YouVersion Logo
Search Icon

ദാനീയേൽ 5

5
1ബേൽശസ്സർരാജാവു തന്റെ മഹത്തുക്കളിൽ ആയിരം പേർക്കു ഒരു വലിയ വിരുന്നു ഒരുക്കി അവർ കാൺകെ വീഞ്ഞു കുടിച്ചു. 2ബേൽശസ്സർ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോൾ, തന്റെ അപ്പനായ നെബൂഖദ്നേസർ യെരൂശലേമിലെ മന്ദിരത്തിൽനിന്നു എടുത്തുകൊണ്ടുവന്നിരുന്ന പൊൻ, വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിന്നായി കൊണ്ടുവരുവാൻ കല്പിച്ചു. 3അങ്ങനെ അവർ യെരൂശലേമിലെ ദൈവാലയത്തിന്റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊൻപാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു. 4അവർ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരിമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു. 5തൽക്ഷണം ഒരു മനുഷ്യന്റെ കൈവിരലുകൾ പുറപ്പെട്ടു വിളക്കിന്നു നേരെ രാജധാനിയുടെ ചുവരിന്റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവു കണ്ടു. 6ഉടനെ രാജാവിന്റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പു അഴിഞ്ഞു കാൽമുട്ടുകൾ ആടിപ്പോയി. 7രാജാവു ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാൻ കല്പിച്ചു. രാജാവു ബാബേലിലെ വിദ്വാന്മാരോടു: ആരെങ്കിലും ഈ എഴുത്തു വായിച്ചു അർത്ഥം അറിയിച്ചാൽ, അവൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊൻമാലയും ധരിച്ചു, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു. 8അങ്ങനെ രാജാവിന്റെ വിദ്വാന്മാരൊക്കെയും അകത്തുവന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അർത്ഥം അറിയിപ്പാനും അവർക്കു കഴിഞ്ഞില്ല. 9അപ്പോൾ ബേൽശസ്സർരാജാവു അത്യന്തം വ്യാകുലപ്പെട്ടു, അവന്റെ മുഖഭാവം മാറി, അവന്റെ മഹത്തുക്കൾ അമ്പരന്നു പോയി. 10രാജാവിന്റെ മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുതു; മുഖഭാവം മാറുകയും അരുതു. 11വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമനസ്സിലെ രാജ്യത്തുണ്ടു; തിരുമേനിയുടെ അപ്പന്റെ കാലത്തു പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസർരാജാവു, രാജാവേ, തിരുമേനിയുടെ അപ്പൻ തന്നേ, 12ബേല്ത്ത് ശസ്സർ എന്നു പേരുവിളിച്ച ദാനീയേലിൽ ഉൽകൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാർത്ഥവാക്യ പ്രദർശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവു അവനെ മന്ത്രവാദികൾക്കും ആഭിചാരകന്മാർക്കും കല്ദയർക്കും ശകുനവാദികൾക്കും അധിപതിയാക്കിവെച്ചു; ഇപ്പോൾ ദാനീയേലിനെ വിളിക്കട്ടെ; അവൻ അർത്ഥം ബോധിപ്പിക്കും എന്നു ഉണർത്തിച്ചു. 13അങ്ങനെ അവർ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവു ദാനീയേലിനോടു കല്പിച്ചതു: എന്റെ അപ്പനായ രാജാവു യെഹൂദയിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നേയോ? 14ദേവന്മാരുടെ ആത്മാവു നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു. 15ഇപ്പോൾ ഈ എഴുത്തു വായിച്ചു അർത്ഥം അറിയിക്കേണ്ടതിന്നു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്റെ അർത്ഥം അറിയിപ്പാൻ അവർക്കു കഴിഞ്ഞില്ല. 16എന്നാൽ അർത്ഥം പറവാനും സംശയച്ഛേദനം ചെയ്‌വാനും നീ പ്രാപ്തനെന്നു ഞാൻ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ചു, അതിന്റെ അർത്ഥം അറിയിപ്പാൻ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും. 17ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണർത്തിച്ചതു: ദാനങ്ങൾ തിരുമേനിക്കു തന്നേ ഇരിക്കട്ടെ; സമ്മാനങ്ങൾ മറ്റൊരുത്തന്നു കൊടുത്താലും; എഴുത്തു ഞാൻ രാജാവിനെ വായിച്ചു കേൾപ്പിച്ചു അർത്ഥം ബോധിപ്പിക്കാം; 18രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിന്നു രാജത്വവും മഹത്വവും പ്രതാപവും ബഹുമാനവും നല്കി. 19അവന്നു നല്കിയ മഹത്വം ഹേതുവായി സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവന്റെ മുമ്പിൽ ഭയപ്പെട്ടു വിറെച്ചു; തനിക്കു ബോധിച്ചവനെ അവൻ കൊല്ലുകയും ബോധിച്ചവനെ ജീവനോടെവെക്കയും ബോധിച്ചവനെ ഉയർത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു. 20എന്നാൽ അവന്റെ ഹൃദയം ഗർവ്വിച്ചു, അവന്റെ മനസ്സു അഹങ്കാരത്താൽ കഠിനമായിപ്പോയ ശേഷം അവൻ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവർ അവന്റെ മഹത്വം അവങ്കൽനിന്നു എടുത്തുകളഞ്ഞു. 21അങ്ങനെ അവൻ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്റെ ഹൃദയം മൃഗപ്രായമായ്തീർന്നു; അവന്റെ പാർപ്പു കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിന്നു നിയമിക്കയും ചെയ്യുന്നു എന്നു അവൻ അറിഞ്ഞതുവരെ അവന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു. 22അവന്റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ 23സ്വർഗ്ഗസ്ഥനായ കർത്താവിന്റെ നേരെ തന്നെത്താൻ ഉയർത്തി അവന്റെ ആലയത്തിലെ പാത്രങ്ങളെ അവർ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞു കുടിച്ചു; കാണ്മാനും കേൾപ്പാനും അറിവാനും വഹിയാത്ത പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, മരം, കല്ലു എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാവഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്വീകരിച്ചതുമില്ല. 24ആകയാൽ അവൻ ആ കൈപ്പത്തി അയച്ചു ഈ എഴുത്തു എഴുതിച്ചു. 25എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. 26കാര്യത്തിന്റെ അർത്ഥമാവിതു: മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിന്നു അന്തം വരുത്തിയിരിക്കുന്നു. 27തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. 28പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു. 29അപ്പോൾ ബേൽശസ്സരിന്റെ കല്പനയാൽ അവർ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവൻ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി. 30ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. 31മേദ്യനായ ദാര്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in