മർക്കൊസ് 13:1-10
മർക്കൊസ് 13:1-10 MALOVBSI
അവൻ ദൈവാലയത്തെ വിട്ടുപോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല്, എങ്ങനെയുള്ള പണി എന്ന് അവനോടു പറഞ്ഞു. യേശു അവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു. പിന്നെ അവൻ ഒലിവുമലയിൽ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു: അത് എപ്പോൾ സംഭവിക്കും? അതിന് എല്ലാം നിവൃത്തിവരുന്ന കാലത്തിന്റെ ലക്ഷണം എന്ത് എന്ന് ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും. എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാൽ അത് അവസാനമല്ല. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇത് ഈറ്റുനോവിന്റെ ആരംഭമത്രേ. എന്നാൽ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽ വച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുമ്പാകെ അവർക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും. എന്നാൽ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.