YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 5

5
1മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും
നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
2ജ്ഞാനത്തെ ശ്രദ്ധിച്ചു
എന്റെ ബോധത്തിന്നു ചെവി ചായിക്ക.
3പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു;
അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
4പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും
ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.
5അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു;
അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു.
6ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം
അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.
7ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ;
എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
8നിന്റെ വഴിയെ അവളോടു അകറ്റുക;
അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
9നിന്റെ യൗവനശക്തി അന്യന്മാർക്കും
നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
10കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു;
നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
11നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു
നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:
12അയ്യോ! ഞാൻ പ്രബോധനം വെറുക്കയും
എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
13എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല;
എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.
14സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ
എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
15നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും
സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
16നിന്റെ ഉറവുകൾ വെളിയിലേക്കും
നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
17അവ നിനക്കും അന്യന്മാർക്കും കൂടെയല്ല
നിനക്കു മാത്രമേ ഇരിക്കാവു.
18നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ;
നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.
19കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ
അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ;
അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
20മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും
അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
21മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു;
അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.
22ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും;
തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.
23പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും;
മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in