11
1നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ. 2ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. 3#ഉല്പത്തി 3:1-5,13എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. 5ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു. 6ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ. 7അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ? 8നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‌വാൻ ഞാൻ മറ്റു സഭകളെ കവർന്നു അവരോടു ചെലവിന്നു വാങ്ങി. 9#ഫിലിപ്പിയർ 4:15-18നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീർത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും. 10എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല. 11അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു. 12എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവർക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാര്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ. 13ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചര്യവുമല്ല; 14സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ. 15ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
16ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ. 17ഞാൻ ഈ സംസാരിക്കുന്നതു കർത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു. 18പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും. 19നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ. 20നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചുകൊണ്ടുപോയാലും ഒരുവൻ അഹംകരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ. 21അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തിൽ‒ഞാൻ ബുദ്ധിഹീനനായി പറയുന്നു‒ഞാനും ധൈര്യപ്പെടുന്നു. 22അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ; 23#അപ്പൊ. പ്രവൃത്തികൾ 16:23ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? ‒ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു‒ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി; 24#ആവർത്തനപുസ്തകം 25:3യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു; 25#അപ്പൊ. പ്രവൃത്തികൾ 16:22; അപ്പൊ. പ്രവൃത്തികൾ 14:19മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു. 26#അപ്പൊ. പ്രവൃത്തികൾ 9:23; അപ്പൊ. പ്രവൃത്തികൾ 14:5ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു; 27അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത 28എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു. 29ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു? 30പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും. 31നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. 32#അപ്പൊ. പ്രവൃത്തികൾ 9:23-25ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു. 33എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.