രൂത്ത് 3:1-6
രൂത്ത് 3:1-6 MALOVBSI
അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന് ഞാൻ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ? നീ ചേർന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാർച്ചക്കാരനല്ലയോ? അവൻ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു. ആകയാൽ നീ കുളിച്ച് തൈലംപൂശി വസ്ത്രം ധരിച്ച് കളത്തിൽ ചെല്ലുക; ആയാൾ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്. ഉറങ്ങുവാൻ പോകുമ്പോൾ അവൻ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊൾക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവൻ നിനക്കു പറഞ്ഞുതരും. അതിന് അവൾ: നീ പറയുന്നതൊക്കെയും ഞാൻ ചെയ്യാം എന്ന് അവളോടു പറഞ്ഞു. അങ്ങനെ അവൾ കളത്തിൽ ചെന്ന് അമ്മാവിയമ്മ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.