YouVersion Logo
Search Icon

ലേവ്യപുസ്തകം 1

1
1യഹോവ സമാഗമനകൂടാരത്തിൽവെച്ചു മോശെയെ വിളിച്ചു അവനോടു അരുളിച്ചെയ്തതു: 2നീ യിസ്രായേൽമക്കളോടു സംസാരിച്ചു അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവെക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.
3അവൻ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അർപ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാൻ തക്കവണ്ണം അവൻ അതിനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു അർപ്പിക്കേണം. 4അവൻ ഹോമയാഗത്തിന്റെ തലയിൽ കൈ വെക്കേണം; എന്നാൽ അതു അവന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാൻ അവന്റെ പേർക്കു സുഗ്രാഹ്യമാകും. 5അവൻ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഉള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 6അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. 7പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെമേൽ വിറകു അടുക്കേണം. 8പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം. 9അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അതു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം.
10ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം. 11അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ചു അതിനെ അറുക്കേണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം. 12അവൻ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതൻ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവെക്കേണം. 13കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം; പുരോഹിതൻ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവെക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
14യഹോവെക്കു അവന്റെ വഴിപാടു പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവൻ കുറുപ്രാവിനെയോ പ്രാവിൻകുഞ്ഞിനെയോ വഴിപാടായി അർപ്പിക്കേണം. 15പുരോഹിതൻ അതിനെ യാഗപീഠത്തിന്റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം. 16അതിന്റെ തീൻപണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്തു ഇടേണം. 17അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളർക്കേണം; പുരോഹിതൻ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in