68
സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം.
1ദൈവം എഴുന്നേല്ക്കുന്നു; അവന്റെ ശത്രുക്കൾ ചിതറിപ്പോകുന്നു;
അവനെ പകെക്കുന്നവരും അവന്റെ മുമ്പിൽ നിന്നു ഓടിപ്പോകുന്നു.
2പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു;
തീയിങ്കൽ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാർ ദൈവസന്നിധിയിൽ നശിക്കുന്നു.
3എങ്കിലും നീതിമാന്മാർ സന്തോഷിച്ചു ദൈവ സന്നിധിയിൽ ഉല്ലസിക്കും;
അതേ, അവർ സന്തോഷത്തോടെ ആനന്ദിക്കും.
4ദൈവത്തിന്നു പാടുവിൻ, അവന്റെ നാമത്തിന്നു സ്തുതി പാടുവിൻ;
മരുഭൂമിയിൽകൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിൻ;
യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പിൽ ഉല്ലസിപ്പിൻ.
5ദൈവം തന്റെ വിശുദ്ധനിവാസത്തിൽ
അനാഥന്മാർക്കു പിതാവും വിധവമാർക്കു ന്യായപാലകനും ആകുന്നു.
6ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു;
അവൻ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു;
എന്നാൽ മത്സരികൾ വരണ്ട ദേശത്തു പാർക്കും.
7ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു
മരുഭൂമിയിൽകൂടി നടകൊണ്ടപ്പോൾ - സേലാ -
8 #
പുറപ്പാടു 19:18
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു;
ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പിൽ കുലുങ്ങിപ്പോയി.
9ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു
ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
10നിന്റെ കൂട്ടം അതിൽ പാർത്തു;
ദൈവമേ, നിന്റെ ദയയാൽ നീ അതു എളിയവർക്കുവേണ്ടി ഒരുക്കിവെച്ചു.
11കർത്താവു ആജ്ഞ കൊടുക്കുന്നു;
സുവാർത്താദൂതികൾ വലിയോരു ഗണമാകുന്നു.
12സൈന്യങ്ങളുടെ രാജാക്കന്മാർ ഓടുന്നു, ഓടുന്നു;
വീട്ടിൽ പാർക്കുന്നവൾ കവർച്ച പങ്കിടുന്നു.
13നിങ്ങൾ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോൾ
പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകൾ പൈമ്പൊന്നുകൊണ്ടും
പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
14സർവ്വശക്തൻ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോൾ
സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.
15ബാശാൻപർവ്വതം ദൈവത്തിന്റെ പർവ്വതമാകുന്നു.
ബാശാൻ പർവ്വതം കൊടുമുടികളേറിയ പർവ്വതമാകുന്നു.
16കൊടുമുടികളേറിയ പർവ്വതങ്ങളേ,
ദൈവം വസിപ്പാൻ ഇച്ഛിച്ചിരിക്കുന്ന പർവ്വതത്തെ
നിങ്ങൾ സ്പർദ്ധിച്ചുനോക്കുന്നതു എന്തു?
യഹോവ അതിൽ എന്നേക്കും വസിക്കും.
17ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടികോടിയുമാകുന്നു;
കർത്താവു അവരുടെ ഇടയിൽ,
സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നേ.
18 #
എഫെസ്യർ 4:8
നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി;
യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു
നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
19നമ്മുടെ രക്ഷയാകുന്ന ദൈവമായി,
നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
20ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു;
മരണത്തിൽനിന്നുള്ള നീക്കുപോക്കുകൾ കർത്താവായ യഹോവെക്കുള്ളവ തന്നേ.
21അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും
തന്റെ അകൃത്യത്തിൽ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകർത്തുകളയും.
22നീ നിന്റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിന്നും
അവരുടെ മാംസത്തിൽ നിന്റെ നായ്ക്കളുടെ നാവിന്നു ഓഹരി കിട്ടേണ്ടതിന്നും
23ഞാൻ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും;
സമുദ്രത്തിന്റെ ആഴങ്ങളിൽനിന്നു അവരെ മടക്കിവരുത്തും.
24ദൈവമേ, അവർ നിന്റെ എഴുന്നെള്ളത്തുകണ്ടു;
എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു;
തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ,
സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും
യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും
സെബൂലൂൻപ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
28നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു;
ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
29യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം
രാജാക്കന്മാർ നിനക്കു കാഴ്ച കൊണ്ടുവരും.
30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും
ജാതികൾ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ
അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ;
യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
31മിസ്രയീമിൽനിന്നു മഹത്തുക്കൾ വരും;
കൂശ് വേഗത്തിൽ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
32ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിൻ;
കർത്താവിന്നു കീർത്തനം ചെയ്‌വിൻ. സേലാ.
33പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ വാഹനമേറുന്നവന്നു പാടുവിൻ!
ഇതാ, അവൻ തന്റെ ശബ്ദത്തെ,
ബലമേറിയോരു ശബ്ദത്തെ കേൾപ്പിക്കുന്നു.
34ദൈവത്തിന്നു ശക്തി കൊടുപ്പിൻ;
അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
35ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽ നിന്നു നീ ഭയങ്കരനായി വിളങ്ങുന്നു;
യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു.
ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.