YouVersion Logo
Search Icon

സഭാപ്രസംഗി 8

8
1ജ്ഞാനിക്കു തുല്യനായിട്ടു ആരുള്ളു? കാര്യത്തിന്റെ പൊരുൾ അറിയുന്നവൻ ആർ? മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു. 2ദൈവസന്നിധിയിൽ ചെയ്ത സത്യം ഓർത്തിട്ടു രാജാവിന്റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. 3നീ അവന്റെ സന്നിധി വിട്ടുപോകുവാൻ ബദ്ധപ്പെടരുതു; ഒരു ദുഷ്കാര്യത്തിലും ഇടപെടരുതു; അവൻ തനിക്കു ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ. 4രാജകല്പന ബലമുള്ളതു; നീ എന്തു ചെയ്യുന്നു എന്നു അവനോടു ആർ ചോദിക്കും? 5കല്പന പ്രമാണിക്കുന്നവന്നു ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു. 6സകല കാര്യത്തിന്നും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്റെ അരിഷ്ടത അവന്നു ഭാരമായിരിക്കുന്നു. 7സംഭവിപ്പാനിരിക്കുന്നതു അവൻ അറിയുന്നില്ലല്ലോ; അതു എങ്ങനെ സംഭവിക്കും എന്നു അവനോടു ആർ അറിയിക്കും? 8ആത്മാവിനെ തടുപ്പാൻ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല. 9ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യന്നു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള കാലത്തു സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തിയിലും ഞാൻ ദൃഷ്ടിവെച്ചു. ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു വിശ്രാമം പ്രാപിക്കുന്നതും 10നേർ പ്രവർത്തിച്ചവർ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാൻ കണ്ടു; അതും മായ അത്രേ. 11ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു. 12പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു. 13എന്നാൽ ദുഷ്ടന്നു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല. 14ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ടു: നീതിമാന്മാർക്കു ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാർക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായ അത്രേ എന്നു ഞാൻ പറഞ്ഞു. 15ആകയാൽ ഞാൻ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ചു സന്തോഷിക്കുന്നതല്ലാതെ മനുഷ്യന്നു സൂര്യന്റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്റെ കീഴിൽ അവന്നു നല്കുന്ന ആയുഷ്കാലത്തു അവന്റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നതു ഇതുമാത്രമേയുള്ളു. 16ഭൂമിയിൽ നടക്കുന്ന കാര്യം കാണ്മാനും - മനുഷ്യന്നു രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ - ജ്ഞാനം ഗ്രഹിപ്പാനും ഞാൻ മനസ്സുവെച്ചപ്പോൾ 17സൂര്യന്റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാൻ മനുഷ്യന്നു കഴിവില്ല എന്നിങ്ങനെ ഞാൻ ദൈവത്തിന്റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യൻ എത്ര പ്രയാസപ്പെട്ടു അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നേയും അതിനെ ഗ്രഹിപ്പാൻ നിരൂപിച്ചാൽ അവന്നു സാധിക്കയില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in