YouVersion Logo
Search Icon

യെഹെസ്കേൽ 24

24
1ഒമ്പതാം ആണ്ടു പത്താം മാസം, പത്താം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 2#2. രാജാക്കന്മാർ 25:1; യിരെമ്യാവു 52:4മനുഷ്യപുത്രാ, ഈ തിയ്യതി ഇന്നത്തെ തിയ്യതി തന്നേ, എഴുതിവെക്കുക; ഇന്നുതന്നേ ബാബേൽരാജാവു യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു. 3നീ മത്സരഗൃഹത്തോടു ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വെക്ക; വെച്ചു അതിൽ വെള്ളം ഒഴിക്ക. 4മാംസകഷണങ്ങൾ, തുട, കൈക്കുറകു മുതലായ നല്ല കഷണങ്ങൾ ഒക്കെയും തന്നേ എടുത്തു അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങൾകൊണ്ടു അതിനെ നിറെക്കുക. 5ആട്ടിൻ കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്നു, അതിന്റെ കീഴെ വിറകു അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്റെ അസ്ഥികൾ അതിന്നകത്തു കിടന്നു വേകട്ടെ. 6അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവുള്ളതും ക്ലാവു വിട്ടുപോകാത്തതുമായ കുട്ടകത്തിന്നു, രക്തപാതകമുള്ള നഗരത്തിന്നു തന്നേ, അയ്യോ കഷ്ടം! അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്ക; ചീട്ടു അതിന്മേൽ വീണിട്ടില്ല. 7അവൾ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മദ്ധ്യേ ഉണ്ടു; അവൾ അതു വെറും പാറമേലത്രേ ചൊരിഞ്ഞതു; മണ്ണുകൊണ്ടു മൂടുവാൻ തക്കവണ്ണം അതു നിലത്തു ഒഴിച്ചില്ല. 8ക്രോധം വരുത്തേണ്ടതിന്നും പ്രതികാരം ചെയ്യേണ്ടതിന്നും ഞാൻ, അവൾ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽ തന്നേ നിർത്തിയിരിക്കുന്നു. 9അതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന്നു അയ്യോ കഷ്ടം! ഞാൻ വിറകുകൂമ്പാരം വലുതാക്കും. 10വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികൾ വെന്തുപോകട്ടെ. 11അതിന്റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന്നു അതിന്റെ കറ അതിൽ ഉരുകേണ്ടതിന്നും അതിന്റെ ക്ലാവു ഇല്ലാതെയാകേണ്ടതിന്നും അതു ഒഴിച്ചെടുത്തു കനലിന്മേൽ വെക്കുക. 12അവൾ അദ്ധ്വാനംകൊണ്ടു തളർന്നുപോയി; അവളുടെ കനത്ത ക്ലാവു അവളെ വിട്ടുപോകുന്നില്ല. അവളുടെ ക്ലാവു തീയാലും വിട്ടുപോകുന്നില്ല. 13നിന്റെ മലിനമായ ദുർമ്മര്യാദനിമിത്തം ഞാൻ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാൻ എന്റെ ക്രോധം നിന്റെമേൽ തീർക്കുവോളം ഇനി നിന്റെ മലിനത നീങ്ങി നീ ശുദ്ധയായ്തീരുകയില്ല. 14യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാൻ അതു അനുഷ്ഠിക്കും; ഞാൻ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല, നിന്റെ നടപ്പിന്നും ക്രിയകൾക്കും തക്കവണ്ണം അവർ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
15യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 16മനുഷ്യപുത്രാ, ഞാൻ നിന്റെ കണ്ണിന്റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്നു എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീർ വാർക്കുകയോ ചെയ്യരുതു. 17നീ മൗനമായി നെടുവീർപ്പിട്ടുകൊൾക; മൃതവിലാപം കഴിക്കരുതു; തലെക്കു തലപ്പാവു കെട്ടി കാലിന്നു ചെരിപ്പിടുക; അധരം മൂടരുതു; മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നുകയും അരുതു. 18അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്തു എന്റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാൻ പിറ്റെ രാവിലെ ചെയ്തു. 19അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു. 20അതിന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞതു: യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ: 21നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഗർവ്വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛയും ആയിരിക്കുന്ന എന്റെ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കും; നിങ്ങൾ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും. 22ഞാൻ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങൾ അധരം മൂടാതെയും മറ്റുള്ളവർ കൊടുത്തയക്കുന്ന അപ്പം തിന്നാതെയും ഇരിക്കും. 23നിങ്ങളുടെ തലപ്പാവു തലയിലും ചെരിപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നേ ക്ഷയിച്ചു തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും. 24ഇങ്ങനെ യെഹെസ്കേൽ നിങ്ങൾക്കു ഒരടയാളം ആയിരിക്കും; അവൻ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവു എന്നു നിങ്ങൾ അറിയും.
25മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാൻ അവരിൽനിന്നു എടുത്തുകളയുന്ന നാളിൽ, 26ആ നാളിൽ തന്നേ, ചാടിപ്പോകുന്ന ഒരുത്തൻ നിന്റെ അടുക്കൽ വന്നു വസ്തുത നിന്നെ പറഞ്ഞു കേൾപ്പിക്കും; 27ചാടിപ്പോയവനോടു സംസാരിപ്പാൻ അന്നു നിന്റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവർക്കു ഒരു അടയാളമായിരിക്കും; ഞാൻ യഹോവ എന്നു അവർ അറിയും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in