മർക്കൊസ് 1:23-45
മർക്കൊസ് 1:23-45 MALOVBSI
അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ച്: നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്ത്? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നെ എന്നു പറഞ്ഞു. യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു. അപ്പോൾ അശുദ്ധാത്മാവ് അവനെ ഇഴച്ച്, ഉറക്കെ നിലവിളിച്ച് അവനെ വിട്ടുപോയി. എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്ത്? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു. അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാട് എങ്ങും പരന്നു. അനന്തരം അവർ പള്ളിയിൽനിന്ന് ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു. അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ച് അവനോടു പറഞ്ഞു. അവൻ അടുത്തു ചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു. വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നുകൂടിയിരുന്നു. നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല. അതികാലത്ത് ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിർജനസ്ഥലത്തു ചെന്നു പ്രാർഥിച്ചു. ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്ന്, അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോട്: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു. ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്ന് അപേക്ഷിച്ചു. യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു: മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവനു ശുദ്ധി വന്നു. യേശു അവനെ അമർച്ചയായി ശാസിച്ചു: നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാൽ ചെന്നു പുരോഹിതനു നിന്നെത്തന്നെ കാണിച്ച്, നിന്റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവർക്കു സാക്ഷ്യത്തിനായി അർപ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു. അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിനു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ട് അവൻ പുറത്തു നിർജനസ്ഥലങ്ങളിൽ പാർത്തു; എല്ലാടത്തുനിന്നും ആളുകൾ അവന്റെ അടുക്കൽ വന്നുകൂടി.