YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 25:16-28

സദൃശവാക്യങ്ങൾ 25:16-28 MALOVBSI

നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ; അധികം നിറഞ്ഞിട്ടു ഛർദിപ്പാൻ ഇടവരരുത്. കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്. കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യൻ മുട്ടികയും വാളും കൂർത്ത അമ്പും ആകുന്നു. കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത് മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു. വിഷാദമുള്ള ഹൃദയത്തിനു പാട്ടു പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു. ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക. അങ്ങനെ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും. വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു. ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാർക്കുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ പാർക്കുന്നതു നല്ലത്. ദാഹമുള്ളവനു തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വർത്തമാനം വരുന്നതും ഒരുപോലെ. ദുഷ്ടന്റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാൻ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം. തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം. ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.