സങ്കീർത്തനങ്ങൾ 38:11-22
സങ്കീർത്തനങ്ങൾ 38:11-22 MALOVBSI
എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്റെ ചാർച്ചക്കാരും അകന്നു നില്ക്കുന്നു. എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർഥം അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു. എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു. യഹോവേ, നിങ്കൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരേ വമ്പു പറയുമല്ലോ. ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു. എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകയ്ക്കുന്നവർ പെരുകിയിരിക്കുന്നു. ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്കു വിരോധികളായി നന്മയ്ക്കുപകരം തിന്മ ചെയ്യുന്നു. യഹോവേ, എന്നെ കൈവിടരുതേ: എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ. എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനു വേഗം വരേണമേ.