YouVersion Logo
Search Icon

2 രാജാ. 5

5
നയമാൻ സൗഖ്യം പ്രാപിക്കുന്നു
1അരാം രാജാവിന്‍റെ സൈന്യാധിപനായ നയമാൻ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്‍റെ യജമാനൻ അവനെ മഹാനും മാന്യനും ആയി കരുതി; അവൻ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.
2അരാമ്യ പടയാളികൾ യിസ്രായേൽ ദേശത്തു കവർച്ച നടത്തിയപ്പോൾ ഒരു ചെറിയ പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവൾ നയമാന്‍റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു. 3അവൾ തന്‍റെ യജമാനത്തിയോട്: “യജമാനൻ ശമര്യയിലെ പ്രവാചകന്‍റെ അടുക്കൽ പോയിരുന്നെങ്കിൽ അവൻ അവന്‍റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു” എന്നു പറഞ്ഞു.
4നയമാൻ തന്‍റെ യജമാനനോട്: “യിസ്രായേൽ ദേശക്കാരിയായ പെൺകുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു” എന്നു ബോധിപ്പിച്ചു. 5“നീ പോയി വരിക; ഞാൻ യിസ്രായേൽരാജാവിന് ഒരു എഴുത്തു തരാം” എന്നു അരാം രാജാവ് പറഞ്ഞു. അങ്ങനെ അവൻ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കൽ പൊന്നും പത്തു കൂട്ടം വസ്ത്രങ്ങളും എടുത്തു പുറപ്പെട്ടു. 6അവൻ യിസ്രായേൽ രാജാവിന്‍റെ അടുക്കൽ എഴുത്തും കൊണ്ടു ചെന്നു; അതിൽ: “ഈ എഴുത്ത് കൊണ്ടുവരുന്ന എന്‍റെ ഭൃത്യൻ നയമാന്‍റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിനു ഞാൻ അവനെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു എഴുതിയിരുന്നു.
7യിസ്രായേൽ രാജാവ് എഴുത്തു വായിച്ചപ്പോൾ വസ്ത്രം കീറി: “അവൻ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്‍റെ അടുക്കൽ അയച്ചിരിക്കുന്നു! കൊല്ലുവാനും ജീവിപ്പിക്കുവാനും ഞാൻ ദൈവമോ? നോക്കുവിൻ, അവൻ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ?” എന്നു പറഞ്ഞു.
8യിസ്രായേൽ രാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ രാജാവിന്‍റെ അടുക്കൽ ആളയച്ചു: “നീ വസ്ത്രം കീറിക്കളഞ്ഞത് എന്തിന്? അവൻ എന്‍റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകൻ ഉണ്ട് എന്നു അവൻ അറിയും” എന്നു പറയിച്ചു.
9അങ്ങനെ നയമാൻ രഥത്തോടും കുതിരകളോടുംകൂടി എലീശയുടെ വീട്ടുവാതില്‍ക്കൽ വന്നു നിന്നു. 10എലീശാ ആളയച്ചു: “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്കുക; അപ്പോൾ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും” എന്നു പറയിച്ചു.
11അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു അവിടെനിന്നും പുറപ്പെട്ടു; “അവൻ തന്നെ പുറത്തുവന്ന് എന്‍റെ അടുത്തുനിന്ന് തന്‍റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർത്ഥിച്ച് തന്‍റെ കൈ എന്‍റെ മീതെ ചലിപ്പിച്ച് കുഷ്ഠരോഗം സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു. 12ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളത്തെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ?” എന്നു പറഞ്ഞ് അവൻ ക്രോധത്തോടെ പോയി.
13എന്നാൽ അവന്‍റെ ഭൃത്യന്മാർ അടുത്തുവന്ന് അവനോട്: “പിതാവേ, പ്രവാചകൻ ഒരു വലിയ കാര്യം നിന്നോട് കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ: ‘കുളിച്ച് ശുദ്ധനാകുക’ എന്നു നിന്നോട് കല്പിച്ചാൽ എത്ര അധികം അനുസരിക്കേണ്ടതാണ്” എന്നു പറഞ്ഞു. 14അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്‍റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്‍റെ ദേഹം ചെറിയ ബാലന്‍റെ ദേഹം പോലെ ആയി; അവൻ ശുദ്ധനായി തീർന്നു.
