കുകയില്ല, അതു തിന്നുമ്പോൾ നിങ്ങളുടെ കണ്ണുകൾ തുറക്കുമെന്നും നന്മതിന്മകൾ വേർതിരിച്ചറിഞ്ഞ് അവിടുത്തെപ്പോലെയാകുമെന്നും ദൈവത്തിനറിയാം.” 6ആ വൃക്ഷത്തിന്റെ ഫലം സ്വാദുള്ളതും ഭംഗിയുള്ളതും ജ്ഞാനപ്രാപ്തിക്ക് അഭികാമ്യവും എന്നു കരുതി സ്‍ത്രീ ഫലം പറിച്ചുതിന്നു, ഭർത്താവിനും കൊടുത്തു; അയാളും ഭക്ഷിച്ചു. 7അവരുടെ കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്നു മനസ്സിലാക്കി അവർ അത്തിയില കൂട്ടിത്തുന്നി അരയാട ധരിച്ചു. 8അന്നു വൈകുന്നേരം സർവേശ്വരനായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം അവർ കേട്ടു. ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലുള്ള വൃക്ഷങ്ങളുടെ മറവിൽ ഒളിച്ചു. 9എന്നാൽ ദൈവം മനുഷ്യനെ വിളിച്ചു: “നീ എവിടെ” എന്നു ചോദിച്ചു. 10“അവിടുത്തെ ശബ്ദം ഞാൻ തോട്ടത്തിൽ കേട്ടു. നഗ്നനായതുകൊണ്ടു ഭയപ്പെട്ടു ഒളിച്ചു” എന്ന് അവൻ പറഞ്ഞു. 11“നീ നഗ്നനെന്നു നിന്നോട് ആരു പറഞ്ഞു? തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷത്തിന്റെ ഫലം നീ തിന്നുവോ?” മനുഷ്യൻ പറഞ്ഞു: 12“അവിടുന്ന് എനിക്കു തുണയായി നല്‌കിയ സ്‍ത്രീ ആ വൃക്ഷത്തിന്റെ ഫലം എനിക്കു തന്നു; ഞാൻ അതു ഭക്ഷിച്ചു.” 13സർവേശ്വരനായ ദൈവം സ്‍ത്രീയോട്: “നീ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു” എന്നു ചോദിച്ചപ്പോൾ “സർപ്പം എന്നെ വഞ്ചിച്ചു, ഞാൻ ഭക്ഷിച്ചുപോയി” എന്ന് അവൾ പറഞ്ഞു.
ദൈവശിക്ഷ
14ദൈവം സർപ്പത്തോട് അരുളിച്ചെയ്തു: “നീ ഇങ്ങനെ ചെയ്തതുകൊണ്ട് ജീവജാലങ്ങളിൽ നീ ശപിക്കപ്പെട്ടവനായിരിക്കും. ഉരസ്സുകൊണ്ട് നീ ഇഴയും; ഭൂമിയിലെ പൊടിയായിരിക്കും എക്കാലവും നിനക്കു ഭക്ഷണം. 15നീയും സ്‍ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാൻ ശത്രുത വരുത്തും. അവളുടെ സന്തതി നിന്റെ തല തകർക്കും; നിന്റെ സന്തതി അവന്റെ കുതികാലിൽ കടിക്കും.” 16ദൈവം സ്‍ത്രീയോട് അരുളിച്ചെയ്തു: “നിന്റെ ഗർഭാരിഷ്ടത ഞാൻ വർധിപ്പിക്കും; വേദനയോടെ നീ മക്കളെ പ്രസവിക്കും; എങ്കിലും നിന്റെ അഭിലാഷം ഭർത്താവിലായിരിക്കും; അവൻ നിന്നെ ഭരിക്കും.” 17ദൈവം മനുഷ്യനോടു പറഞ്ഞു: “ഭക്ഷിക്കരുതെന്നു ഞാൻ വിലക്കിയിരുന്ന ഫലം നീ നിന്റെ ഭാര്യയുടെ വാക്കു കേട്ട് ഭക്ഷിച്ചതുകൊണ്ട് നീ നിമിത്തം ഭൂമി ശാപഗ്രസ്തയാകും. അഹോവൃത്തി കഴിക്കാൻ നിനക്ക് ജീവിതകാലം മുഴുവൻ അത്യധ്വാനം ചെയ്യേണ്ടിവരും. 18ഭൂമിയിൽ മുള്ളും കളയും നീ മൂലം മുളയ്‍ക്കും. നീ ഭൂമിയിലെ സസ്യങ്ങൾ ഭക്ഷിക്കും. 19മണ്ണിലേക്കു തിരികെ ചേരുംവരെ വിയർപ്പോടെ നീ ആഹാരം സമ്പാദിക്കേണ്ടിവരും. മണ്ണിൽനിന്നു നീ സൃഷ്‍ടിക്കപ്പെട്ടു; നീ മണ്ണിലേക്കുതന്നെ മടങ്ങും.” 20മനുഷ്യൻ സ്‍ത്രീയെ ഹവ്വാ എന്നു വിളിച്ചു. അവൾ ജീവനുള്ളവരുടെയെല്ലാം മാതാവാണല്ലോ. 21സർവേശ്വരനായ ദൈവം തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി ആദാമിനെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു.
22സർവേശ്വരനായ ദൈവം അരുളിച്ചെയ്തു: “മനുഷ്യൻ നന്മതിന്മകൾ തിരിച്ചറിഞ്ഞ് നമ്മിൽ ഒരുവനെപ്പോലെ ആയിരിക്കുന്നു. ഇനി ജീവവൃക്ഷത്തിന്റെ ഫലംകൂടി ഭക്ഷിച്ച് അമർത്യനാകാൻ ഇടവരരുത്.” 23മനുഷ്യനെ സൃഷ്‍ടിക്കാൻ ഉപയോഗിച്ച മണ്ണിൽതന്നെ അധ്വാനിച്ചു ജീവിക്കാൻ അവനെ സർവേശ്വരനായ ദൈവം ഏദൻതോട്ടത്തിൽനിന്നു പുറത്താക്കി. 24അതിനുശേഷം ജീവവൃക്ഷത്തിങ്കലേക്കുള്ള വഴി സൂക്ഷിക്കാൻ ഏദൻതോട്ടത്തിന്റെ കിഴക്കുവശത്തു കെരൂബുകളെ കാവൽ നിർത്തി. എല്ലാവശത്തേക്കും തിരിഞ്ഞുകൊണ്ടിരിക്കുന്നതും ജ്വലിക്കുന്നതുമായ വാളും അവിടെ സ്ഥാപിച്ചു.
Právě zvoleno:
GENESIS 3: malclBSI
Zvýraznění
Sdílet
Kopírovat
Chceš mít své zvýrazněné verše uložené na všech zařízeních? Zaregistruj se nebo se přihlas
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.