YouVersion Logo
Search Icon

സംഖ്യാപുസ്തകം 2

2
1യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 2യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം.
3യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം;
യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം.
4അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ.
5അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം;
യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം.
6അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ.
7പിന്നെ സെബൂലൂൻ ഗോത്രം;
സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം.
8അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ.
9യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം.
10രൂബേൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം;
രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം.
11അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ.
12അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം;
ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.
13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
14പിന്നെ ഗാദ്ഗോത്രം;
ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
15അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
16രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം.
17പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.
18എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം. 19അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ. 20അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം. 21അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ. 22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം. 23അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ. 24എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം.
25ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം. 26അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ. 27അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം. 28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ. 29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം. 30അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ. 31ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
32യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നേ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതുപേർ ആയിരുന്നു. 33എന്നാൽ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല. 34യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നേ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy