YouVersion Logo
Search Icon

ഇയ്യോബ് 32

32
1അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാർ അവനോടു വാദിക്കുന്നതു മതിയാക്കി. 2അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നേത്താൻ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. 3അവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു. 4എന്നാൽ അവർ തന്നേക്കാൾ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാൻ താമസിച്ചു. 5ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു. 6അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ:
ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു;
അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല.
7പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ
എന്നിങ്ങനെ ഞാൻ വിചാരിച്ചു. 8എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ;
സർവ്വശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു.
9പ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല;
വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല.
10അതുകൊണ്ടു ഞാൻ പറയുന്നതു:
എന്റെ വാക്കു കേട്ടുകൊൾവിൻ;
ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം.
11ഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു;
നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ
എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു.
12നിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു;
ഇയ്യോബിന്നു ബോധം വരുത്തുവാനോ
അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.
13ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ
അവനെ ജയിക്കും എന്നു നിങ്ങൾ പറയരുതു.
14എന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു;
നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല.
15അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല;
അവർക്കു വാക്കു മുട്ടിപ്പോയി.
16അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു;
അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ?
17എനിക്കു പറവാനുള്ളതു ഞാനും പറയും;
എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
18ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു;
എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു.
19എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു;
അതു പുതിയ തുരുത്തികൾപോലെ പൊട്ടു മാറായിരിക്കുന്നു.
20എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാൻ സംസാരിക്കും;
എന്റെ അധരം തുറന്നു ഉത്തരം പറയും.
21ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല;
ആരോടും മുഖസ്തുതി പറകയുമില്ല.
22മുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ;
അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in