റോമർ 6:16-23
റോമർ 6:16-23 MALOVBSI
നിങ്ങൾ ദാസന്മാരായി അനുസരിപ്പാൻ നിങ്ങളെത്തന്നെ സമർപ്പിക്കയും നിങ്ങൾ അനുസരിച്ചുപോരുകയും ചെയ്യുന്നവനു ദാസന്മാർ ആകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകിൽ മരണത്തിനായി പാപത്തിന്റെ ദാസന്മാർ, അല്ലെങ്കിൽ നീതിക്കായി അനുസരണത്തിന്റെ ദാസന്മാർതന്നെ. എന്നാൽ നിങ്ങൾ പാപത്തിന്റെ ദാസന്മാർ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂർവം അനുസരിച്ച് പാപത്തിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീർന്നതുകൊണ്ട് ദൈവത്തിനു സ്തോത്രം. നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമത്തിനായി അശുദ്ധിക്കും അധർമത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമർപ്പിപ്പിൻ. നിങ്ങൾ പാപത്തിനു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതുതന്നെ. അതിന്റെ അവസാനം മരണമല്ലോ. എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.