YouVersion Logo
Search Icon

പുറപ്പാടു 9

9
1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 2വിട്ടയപ്പാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ, 3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധിയുണ്ടാകും. 4യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വെക്കും; യിസ്രായേൽമക്കൾക്കുള്ള സകലത്തിലും ഒന്നും ചാകയില്ല. 5നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു. 6അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. 7ഫറവോൻ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല.
8പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീർ കൈനിറച്ചു വാരുവിൻ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ. 9അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിൻമേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു. 10#വെളിപ്പാടു 16:2അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോൾ അതു മനുഷ്യരുടെ മേലും മൃഗങ്ങളിൻ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീർന്നു. 11പരുനിമിത്തം മന്ത്രവാദികൾക്കു മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാമിസ്രയീമ്യർക്കും ഉണ്ടായിരുന്നു. 12എന്നാൽ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
13അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: നീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക. 14സർവ്വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന്നു ഈ പ്രാവശ്യം ഞാൻ എന്റെ ബാധകളൊക്കെയും നിന്റെ മേലും നിന്റെ ഭൃത്യന്മാരുടെ മേലും നിന്റെ ജനത്തിന്മേലും അയക്കും. 15ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽ നിന്നു ഛേദിച്ചുകളയുമായിരുന്നു. 16#റോമർ 9:17എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു. 17എന്റെ ജനത്തെ അയക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞു നിർത്തുന്നു. 18മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്തു പെയ്യിക്കും. 19അതുകൊണ്ടു ഇപ്പോൾ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊൾക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും. 20ഫറവോന്റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു. 21എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നേ വിട്ടേച്ചു.
22പിന്നെ യഹോവ മോശെയോടു: മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീംദേശത്തുള്ള സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു. 23മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു. 24#വെളിപ്പാടു 8:7; 16:21ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല. 25മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു. 26യിസ്രായേൽമക്കൾ പാർത്ത ഗോശെൻദേശത്തു മാത്രം കല്മഴ ഉണ്ടായില്ല. 27അപ്പോൾ ഫറവോൻ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടു: ഈ പ്രാവശ്യം ഞാൻ പാപം ചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്റെ ജനവും ദുഷ്ടന്മാർ. 28യഹോവയോടു പ്രാർത്ഥിപ്പിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാൻ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു. 29മോശെ അവനോടു: ഞാൻ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോൾ യഹോവയിങ്കലേക്കു കൈ മലർത്തും; ഭൂമി യഹോവെക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല. 30എന്നാൽ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 31അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു. 32എന്നാൽ കോതമ്പും ചോളവും വളർന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല. 33മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല. 34എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. 35യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in