ഫിലിപ്പിയർ 1:12-21
ഫിലിപ്പിയർ 1:12-21 MALOVBSI
സഹോദരന്മാരേ, എനിക്കു ഭവിച്ചത് സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീർന്നു എന്ന് നിങ്ങൾ അറിവാൻ ഞാൻ ഇച്ഛിക്കുന്നു. എന്റെ ബന്ധനങ്ങൾ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിലൊക്കെയും ശേഷം എല്ലാവർക്കും തെളിവായി വരികയും സഹോദരന്മാർ മിക്കപേരും എന്റെ ബന്ധനങ്ങളാൽ കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാൻ അധികം തുനിയുകയും ചെയ്തിരിക്കുന്നു. ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ. അവർ സുവിശേഷത്തിന്റെ പ്രതിവാദത്തിനായിട്ടു ഞാൻ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താൽ ചെയ്യുന്നു. മറ്റവരോ എന്റെ ബന്ധനങ്ങളിൽ എനിക്കു ക്ലേശം വരുത്തുവാൻ ഭാവിച്ചുകൊണ്ട് നിർമ്മലതയോടെയല്ല ശാഠ്യത്താൽ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്? നാട്യമായിട്ടോ പരമാർഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും. നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അത് എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാൻ അറിയുന്നു. അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളൂ എന്ന് പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു. എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.