സംഖ്യാപുസ്തകം 14:1-9
സംഖ്യാപുസ്തകം 14:1-9 MALOVBSI
അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവരോട്: മിസ്രയീംദേശത്തുവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലത്? എന്നു പറഞ്ഞു. നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്ക് മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നെയുടെ മകൻ കാലേബും വസ്ത്രം കീറി യിസ്രായേൽമക്കളുടെ സർവസഭയോടും പറഞ്ഞത് എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും. യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവർ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.