YouVersion Logo
Search Icon

റോമർ 9:1-15

റോമർ 9:1-15 MALOVBSI

ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല; എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ട് എന്ന് എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു. ജഡപ്രകാരം എന്റെ ചാർച്ചക്കാരായ എന്റെ സഹോദരന്മാർക്കുവേണ്ടി ഞാൻതന്നെ ക്രിസ്തുവിനോടു വേർവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു. അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവർക്കുള്ളവ; പിതാക്കന്മാരും അവർക്കുള്ളവർതന്നെ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉദ്ഭവിച്ചത്; അവൻ സർവത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്ന് ഉദ്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല: “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളൂ. അതിന്റെ അർഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു. “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാൽ ഗർഭം ധരിച്ചു, കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ” ദോഷമാകട്ടെ” ഒന്നും പ്രവർത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്: “മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു. “ഞാൻ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നാം എന്തു പറയേണ്ടൂ? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല. “എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവൻ മോശെയോട് അരുളിച്ചെയ്യുന്നു.