YouVersion Logo
Search Icon

ഓബദ്യാവ് 1:8-15

ഓബദ്യാവ് 1:8-15 MALOVBSI

അന്നാളിൽ ഞാൻ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്. ഏശാവിന്റെ പർവതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാൻ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാർ ഭ്രമിച്ചുപോകും. നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും. നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാർ അവന്റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാർ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു. നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല. എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനർഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല. അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാൻ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല. സകല ജാതികൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽതന്നെ മടങ്ങിവരും.