15പിന്നെ അവൻ തന്‍റെ പരിവാരവുമായി ദൈവപുരുഷന്‍റെ അടുക്കൽ മടങ്ങിവന്ന് അവന്‍റെ മുമ്പിൽനിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു; ആകയാൽ അടിയന്‍റെ കയ്യിൽ നിന്നു ഒരു സമ്മാനം സ്വീകരിക്കണമേ” എന്നു പറഞ്ഞു.
16അതിന് അവൻ: “ഞാൻ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാൻ ഒന്നും സ്വീകരിക്കുകയില്ല” എന്നു പറഞ്ഞു. അവനെ നിർബ്ബന്ധിച്ചിട്ടും അവൻ ഒന്നും വാങ്ങിയില്ല.
17അപ്പോൾ നയമാൻ: “എന്നാൽ രണ്ടു കോവർകഴുതച്ചുമടു മണ്ണ് അടിയനു തരേണമേ; അടിയൻ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കുകയില്ല. 18ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ; എന്‍റെ യജമാനൻ നമസ്കരിപ്പാൻ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്നു എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോൾ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്നതിനു യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.”
19അവൻ അവനോട്: “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
ഗേഹസിയുടെ അത്യാഗ്രഹം
20നയമാൻ എലീശയുടെ സമീപത്തു നിന്നു ദൂരെ പോയശേഷം ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി: “അരാമ്യനായ നയമാൻ കൊണ്ടുവന്നത് എന്‍റെ യജമാനൻ അവന്‍റെ കയ്യിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാൻ അവന്‍റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങും” എന്നു പറഞ്ഞു. 21അങ്ങനെ അവൻ നയമാനെ പിന്തുടർന്നു. അവൻ തന്‍റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ രഥത്തിൽനിന്നിറങ്ങി അവനെ എതിരേറ്റ്: “സുഖം തന്നെയോ?” എന്നു ചോദിച്ചു.
22അതിന് അവൻ: “സുഖം തന്നെ; ഇപ്പോൾ പ്രവാചക ഗണത്തില്‍ രണ്ടു യൗവനക്കാർ എഫ്രയീംമലനാട്ടിൽനിന്ന് എന്‍റെ അടുക്കൽ വന്നിരിക്കുന്നു; അവർക്ക് ഒരു താലന്തു വെള്ളിയും#5:22 ഒരു താലന്തു വെള്ളിയും ഏകദേശം 34 ഗ്രാം രണ്ടുകൂട്ടം വസ്ത്രങ്ങളും തരേണമേ എന്നു പറയാൻ എന്‍റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
23“ദയവായി രണ്ടു താലന്തു വാങ്ങേണമേ” എന്നു നയമാൻ പറഞ്ഞു. അവൻ അവനെ നിർബ്ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും കെട്ടി തന്‍റെ ഭൃത്യന്മാരിൽ രണ്ടുപേരുടെ പക്കൽ കൊടുത്തു; അവർ അത് ചുമന്നുകൊണ്ട് അവന്‍റെ മുമ്പിൽ നടന്നു. 24കുന്നിനരികെ എത്തിയപ്പോൾ അവൻ അത് അവരുടെ കയ്യിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചിട്ട് ബാല്യക്കാരെ പറഞ്ഞയച്ചു. അവർ മടങ്ങി പോവുകയും ചെയ്തു.
25പിന്നെ അവൻ അകത്ത് കടന്ന് യജമാനന്‍റെ മുമ്പിൽനിന്നു. അപ്പോൾ എലീശാ അവനോട്: “ഗേഹസിയേ, നീ എവിടെ പോയിരുന്നു?” എന്നു ചോദിച്ചു.
“അടിയൻ എങ്ങും പോയില്ല” എന്നു അവൻ പറഞ്ഞു.
26അതിന് അവൻ: “ആ പുരുഷൻ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്‍റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിക്കുവാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ വാങ്ങുവാനും ഇതാകുന്നുവോ സമയം? 27ആകയാൽ നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും എന്നേക്കും ബാധിച്ചിരിക്കും” എന്നു അവനോട് പറഞ്ഞു. അവൻ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി എലീശയെ വിട്ടു പുറപ്പെട്ടുപോയി.

Currently Selected:

2 രാജാ. 5: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in