YouVersion Logo
Search Icon

എസ്രാ 5

5
1 # ഹഗ്ഗായി 1:1; സെഖര്യാവു 1:1 എന്നാൽ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്റെ മകൻ സെഖര്യാവും എന്ന പ്രവാചകന്മാർ യെഹൂദയിലും യെരൂശലേമിലും ഉള്ള യെഹൂദന്മാരോടു തങ്ങളുടെമേൽ വിളിക്കപ്പെട്ട യിസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ പ്രവചിച്ചു. 2#ഹഗ്ഗായി 1:12; സെഖര്യാവു 4:6-9അങ്ങനെ ശെയൽതീയേലിന്റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്റെ മകനായ യേശുവയും എഴുന്നേറ്റു യെരൂശലേമിലെ ദൈവാലയം പണിവാൻ തുടങ്ങി; ദൈവത്തിന്റെ പ്രവാചകന്മാർ അവരോടുകൂടെ ഇരുന്നു അവരെ സഹായിച്ചു. 3ആ കാലത്തു നദിക്കു ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്നു അവരോടു: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്കു ആർ കല്പന തന്നു എന്നു ചോദിച്ചു. 4ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്തു എന്നും അവരോടു ചോദിച്ചു. 5എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ടു ഈ കാര്യം ദാര്യാവേശിന്റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവർ അവരുടെ പണി മുടക്കിയില്ല.
6നദിക്കു ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും നദിക്കു ഇക്കരെയുള്ള അഫർസ്യരായ അവന്റെ കൂട്ടക്കാരും ദാര്യാവേശ്‌രാജാവിന്നു എഴുതി അയച്ച പത്രികയുടെ പകർപ്പു; 7അവർ അവന്നു ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയതു എന്തെന്നാൽ: ദാര്യാവേശ്‌രാജാവിന്നു സർവ്വമംഗലവും ഭവിക്കട്ടെ. 8രാജാവിനെ ബോധിപ്പിപ്പാൻ: ഞങ്ങൾ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്റെ ആലയത്തിലേക്കു ചെന്നു; അതു അവർ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവർ ജാഗ്രതയായി പണിനടത്തുന്നു; അവർക്കു സാധിച്ചും വരുന്നു. 9ഞങ്ങൾ ആ മൂപ്പന്മാരോടു: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങൾക്കു കല്പന തന്നതു ആരെന്നു ചോദിച്ചു. 10അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തിൽ അയക്കേണ്ടതിന്നു ഞങ്ങൾ അവരുടെ പേരും അവരോടു ചോദിച്ചു. 11എന്നാൽ അവർ ഞങ്ങളോടു: ഞങ്ങൾ സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായിരിക്കുന്നവന്റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പെ പണിതിരുന്ന ആലയം ഞങ്ങൾ പണിയുന്നു. അതു യിസ്രായേലിന്റെ ഒരു മഹാരാജാവു പണിതതായിരുന്നു. 12#2. രാജാക്കന്മാർ 25:8-12; 2. ദിനവൃത്താന്തം 36:17-20; യിരെമ്യാവു 52:12-15എങ്കിലും ഞങ്ങളുടെ പിതാക്കന്മാർ സ്വർഗ്ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ടു അവൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കയ്യിൽ ഏല്പിച്ചു; അവൻ ഈ ആലയം നശിപ്പിച്ചു ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി. 13#എസ്രാ 1:2-11എന്നാൽ ബാബേൽ രാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ കോരെശ്‌രാജാവു ഈ ദൈവാലയം പണിവാൻ കല്പന തന്നു. 14നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തു ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വെച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‌രാജാവു ബാബേലിലെ ക്ഷേത്രത്തിൽനിന്നു എടുപ്പിച്ചു താൻ നിയമിച്ചിരുന്ന ശേശ്ബസ്സർ എന്നു പേരുള്ള ദേശാധിപതിക്കു ഏല്പിച്ചുകൊടുത്തു അവനോടു: 15ഈ ഉപകരണങ്ങൾ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു. 16അങ്ങനെ ശേശ്ബസ്സർ വന്നു യെരൂശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു; അന്നുമുതൽ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീർന്നിട്ടില്ല എന്നു അവർ ഉത്തരം പറഞ്ഞിരിക്കുന്നു. 17ആകയാൽ രാജാവു തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാൻ കോരെശ്‌രാജാവു കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ ശോധന കഴിച്ചു ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങൾക്കു എഴുതി അയച്ചുതരേണമെന്നു അപേക്ഷിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in