റോമർ 5:1-11
റോമർ 5:1-11 MALOVBSI
വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്ക് ദൈവത്തോടു സമാധാനം ഉണ്ട്. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്ക് അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു. അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ് നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നുവല്ലോ. നാം ബലഹീനർ ആയിരിക്കുമ്പോൾതന്നെ ക്രിസ്തു തക്കസമയത്ത് അഭക്തർക്കുവേണ്ടി മരിച്ചു. നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുർലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും. ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾതന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പ് വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. അത്രയുമല്ല, നമുക്ക് ഇപ്പോൾ നിരപ്പു ലഭിച്ചതിനു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.